കോഴിക്കോട്: മുണ്ടു മുറുക്കിയുടുത്ത് തലചായ്ക്കാനൊരിടം തേടുന്ന ഭാരതസ്ത്രീയുടെ ഭാവഭേദങ്ങള്‍, പേടിച്ചരണ്ട് ഉള്‍വലിഞ്ഞു തീരുന്ന ശൈശവങ്ങള്‍, പള്ളിക്കൂടം പോയിട്ട് പ്രാഥമിക സൗകര്യം പോലും ചിന്തിക്കാന്‍ കഴിയാത്ത ബാല്യ കൗമാരങ്ങള്‍... ദൈന്യതയുടെ ഉത്തരേന്ത്യന്‍ ഭാവങ്ങള്‍ പകര്‍ത്തിയ ‘ഹിന്ദുസ്ഥാനി- ഒരിന്ത്യന്‍ കദന കഥ’ ചിത്രപ്രദര്‍ശനത്തിന് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ തുടക്കമായി.
അസം, പശ്ചിമ ബംഗാള്‍, ബിഹാര്‍, രാജസ്ഥാന്‍ തുടങ്ങിയ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ പതിവു കാഴ്ചകള്‍ ഫോട്ടോഗ്രാഫര്‍ അജീബ് കൊമാച്ചിയാണ് പകര്‍ത്തിയത്. ‘ഡിജിറ്റല്‍ ഇന്ത്യ’യുടെ പൊങ്ങച്ചപ്പറച്ചിലുകള്‍ക്കപ്പുറത്തെ ജനസാമാന്യത്തിന്‍െറ കഥയാണ് ചിത്രങ്ങളില്‍ തെളിയുന്നത്. ഹ്യൂമന്‍ കെയര്‍ ഫൗണ്ടേഷന്‍െറ ‘വിഷന്‍ 2016’ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ വിവിധ ഗ്രാമങ്ങളില്‍ മാസങ്ങള്‍ സഞ്ചരിച്ചാണ് ദൈന്യതയുടെ ഇന്ത്യന്‍ പരിച്ഛേദം കാമറയില്‍ പകര്‍ത്തിയത്. ചെറിയ കാറ്റിനുപോലും തുടച്ചെടുക്കാവുന്ന ‘വീടു’കളിലിരുന്ന് ജീവിതത്തിന്‍െറ രണ്ടറ്റം മുട്ടിക്കുന്നവന്‍െറ പെടാപാടാണ് ചിത്രങ്ങളിലേറെയും. ഒട്ടിയ വയറുമായി എല്ലുനുറുങ്ങും വരെ പൊരിവെയിലത്തിരുന്ന് ജോലി, നാണം മറയ്ക്കാന്‍ തുണിക്കഷണം പോലുമില്ലാതെ തെരുവിലലയുന്ന കുട്ടികള്‍, കടത്തിണ്ണയില്‍ നാല്‍ക്കാലികള്‍ക്കൊപ്പവും തലചായ്ക്കുന്നവര്‍ തുടങ്ങി കഥകളില്‍മാത്രം കേട്ടറിഞ്ഞ ഒരിന്ത്യയുടെ ഭാവതലങ്ങളാണ് കാമറയില്‍ ഒപ്പിയെടുത്തത്. കഷ്ടപ്പാടിന്‍െറ കഥയറിയാന്‍ എല്ലാവരും ഈ ഗ്രാമങ്ങളില്‍ സഞ്ചരിക്കണമെന്നും ഏതെങ്കിലും തരത്തില്‍ അവരെ സഹായിക്കണമെന്നും പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത ഹ്യൂമണ്‍ കെയര്‍ ഫൗണ്ടേഷന്‍ രക്ഷാധികാരി പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍ പറഞ്ഞു.
ഏത് രംഗത്ത് പ്രവര്‍ത്തിക്കുന്നവനും ഇത്തരക്കാരെ സഹായിക്കാനാവും. അതിനുള്ള സൗകര്യം ഫൗണ്ടേഷന്‍ ഒരുക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
പി. സുലൈമാന്‍ അധ്യക്ഷത വഹിച്ചു. നജീബ് കുറ്റിപ്പുറം, കാലിക്കറ്റ് പ്രസ് ക്ളബ് പ്രസിഡന്‍റ് കമാല്‍ വരദൂര്‍, പി. മുസ്തഫ, സംവിധായകന്‍ സലാം ബാപ്പു, രാജ നന്ദിനി, അജീബ് കൊമാച്ചി, പി.എം. ഹനീഫ ഹാജി എന്നിവര്‍ സംസാരിച്ചു. പ്രദര്‍ശനം 25ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.