കോഴിക്കോട്: ഇന്‍റര്‍വ്യൂ നടത്തുന്ന സെലക്ഷന്‍ കമ്മിറ്റിയിലെ സര്‍ക്കാര്‍ പ്രതിനിധിയെ ലഭിക്കുന്നതിനുള്ള മാനേജര്‍മാരുടെ അപേക്ഷ റീജനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ വഴിയാക്കിയതോടെ സംസ്ഥാനത്തെ എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപക നിയമനം അവതാളത്തിലായി. പുതിയ അധ്യയനവര്‍ഷം തുടങ്ങി ആഴ്ചകള്‍ പിന്നിട്ടിട്ടും സംസ്ഥാനത്തെ ഭൂരിപക്ഷം എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും അധ്യാപകരെ നിയമിക്കാനായില്ല. പുതിയ ഉത്തരവിന് അനുസരിച്ച് ഹയര്‍ സെക്കന്‍ഡറി റീജനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ (ആര്‍.ഡി.ഡി) ഉണര്‍ന്നു പ്രവര്‍ത്തിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.
ഹയര്‍ സെക്കന്‍ഡറി അധ്യാപക നിയമനത്തിനുള്ള സെലക്ഷന്‍ കമ്മിറ്റിയിലെ സര്‍ക്കാര്‍ പ്രതിനിധിയെ ലഭിക്കുന്നതിന് പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് നേരിട്ട് അപേക്ഷ സമര്‍പ്പിച്ചിരുന്ന രീതി മാറ്റിയതാണ് വിനയായത്. തസ്തികയുടെ സ്വഭാവം, ഒഴിവ് തുടങ്ങിയവ സൂചിപ്പിക്കുന്ന വിശദവിവരങ്ങളാണ് സെക്രട്ടറിക്ക് സമര്‍പ്പിച്ചിരുന്നത്. അപേക്ഷ ലഭിച്ച് രണ്ടാഴ്ചക്കകം ഡെപ്യൂട്ടി കലക്ടര്‍ക്ക് തുല്യമായ ഉദ്യോഗസ്ഥനെ അനുവദിക്കുകയും ചെയ്തു. 2001മുതല്‍ തുടര്‍ന്ന പതിവ് 2016 ഫെബ്രുവരി രണ്ടിനാണ് അവസാനിപ്പിച്ചത്.
സര്‍ക്കാര്‍ പ്രതിനിധിയെ ആവശ്യപ്പെട്ടുള്ള അപേക്ഷ, സ്കൂള്‍ സ്ഥിതിചെയ്യുന്ന മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ മുഖേനെ പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് അയക്കാനാണ് ഉത്തരവിലൂടെ നിര്‍ദേശിച്ചത്. ഒറ്റനോട്ടത്തില്‍ വലിയ പ്രശ്നമില്ലാത്ത ഉത്തരവായാണ് സ്കൂള്‍ മാനേജര്‍മാര്‍ ഇതിനെ കണ്ടത്. എന്നാല്‍, ആര്‍.ഡി.ഡിക്ക് ലഭിക്കുന്ന അപേക്ഷ ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ വഴി വിദ്യാഭ്യാസ സെക്രട്ടറിക്ക് ലഭിക്കാന്‍ മാസങ്ങളാണ് എടുക്കുന്നത്. അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ ആര്‍.ഡി.ഡിമാര്‍ക്ക് മാസങ്ങളാണ് വേണ്ടിവരുന്നത്. അധിക ചുമതല വഹിക്കുന്ന ആര്‍.ഡി.ഡിമാരാണ് ഫയല്‍ ഏറെ വൈകിപ്പിക്കുന്നത്. ആര്‍.ഡി.ഡി കൈമാറുന്ന ഫയല്‍ നിസ്സാര തെറ്റുകളുടെ പേരില്‍ തിരിച്ചയക്കുകയും ചെയ്യുന്നുണ്ട്.
പൊതു വിദ്യാഭ്യാസ സെക്രട്ടറിയുടെ ജോലി ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഉത്തരവെങ്കിലും അധ്യാപക നിയമനംതന്നെ തടസ്സപ്പെടുന്ന സ്ഥിതിയാണ് ഇപ്പോഴുണ്ടായത്. തസ്തികയും ഒഴിവുമുണ്ടെങ്കില്‍ നിയമനം നടത്താനുള്ള അധികാരം മാനേജര്‍മാര്‍ക്ക് ഉണ്ടായിരിക്കെ ഉദ്യോഗസ്ഥ സമീപനം ആയിരക്കണക്കിന് കുട്ടികളെയാണ് ബാധിക്കുന്നത്.
സ്കൂള്‍ മാനേജര്‍, പ്രിന്‍സിപ്പല്‍, സര്‍ക്കാര്‍ പ്രതിനിധി എന്നിവരുള്‍പ്പെടുന്നതാണ് സെലക്ഷന്‍ കമ്മിറ്റി. മാര്‍ച്ച് 31ന് ഒഴിവു വന്ന സ്കൂളുകളില്‍ ഇതുവരെ നിയമനം നടത്താന്‍ സാധിച്ചിട്ടില്ല. മുന്‍ സര്‍ക്കാറിന്‍െറ കാലത്ത് ഇറക്കിയ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്കും പൊതുവിദ്യാഭ്യാസ സെക്രട്ടറിക്കും നിവേദനം അയച്ചിരിക്കുകയാണ് മാനേജര്‍മാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.