കരിപ്പൂര്‍: പുതിയ ആഗമന ടെര്‍മിനല്‍ ഭൂമിപൂജ നടത്തി

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തിലെ പുതിയ രാജ്യാന്തര ആഗമന ടെര്‍മിനലിന്‍െറ നിര്‍മാണപ്രവൃത്തിക്ക് തുടക്കം. ഇതിന്‍െറ ഭാഗമായുള്ള ഭൂമിപൂജ തിങ്കളാഴ്ച രാവിലെ എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ. ജനാര്‍ദനന്‍ നിര്‍വഹിച്ചു. ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യു.എ.ആര്‍.സി കമ്പനിക്കാണ് നിര്‍മാണ ചുമതല. കഴിഞ്ഞ സെപ്റ്റംബര്‍ 11നാണ് ടെന്‍ഡര്‍ തുറന്ന് കോഴിക്കോട് വിമാനത്താവളം അധികൃതര്‍ എയര്‍പോര്‍ട്ട് അതോറിറ്റി ആസ്ഥാനത്തേക്ക് അയച്ചത്. 85.18 കോടി രൂപയാണ് പുതിയ ടെര്‍മിനലിന്‍െറ നിര്‍മാണചെലവായി കണക്കാക്കുന്നത്. അഞ്ചാം തവണയാണ് പുതിയ ടെര്‍മിനലിനായി ടെന്‍ഡര്‍ അനുമതി ലഭിക്കുന്നത്. കഴിഞ്ഞ നാല് തവണയും ടെന്‍ഡര്‍ ലഭിച്ചവര്‍ പിന്നീട് പ്രവൃത്തി ഉപേക്ഷിക്കുകയായിരുന്നു.
2009ലാണ് കരിപ്പൂരില്‍ പുതിയ ആഗമന ടെര്‍മിനല്‍ നിര്‍മിക്കാന്‍ പദ്ധതിയിട്ടത്. നിലവിലുള്ള ടെര്‍മിനലിന്‍െറ കിഴക്കുഭാഗത്താണ് പുതിയ ടെര്‍മിനല്‍ നിര്‍മിക്കുക. അന്താരാഷ്ട്ര ആഗമന ടെര്‍മിനലില്‍ സൗകര്യമില്ലാത്തതിനാലാണ് പുതിയ പദ്ധതി വരുന്നത്. വിശാലമായ കസ്റ്റംസ് ഹാള്‍, കൂടുതല്‍ എക്സ്റേ മെഷീന്‍, കണ്‍വെയര്‍ ബെല്‍റ്റ് എന്നിവയടക്കം പുതിയ ടെര്‍മിനലിലുണ്ടാകും. 17,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് ടെര്‍മിനല്‍ കെട്ടിടം നിര്‍മിക്കുക. ഇതോടൊപ്പം നിലവിലെ ടെര്‍മിനലിന്‍െറ നവീകരണപ്രവൃത്തിയും നടക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.