തദ്ദേശ തെരഞ്ഞെടുപ്പ്: രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. ഉച്ചക്ക് രണ്ടുമണിവരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 51.44 ശതമാനം പോളിങ് രേഖപ്പെടുത്തി. കോട്ടയം, എറണാകുളം ജില്ലകളിലാണ് ഇതുവരെ കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. മിക്ക ജില്ലകളിലും രാവിലെ മുതൽ മഴയുണ്ടെങ്കിലും പോളിങ് ബൂത്തുകളിൽ നീണ്ട ക്യുവാണുള്ളത്.
 

പുതുപ്പള്ളിയിൽ വോട്ട് ചെയ്യാനെത്തിയ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും കൂടുംബവും
 

മലപ്പുറം ജില്ലയിൽ 270ഓളം കേന്ദ്രങ്ങളില്‍ വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായി. ഇത് അട്ടിമറിയാണെന്ന് സംശയിക്കുന്നതായി തെരഞ്ഞെടുപ്പ് കമീഷനും എന്നാൽ അട്ടിമറിയല്ലെന്ന് സ്പെഷ്യൽ ബ്രാഞ്ചും വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ജില്ലാ പൊലീസ് സൂപ്രണ്ടിനോടും ജില്ലാ കലക്ടറോടും ആവശ്യപ്പെട്ടിട്ടുണ്ട്. പാണക്കാട് െെഹദരലി ശിഹാബ് തങ്ങൾ, മുനവ്വറലി ശിഹാബ് തങ്ങൾ, വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവർ രാവിലെ തന്നെ വോട്ട് ചെയ്ത് മടങ്ങി.

മഴ കാരണം എറണാകുളത്ത് ഉച്ചവരെ പോളിംഗ് മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. ആദ്യ നാല് മണിക്കൂർ പിന്നിട്ടപ്പോൾ പഞ്ചായത്ത് പ്രദേശങ്ങളിൽ 28 ശതമാനവും നഗരസഭകളിൽ 24 ശതമാനവും കൊച്ചി കോർപറേഷനിൽ 14 ശതമാനവും പേരാണ് വോട്ട് ചെയ്തത്. കനത്ത മഴ കാരണം എറണാകുളം നഗരസഭയിലെ രണ്ട് പോളിംഗ് സ്റ്റേഷനുകൾ മാറ്റി സ്ഥാപിക്കേണ്ടിവന്നു.  

തൃശൂർ ജില്ലയിൽ 31 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ജില്ലയിൽ മഴയില്ലെങ്കിലും രാവിലെ തന്നെ കുറേപേർ വോട്ട് ചെയ്യാനെത്തി. 62 കേന്ദ്രങ്ങളിൽ വോട്ടിങ് മെഷീനുകൾ തകരാറിലായി. ചില തകരാറുകൽ പരിഹരിച്ച് പോളിങ് ആരംഭിച്ചിട്ടുണ്ട്. അതേസമയം, കൊടകര പുൽപാറയിൽ ഇതുവരെ വോട്ടിങ് ആരംഭിക്കാത്തതിനെ തുടർന്ന് വോട്ടർമാർ പോളിങ് ബൂത്ത് ഉപരോധിക്കുകയാണ്.നടത്തറയിൽ വോട്ട് ചെയ്യാനെത്തി‍യ കാച്ചേരി ചിറ്റിലപ്പള്ളി വീട്ടിൽ മേരി(60) കുഴഞ്ഞ് വീണ് മരിച്ചു.

കൊച്ചി, തൃശൂര്‍ കോര്‍പറേഷനുകള്‍, 55 മുനിസിപ്പാലിറ്റികള്‍, 89 ബ്ളോക് പഞ്ചായത്തുകള്‍, 546 ഗ്രാമപഞ്ചായത്തുകള്‍ എന്നിവയാണ് ഏഴ് ജില്ലാ പഞ്ചായത്തിന് പുറമെ ഈ ഘട്ടത്തില്‍ വരുന്നത്. പുതുതായി രൂപവത്കരിച്ച 14 മുനിസിപ്പാലിറ്റികളും ഇതില്‍പെടുന്നു. ആദ്യഘട്ടത്തെക്കാള്‍ സ്ഥാനാര്‍ഥികളും വോട്ടര്‍മാരും വാര്‍ഡുകളും ഇപ്രാവശ്യം കൂടുതലാണ്. രാവിലെ ഏഴുമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. പോളിങ് സാമഗ്രികളുടെ വിതരണം 147 കേന്ദ്രങ്ങളിലൂടെ പൂര്‍ത്തിയാക്കി. ഉദ്യോഗസ്ഥര്‍ പോളിങ് കേന്ദ്രങ്ങളിലത്തെി ബൂത്തുകള്‍ സജ്ജമാക്കി. വോട്ടെണ്ണല്‍ ശനിയാഴ്ചയാണ്.

യു.ഡി.എഫിലെ സൗഹൃദ മത്സരവും എസ്.എന്‍.ഡി.പി - ബി.ജെ.പി സഖ്യത്തിന്‍െറ സുപ്രധാന കേന്ദ്രങ്ങളും ഉള്‍പ്പെടുന്ന രണ്ടാം ഘട്ട മത്സരം ഏറെ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ കേരളം വിലയിരുത്തുന്നത്. നഗര-ഗ്രാമങ്ങളിലായി 13997529 പേര്‍ക്കാണ് വോട്ടവകാശം. മികച്ച പോളിങ് ഇന്നും ആവര്‍ത്തിക്കുമെന്നാണ് കരുതുന്നത്. 12651 വാര്‍ഡിലായി 44388 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. ഏഴ് ജില്ലകളിലായി 19328 പോളിങ് സ്റ്റേഷനുകളാണ് സജ്ജമാക്കിയിരിക്കുന്നത്. 40000 ജീവനക്കാരെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വിന്യസിച്ചിട്ടുള്ളത്.
സ്വതന്ത്ര തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താന്‍ കനത്ത സുരക്ഷാ സംവിധാനം ഒരുക്കിയിട്ടുണ്ട്. പ്രശ്ന ബാധിത ബൂത്തുകള്‍ ഒന്നാം ഘട്ടത്തെക്കാള്‍ കുറവാണ്. അതീവപ്രശ്ന സാധ്യതയുള്ള ബൂത്തുകളില്‍ വെബ്കാസ്റ്റിങ് അടക്കം സംവിധാനം ഏര്‍പ്പെടുത്തി.
പരസ്യ പ്രചാരണം അവസാനിച്ചതോടെ അവസാനവട്ട വോട്ടുറപ്പിക്കാനുള്ള പരക്കം പാച്ചിലിലായിരുന്നു ബുധനാഴ്ച സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും. പരമാവധി വോട്ടര്‍മാരെ നേരില്‍ കാണാനും സ്ളിപ്പുകള്‍ നല്‍കാനും എല്ലാവരും  മത്സരിച്ചു. ഒന്നാംഘട്ടത്തില്‍ 77.83 ശതമാനം പേരാണ് വോട്ട് ചെയ്തത്.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.