കോഴിക്കോട്: കെ.എം. മാണി മുന്നണി വിട്ട സാഹചര്യത്തില്‍ യു.ഡി.എഫിന്‍െറ ഭാവിയെ കുറിച്ച ആശങ്ക നിലനില്‍ക്കെ രാഷ്ട്രീയ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗം ഞായറാഴ്ച കോഴിക്കോട്ട്. അറുനൂറോളം അംഗങ്ങളുള്ള കൗണ്‍സില്‍ ഒരു വര്‍ഷം മുമ്പാണ് ചേര്‍ന്നത്. സംഘടനാ തെരഞ്ഞെടുപ്പിന്‍െറ മുന്നോടിയായി അംഗത്വ പ്രചാരണവും ഷെഡ്യൂള്‍ തയാറാക്കലുമാണ് അജണ്ടയില്‍ പ്രധാന ഇനമെങ്കിലും യു.ഡി.എഫിന്‍െറ ശക്തിക്ഷയവും കോണ്‍ഗ്രസിലെ പ്രശ്നങ്ങളും ചര്‍ച്ചാവിഷയമാകും.
മുന്നണി വിട്ടുപോയ കേരള കോണ്‍ഗ്രസിനെ അനുരഞ്ജിപ്പിച്ച് തിരിച്ചുകൊണ്ടുവരണമെന്ന നിലപാടിലാണ് ലീഗ്. കോണ്‍ഗ്രസുമായി അകന്നപ്പോള്‍ മാണിയുമായി ചര്‍ച്ച നടത്താന്‍ ലീഗ് നിയമസഭാ കക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെയാണ് യു.ഡി.എഫ് ചുമതലപ്പെടുത്തിയത്. എന്നാല്‍, കുഞ്ഞാലിക്കുട്ടിക്ക് മാണിയെ അനുനയിപ്പിക്കാന്‍ കഴിഞ്ഞില്ല. ഒരു ഘട്ടത്തില്‍ അതില്‍നിന്ന് അദ്ദേഹം പിന്‍വാങ്ങുകയും ചെയ്തു. മാണിയുടെ തീരുമാനം തീര്‍ത്തും വൈകാരികമാണെങ്കിലും കോണ്‍ഗ്രസ് അത് കൈകാര്യം ചെയ്ത രീതി ശരിയായില്ളെന്ന് ലീഗ് കരുതുന്നു.
മാണി മുന്നണി വിട്ട ഉടന്‍ കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍നിന്ന് വന്ന പ്രതികരണവും ചിലയിടങ്ങളില്‍ നടത്തിയ മധുരപലഹാര വിതരണവും കോണ്‍ഗ്രസ് മുഖപത്രത്തില്‍ മാണിയെ അവഹേളിക്കുന്ന രീതിയില്‍ വന്ന മുഖപ്രസംഗവുമെല്ലാം അനുചിതമായെന്ന ഉറച്ച അഭിപ്രായം ലീഗിനുണ്ട്. ഇത് യു.ഡി.എഫ് യോഗത്തില്‍ ലീഗ് പ്രതിനിധികള്‍ വെട്ടിത്തുറന്നു പറഞ്ഞതോടെയാണ് മാണിയോട് അനുരഞ്ജനവും മൃദുനയവും മതിയെന്ന് മുന്നണി തീരുമാനിച്ചത്. കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങള്‍ മുന്നണിയെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നാണ് ലീഗ് നേതൃത്വം വിലയിരുത്തുന്നത്. ഹൈകമാന്‍ഡ് അടിയന്തരമായി ഇടപെടണമെന്ന് ലീഗ് പരസ്യമായി ആവശ്യപ്പെട്ടു കഴിഞ്ഞു.
സാധാരണ നിലയില്‍ മറ്റൊരു കക്ഷിയുടെ കാര്യത്തില്‍ ഇതുപോലെ പരസ്യമായ അഭിപ്രായ പ്രകടനം ലീഗ് നടത്താറില്ല. എന്നാല്‍, കോണ്‍ഗ്രസിലെ പ്രശനങ്ങള്‍ മൂര്‍ച്ഛിച്ചാല്‍ ഇടതുപക്ഷത്തുനിന്ന് വന്ന ജനതാദളും ആര്‍.എസ്.പിയും യു.ഡി.എഫ് വിട്ടുപോകാന്‍ ഇടയുണ്ടെന്ന് ലീഗ് ആശങ്കപ്പെടുന്നു. അവര്‍ കൂടി പോയാല്‍ മുന്നണി തകര്‍ച്ചയിലേക്ക് നീങ്ങും. ആത്യന്തികമായി അതിന്‍െറ ഗുണഭോക്താക്കള്‍ ബി.ജെ.പി ആയിരിക്കും. ലീഗിനെയും സി.പി.എം ക്ഷണിക്കുന്നുണ്ടെങ്കിലും അത് ആത്മാര്‍ഥതയോടെയല്ളെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. അതിനാല്‍ ആ ചൂണ്ടയില്‍ കൊത്തേണ്ടെന്നാണ് നേതൃതലത്തിലെ അഭിപ്രായം. അതേസമയം, പിണറായി സര്‍ക്കാറിനോട് കടുത്ത രാഷ്ട്രീയ ശത്രുത പുലര്‍ത്തേണ്ടെന്നും ക്രിയാത്മക സൗഹൃദം ആകാമെന്നുമുള്ള അഭിപ്രായം പാര്‍ട്ടിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.