താമരശ്ശേരി: ടിപ്പര്‍ ലോറി ഡ്രൈവറുടെ അശ്രദ്ധയിൽ നാല് മക്കൾക്ക് നഷ്ടമായത് തങ്ങളുടെ പുന്നാര ഉമ്മയെ. പുനൂർ ഇശാഅത് സ്കൂളിലെ ഒന്നാം ക്ലാസിൽ പഠിക്കുന്ന മുഹമ്മദ് ആരിഫിനെയും രണ്ടാം ക്ലാസിൽ പഠിക്കുന്ന സമാൻ ആബിദിനെയും ഒരുക്കി സ്കൂള്‍ ബസില്‍ കയറ്റി വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഉമ്മയുടെ ജീവനാണ് ടിപ്പര്‍ ലോറി കവര്‍ന്നെടുത്തത്.
താമരശ്ശേരി ചുങ്കംപനന്തോട്ടം ഓര്‍ക്കിഡ് ഹൗസിങ് കോളനിയില്‍ താമസക്കുന്ന ആബിദ് അടിവാരത്തിന്റെ ഭാര്യ ഫാത്തിമത്തു സാജിതയാണ് (38) വെള്ളിയാഴ്ച രാവിലെ ടിപ്പര്‍ ലോറിയിടിച്ചു മരിച്ചത്. ദിവസവും മക്കളായ സമാനെയും ആരിഫിനെയും സ്കൂള്‍ ബസില്‍ കയറ്റിവിടാന്‍ ഉമ്മ തന്നെയാണ് കൂട്ടുപോകാറുണ്ടായിരുന്നത്. ജോലിയുമായി ബന്ധപ്പെട്ട് പലയിടങ്ങളിലായി പോകുന്ന പിതാവില്ലാത്തപ്പോള് കുരുന്നുകള്‍ക്ക് കരുത്തായിരുന്നു ഈ മാതാവ്.
കുട്ടികളെ ബസില്‍ കയറ്റി യാത്രയാക്കി എതിര്‍വശത്തെ വീട്ടിലേക്ക് പോകാനിരിക്കെയാണ് ടിപ്പര്‍ ലോറി ഫാത്തിമയെ ഇടിച്ചത്. കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയില്‍ താമരശ്ശേരി ചുങ്കത്തെ ഫോറസ്റ്റ് ഓഫിസിന് സമീപത്തായിരുന്നു അപകടം.
കൊയിലാണ്ടി ഭാഗത്തു നിന്നും ചുങ്കം ഭാഗത്തേക്ക് വന്ന റോഡ് നിർമാണ കരാറുകാരായ ശ്രീധന്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ടിപ്പര്‍ ലോറിയാണ് ജീവനെടുത്തത്. ടിപ്പർ ലോറി അമിത വേഗത്തിലായിരുന്നെന്ന് ആക്ഷേപമുണ്ട്. ആഴ്ചകൾക്കു മുമ്പ് ഈ കമ്പനിയുടെ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരിക്ക് പരിക്കേറ്റിരുന്നു. മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് ടിപ്പര്‍ ലോറി ഡ്രൈവര്‍ക്കെതിരെ താമരശ്ശേരി പൊലീസ് കേസെടുത്തിരിക്കുകയാണ്.
ഫാത്തിമത്തു സാജിതയുടെ ദാരുണ വേര്‍പാട് പ്രദേശത്തെയാകെ ദുഃഖത്തിലാക്കി. ഫാത്തിമത്തു സാജിതയുടെ സഹോദരൻ സാജിദ് വർഷങ്ങൾക്കു മുമ്പ് ബൈക്കപകടത്തിൽ മരിച്ചിരുന്നു. ഈ ആഘാതത്തിൽ നിന്നു മോചിതരാകുന്നതിനു മുമ്പ് തന്നെയാണ് കുടുംബത്തെ തീരാ ദുഃഖത്തിലാക്കി മറ്റൊരപകട മരണം കൂടിയുണ്ടാകുന്നത്. മറ്റു മക്കളായ ദിയ എളേറ്റിൽ എം.ജെ. സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയും ഇർഷാദ് നീലഗിരി കോളജിൽ ബിരുദ വിദ്യാർഥിയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.