രണ്ട് സ്വാശ്രയ മെഡി. കോളജുകളിലെ പ്രവേശനടപടികള്‍ റദ്ദാക്കി

തിരുവനന്തപുരം: രണ്ട് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ എം.ബി.ബി.എസ് പ്രവേശനടപടികള്‍ ജസ്റ്റിസ് ജയിംസ് കമ്മിറ്റി റദ്ദാക്കി. കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ്, പാലക്കാട് കരുണ മെഡിക്കല്‍ കോളജ് എന്നിവയിലെ വിദ്യാര്‍ഥി പ്രവേശമാണ് റദ്ദാക്കിയത്. അപേക്ഷകരുടെ വിവരങ്ങള്‍ മറച്ചുവെച്ച് അടൂര്‍ മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളജ് പ്രസിദ്ധീകരിച്ച 30 വിദ്യാര്‍ഥികളുടെ പട്ടികയും റദ്ദാക്കി.  
രണ്ട് കോളജുകളും ഓണ്‍ലൈനായി വീണ്ടും അപേക്ഷ സ്വീകരിച്ച് പ്രവേശം നടത്തണമെന്നും കമ്മിറ്റി ഉത്തരവിട്ടിട്ടുണ്ട്. അപേക്ഷകരുടെ പട്ടികയും അഖിലേന്ത്യാ പ്രവേശപരീക്ഷയിലെ റാങ്ക് വിവരവും പ്രസിദ്ധപ്പെടുത്താത്ത മറ്റ് മൂന്ന് കോളജുകള്‍ക്ക് ജയിംസ് കമ്മിറ്റി നോട്ടീസും നല്‍കി. മാനേജ്മെന്‍റ്, എന്‍.ആര്‍.ഐ സീറ്റുകളിലേക്ക് ഓണ്‍ലൈന്‍ പ്രവേശനടപടികള്‍ സ്വീകരിക്കുന്നതില്‍ ജയിംസ് കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനെതുടര്‍ന്നാണ് നടപടികള്‍. സര്‍ക്കാറുമായി ഇതുവരെ കരാര്‍ ഒപ്പുവെക്കാത്ത കോളജുകളാണ് കരുണയും കണ്ണൂരും. മുഴുവന്‍ സീറ്റുകളിലും സ്വന്തംനിലക്ക് പ്രവേശം നടത്താനുള്ള നീക്കമാണ് ഇരു കോളജുകളും നടത്തിയത്.
സെപ്റ്റംബര്‍ പത്ത് വരെ ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കാനായിരുന്നു കരുണ മെഡിക്കല്‍ കോളജിനുള്ള നിര്‍ദേശം. എന്നാല്‍ ഇവര്‍ സെപ്റ്റംബര്‍ ആറിന് തന്നെ അപേക്ഷ സ്വീകരിക്കുന്നത് അവസാനിപ്പിച്ചതായി കമ്മിറ്റി കണ്ടത്തെി. തുടര്‍ന്ന് അപേക്ഷ സ്വീകരിക്കുന്ന തീയതി 19 വരെ നീട്ടി കമ്മിറ്റി ഉത്തരവിട്ടു.
 എന്നാല്‍, അപേക്ഷ സ്വീകരിക്കാന്‍ കോളജ് ഓണ്‍ലൈന്‍ സൗകര്യം ഒരുക്കിനല്‍കിയില്ല. വിദ്യാര്‍ഥി പ്രവേശനടപടിയില്‍ കോളജ് വീഴ്ചവരുത്തിയെന്ന് കണ്ടാണ് പ്രവേശനടപടികള്‍ കമ്മിറ്റി റദ്ദ് ചെയ്തത്. വീണ്ടും 19 വരെ ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കാനും കമ്മിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകളിലേക്ക് ഓണ്‍ലൈനായി അല്ലാതെ അപേക്ഷിച്ച മുഴുവന്‍ വിദ്യാര്‍ഥികളും ഓണ്‍ലൈനായി തന്നെ അപേക്ഷ സമര്‍പ്പിക്കണമെന്നും കമ്മിറ്റി നിര്‍ദേശം നല്‍കി. ഓണ്‍ലൈന്‍ അപേക്ഷയിലൂടെയല്ലാതെയുള്ള പ്രവേശം കമ്മിറ്റിയും ആരോഗ്യ സര്‍വകലാശാലയും അംഗീകരിക്കില്ളെന്നും ഉത്തരവില്‍ പറയുന്നു. കണ്ണൂര്‍ മെഡിക്കല്‍ കോളജ് ഓണ്‍ലൈന്‍ സംവിധാനം  സജ്ജമാക്കാതെ നേരിട്ട് അപേക്ഷ വാങ്ങുകയായിരുന്നു. വിദ്യാര്‍ഥി പ്രവേശത്തിലെ സുതാര്യത ഇല്ലാതാക്കാനാണ് കോളജ് ശ്രമിച്ചതെന്ന് ജയിംസ് കമ്മിറ്റിയുടെ ഉത്തരവില്‍ പറയുന്നു. അപേക്ഷകരുടെ വിവരങ്ങള്‍ പൂര്‍ണമായും വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാത്തതിനെ തുടര്‍ന്നാണ് മൗണ്ട് സിയോണിനെതിരായ നടപടി.
കോളജ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച 30 പേരുടെ പട്ടികയാണ് ജയിംസ് കമ്മിറ്റി റദ്ദ് ചെയ്തത്. യോഗ്യതയുള്ള വിദ്യാര്‍ഥികളുടെ പട്ടിക പുന$പ്രസിദ്ധീകരിക്കാന്‍ പ്രിന്‍സിപ്പലിന് നിര്‍ദേശവും നല്‍കി.  
  ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് രജിസ്ട്രേഷന്‍ നല്‍കേണ്ടെന്ന് ആരോഗ്യ സര്‍വകലാശാലക്കും ജയിംസ് കമ്മിറ്റി നിര്‍ദേശം നല്‍കി. ഓണ്‍ലൈനിലൂടെ അല്ലാതെ നേരിട്ട് അപേക്ഷിച്ചവര്‍ ഇരു കോളജുകളിലും എം.ബി.ബി.എസ് പ്രവേശം നേടരുതെന്നും  ജയിംസ് കമ്മിറ്റിയുടെ അംഗീകാരമില്ലാതെ പ്രവേശംനേടുന്നവര്‍ക്ക് സര്‍വകലാശാലയില്‍ രജിസ്ട്രേഷന്‍ അനുവദിക്കില്ളെന്ന് ആരോഗ്യവകുപ്പും അറിയിച്ചിട്ടുണ്ട്.
പ്രവേശംനേടിയ വിദ്യാര്‍ഥികളുടെ പട്ടിക പ്രസിദ്ധീകരിക്കുന്നതില്‍ വീഴ്ചവരുത്തിയതിന് ഗോകുലം, പി.കെ. ദാസ്, ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജുകള്‍ക്കാണ് ജയിംസ് കമ്മിറ്റി നോട്ടീസ് നല്‍കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.