കമ്യൂണിസ്റ്റ്-പുരോഗമന പ്രസ്ഥാനത്തിന്‍െറ വളര്‍ച്ചക്ക് തൂലികയേന്തി കെ.പി.എ.സിയില്‍ എത്തി നാടക ഗാനങ്ങളെ ജനഹൃദയങ്ങളിലേക്ക് എത്തിച്ച കൂട്ടുകെട്ടിലെ പ്രമുഖന്‍. കെ.പി.എ.സി ഒ.എന്‍.വിക്ക് ഒരു വികാരമായിരുന്നു. താന്‍ കൂടി കൈപിടിച്ച് വളര്‍ത്തിയ പ്രസ്ഥാനമായിരുന്നു അദ്ദേഹത്തിന് അവസാനകാലം വരെയും. കോളജ് വിദ്യാഭ്യാസ കാലത്ത് ജി. ദേവരാജനുമായുള്ള ആത്മബന്ധമാണ് കേരളം നെഞ്ചേറ്റിയ നാടക ഗാനങ്ങള്‍ പിറക്കുന്നതിന് കാരണമായത്. ഒ.എന്‍.വിയുടെ പാട്ടുകള്‍ക്ക് ഈണമിടുന്ന ശീലം വിദ്യാഭ്യാസ കാലത്തുതന്നെ ദേവരാജനുണ്ടായിരുന്നു. അക്കാലത്ത് എഴുതിയതാണ് ‘പൊന്നരിവാള്‍ അമ്പിളിയില്‍ കണ്ണെറിയുന്നോളേ’ എന്ന പാട്ട്. ഏതാണ്ട് 1947ല്‍ ജയില്‍മോചിതനായി എ.കെ.ജി കൊല്ലം എസ്.എന്‍ കോളജില്‍ വന്നപ്പോള്‍ അന്ന് നടന്ന സ്വീകരണ യോഗത്തില്‍ ഈ പാട്ട് ദേവരാജന്‍ ആലപിച്ചു.

1952ല്‍ കെ.പി.എ.സി ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന തോപ്പില്‍ഭാസിയുടെ നാടകം അരങ്ങിലത്തെിക്കാന്‍ ശ്രമം നടത്തുന്ന സമയമായിരുന്നു. കേരളത്തില്‍ അങ്ങോളമിങ്ങോളം കമ്യൂണിസ്റ്റ് ആശയഗതികള്‍ക്ക് നാടകങ്ങള്‍ മൂര്‍ച്ച പകര്‍ന്ന കാലം. രചനയിലും അവതരണത്തിലും കോളിളക്കം സൃഷ്ടിച്ചുകൊണ്ട് എത്തിയ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന നാടകത്തില്‍ 20ലേറെ പാട്ടുകളാണ് ഒ.എന്‍.വി എഴുതിയത്.

പില്‍ക്കാലത്ത് ദേവരാജന്‍െറ സംഗീതത്തില്‍ ഏറെ പ്രശസ്തിനേടിയ പത്തോളം പാട്ടുകളില്‍ മുന്നില്‍നിന്നത് ‘പൊന്നരിവാളാ’യിരുന്നു. ചവറയിലെ ഒ.എന്‍.വിയുടെ വീടിന് അടുത്തുള്ള ബന്ധുവിന്‍െറ വീട്ടുമുറ്റത്തുവെച്ചാണ് ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന നാടകത്തിന്‍െറ റിഹേഴ്സല്‍ നടന്നത്. നാടകത്തിന്‍െറ സംഘാടകരായ ജനാര്‍ദനകുറുപ്പും കേശവന്‍പോറ്റിയും താല്‍പര്യമെടുത്താണ് ‘പൊന്നരിവാള്‍’ എന്ന പാട്ട് നാടകത്തില്‍ ഉള്‍പ്പെടുത്തിയത്.

വശ്യമായ ഗ്രാമീണ സൗന്ദര്യത്തിന്‍െറയും നാടോടി ഭാഷയുടെയും സമന്വയത്തില്‍ മാറ്റങ്ങളുടെ ശംഖൊലി മുഴക്കുന്ന ഗാനങ്ങളാണ് കെ.പി.എ.സിക്കുവേണ്ടി ഒ.എന്‍.വി രചിച്ചത്. 1952 മുതല്‍ കെ.പി.എ.സിയുമായി തുടങ്ങിയ ആത്മബന്ധം ഒ.എന്‍.വി-ദേവരാജന്‍ കൂട്ടുകെട്ടിന്‍െറ സുവര്‍ണകാലങ്ങളിലൊന്നാണ്. സര്‍വേകല്ല്, മുടിയനായ പുത്രന്‍ തുടങ്ങി ‘ന്‍റുപ്പുപ്പാക്കൊരാനേണ്ടാര്ന്നു’ എന്ന നാടകത്തില്‍ വരെ കെ.പി.എ.സിക്കായി ആ തൂലിക ചലിച്ചു. 30 നാടകങ്ങളിലായി 140 പാട്ട്. കെ.പി.എ.സിയിലെ പാട്ടുകള്‍ക്ക് 12 തവണ നാടകഗാനങ്ങള്‍ക്കുള്ള അവാര്‍ഡ് ഒ.എന്‍.വിക്ക് ലഭിച്ചിട്ടുണ്ട്.

കായംകുളം വഴി കടന്നുപോകുമ്പോള്‍ തന്‍െറ വീട്ടില്‍ എത്തുന്ന പ്രതീതിയോടെയാണ് ഒ.എന്‍.വി എന്നും കെ.പി.എ.സിയില്‍ വന്നിട്ടുള്ളതെന്ന് സെക്രട്ടറി അഡ്വ. എ. ഷാജഹാന്‍ ഓര്‍ക്കുന്നു. കാരണവരെപ്പോലെ ആവശ്യമായ നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‍കിയാണ് മടങ്ങിയിട്ടുള്ളത്. അസുഖമായതിനുശേഷം മാത്രമെ ആ സന്ദര്‍ശനം ഒഴിവായിട്ടുള്ളു. കെ.പി.എ.സിയുടെ നെടുന്തൂണുകളില്‍ അവശേഷിക്കുന്ന അംഗവും മറഞ്ഞു. മധുരിക്കുന്ന ഓര്‍മകളോടെ നാടോടിശീലിന്‍െറയും ലളിത പദാവലികളുടെയും ശബ്ദസൗകുമാര്യം ദേവരാജ സംഗീതത്തിന്‍െറ അകമ്പടിയോടെ മുഴങ്ങുമ്പോള്‍ കെ.പി.എ.സിയുടെ പാട്ടെഴുത്തുകാരനെ എങ്ങനെ മറക്കാന്‍ കഴിയും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT