കരിപ്പൂര്‍ ഭൂമിയേറ്റെടുക്കല്‍: പഞ്ചായത്ത് തലത്തില്‍ യോഗം വിളിക്കും

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് ഭൂമിയേറ്റെടുക്കുന്നതിനായി പഞ്ചായത്ത് തലത്തില്‍ യോഗം വിളിക്കാന്‍ തീരുമാനം. ശനിയാഴ്ച മലപ്പുറം കലക്ടറേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സമരസമിതി പ്രവര്‍ത്തകരുടെയും യോഗത്തിലാണ് തീരുമാനം. സ്പെഷല്‍ ഓഫിസറും ലാന്‍ഡ് റവന്യൂ കമീഷണറുമായ എം.സി. മോഹന്‍ദാസിന്‍െറ അധ്യക്ഷതയിലായിരുന്നു യോഗം.
പഞ്ചായത്ത് തലത്തില്‍ ചേരുന്ന യോഗത്തില്‍ ഭൂമി വിട്ടുനല്‍കുന്നവരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സംബന്ധിക്കും. മൂന്ന് ദിവസത്തിനകം ഏറ്റെടുക്കാനുദ്ദേശിക്കുന്ന സ്ഥലങ്ങളുടെ സര്‍വേ നമ്പറുകള്‍ വില്ളേജ് ഓഫിസിലെ ഫീല്‍ഡ് മെഷര്‍മെന്‍റ് ബുക്കില്‍ (എഫ്.എം.ബി) ഉള്‍പ്പെടുത്തി സമരസമിതിയംഗങ്ങള്‍ക്ക് നല്‍കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് യോഗത്തില്‍ സ്പെഷല്‍ ഓഫിസര്‍ നിര്‍ദേശം നല്‍കി. യോഗത്തില്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ. ജനാര്‍ദനന്‍ വിമാനത്താവളത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ സ്കെച്ച് അവതരിപ്പിച്ചു.
സ്കെച്ച് പ്രകാരം 1647 മീറ്റര്‍ നീളത്തില്‍ സ്ഥലം ഏറ്റെടുക്കേണ്ടി വരും. റണ്‍വേയുടെ മധ്യത്തില്‍നിന്ന് വടക്കുഭാഗത്തേക്ക് 213 മീറ്ററും തെക്കുഭാഗത്തേക്ക് 293 മീറ്ററുമാണ് വികസനത്തിനായി ആവശ്യമുള്ളത്. നിലവിലുള്ള റണ്‍വേ അവസാനിക്കുന്ന നെടിയിരുപ്പ് ഭാഗത്തുനിന്ന് 1947 മീറ്ററാണ് വികസനപ്രവൃത്തികള്‍ക്കായി ആവശ്യമുള്ളത്. ഇതില്‍ കുറച്ചുസ്ഥലം എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കൈവശമുണ്ട്. 917 മീറ്റര്‍ റണ്‍വേയുടെ നീളം കൂട്ടുന്നതിനും 270 മീറ്റര്‍ റിയര്‍ എന്‍ഡ് സേഫ് ഏരിയക്ക് (റിസ) വേണ്ടിയുമാണ്. ബേസിക് സ്ട്രിപ് വീതി കൂട്ടല്‍, റണ്‍വേ സ്ട്രിപ് വീതികൂട്ടല്‍ എന്നിവയും വികസനത്തിന്‍െറ ഭാഗമായി നടക്കും. സ്കെച്ച് പ്രകാരം 500ലധികം വീടുകള്‍ ഏറ്റെടുക്കേണ്ടി വരും. ഇ.എം.ഇ.എ കോളജ്, മേലങ്ങാടി ജി.വി.എച്ച്.എസ്.എസ് എന്നിവയെ സ്ഥലം ഏറ്റെടുക്കുന്നത് ബാധിക്കില്ല.
ഏപ്രണിനായി കണ്ടത്തെിയ സ്ഥലത്ത് പള്ളിയുള്ളതിനാല്‍ ഇത് മാറ്റി വരക്കാമെന്നും ഡയറക്ടര്‍ അറിയിച്ചു. വ്യോമയാന ചട്ടങ്ങളിലെ മാറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ ടെര്‍മിനല്‍ നിര്‍മിക്കുന്നത്. റണ്‍വേ നീളം കൂട്ടുമ്പോള്‍ പാരലല്‍ ടാക്സി ബേയും അധികമായി ലഭിക്കും. 2860 മീറ്ററുള്ള റണ്‍വേ 3627 മീറ്ററായി വികസിപ്പിക്കുന്നതിന് 213 ഏക്കറും ഐസലേഷന്‍ ബേക്ക് 14.5 ഏക്കറും അപ്രോച്ച് ലൈറ്റ് സിസ്റ്റത്തിന് 20.8 ഏക്കറും ടെര്‍മിനലിന് 132 ഏക്കറുമാണ് ആവശ്യമുള്ളത്. ഭൂമി വിട്ടുനല്‍കുന്നവരുടെ ആശങ്ക പരിഹരിച്ചതിനുശേഷം മാത്രമേ തുടര്‍നടപടികള്‍ സ്വീകരിക്കുകയുള്ളൂവെന്ന് സ്പെഷല്‍ ഓഫിസര്‍ എം.സി. മോഹന്‍ദാസ് ആവര്‍ത്തിച്ചു.
യോഗത്തില്‍ കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എ, ജില്ലാ കലക്ടര്‍ ടി. ഭാസ്കരന്‍, കൊണ്ടോട്ടി നഗരസഭാ ചെയര്‍മാന്‍ നാടിക്കുട്ടി, പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്‍റ് മിഥുന, ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് ഡെപ്യൂട്ടി കലക്ടര്‍ എം. അബ്ദുല്‍ റഷീദ്, എയര്‍പോര്‍ട്ട് എല്‍.എ ഡെപ്യൂട്ടി കലക്ടര്‍ ബീനാ സുന്ദര്‍, വിമാനത്താവള കുടിയൊഴിപ്പിക്കല്‍ പ്രതിരോധസമിതി അംഗങ്ങളായ സി. ജാസിര്‍, ചുക്കാന്‍ ബിച്ചു, കെ.കെ. മൂസക്കുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.