വിഴിഞ്ഞം: ഇടതുനിലപാട് നിര്‍ഭാഗ്യകരം –മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മാണോദ്ഘാടനം ബഹിഷ്കരിക്കുന്ന ഇടതുനിലപാട് നിര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പദ്ധതിക്കുവേണ്ടി  കിടപ്പാടംവരെ വിട്ടുകൊടുക്കുന്ന മത്സ്യത്തൊഴിലാളികളുടെ വലിയ മനസ്സിനു മുന്നില്‍ ഇടതുപക്ഷം ചെറുതായിപ്പോയെന്ന് മാധ്യമങ്ങള്‍ക്ക് പ്രസിദ്ധീകരണത്തിന് നല്‍കിയ ലേഖനത്തില്‍ അദ്ദേഹം പറഞ്ഞു. നാലുവര്‍ഷം (1461 ദിവസം) കൊണ്ടാണ് പദ്ധതി പൂര്‍ത്തിയാക്കേണ്ടത്. എന്നാല്‍,1000 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാമെന്നാണ് അദാനി പോര്‍ട്സ് നല്‍കുന്ന ഉറപ്പ്.  
5,552 കോടി രൂപയുടെ പദ്ധതിയില്‍ 6,000 കോടിയുടെ അഴിമതി ആരോപണം ഉന്നയിച്ച് പദ്ധതി തടസ്സപ്പെടുത്താന്‍ പ്രതിപക്ഷം നോക്കിയെങ്കിലും സര്‍ക്കാര്‍  പതറാതെ മുന്നോട്ടുപോവുകയായിരുന്നു. ലോകത്തിലെ ഏറ്റവും പരിസ്ഥിതി സൗഹൃദവും പ്രകൃതിദത്തവുമായ തുറമുഖമാണ് വിഴിഞ്ഞം. ഡ്രെഡ്ജിങ് ആവശ്യമില്ലാത്തതിനാല്‍ മദര്‍ഷിപ്പുകള്‍ക്കടക്കം ഇവിടെ എത്താന്‍ സാധിക്കും.  ഇത് ചരക്കുഗതാഗതത്തിന്‍െറ ഹബായി വിഴിഞ്ഞത്തെ മാറ്റും. രാജ്യത്തെ ഏറ്റവും വികസന സാധ്യതയുള്ള തുറമുഖമാണ് ഇതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വിഴിഞ്ഞം മത്സരിക്കേണ്ടി വരുന്നത് കൊളംബോ, സിംഗപ്പൂര്‍, ദുബൈ എന്നീ രാജ്യാന്തര തുറമുഖങ്ങളുമായാണ്. വിഴിഞ്ഞം പ്രവര്‍ത്തനക്ഷമമാകുന്നതോടെ വല്ലാര്‍പാടം കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്‍റ് ടെര്‍മിനലിന്‍െറ വാണിജ്യപരമായ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടും. തുറമുഖ നിര്‍മാണ രംഗത്തും നടത്തിപ്പിലും മുന്‍നിരക്കാരായ അദാനി പോര്‍ട്സില്‍ സര്‍ക്കാറിനു പൂര്‍ണ വിശ്വാസമുണ്ട്.
രണ്ടു മെഗാപദ്ധതികളാണ് കേരളത്തിന്‍െറ ആകെയുള്ള സമ്പാദ്യം. ഇടുക്കി അണക്കെട്ടും നെടുമ്പാശ്ശേരി വിമാനത്താവളവുമാണിത്.  വികസന രംഗത്തെ കേരളത്തിന്‍െറ മരവിപ്പിനുള്ള മറുപടിയാണ് വിഴിഞ്ഞം. ഇനി കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, സ്മാര്‍ട്ട് സിറ്റി, ദേശീയ ജലപാത തുടങ്ങിയ മെഗാ പദ്ധതികളാണ് യാഥാര്‍ഥ്യമാക്കാനുള്ളത്. രാജ്യത്തിന്‍െറ ബഹിരാകാശ ഗവേഷണത്തെ ഉയരങ്ങളിലത്തെിച്ച തുമ്പയിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ഉയര്‍ന്നത് മത്സ്യത്തൊഴിലാളികളുടെ കിടപ്പാടത്തിലാണ്. വിഴിഞ്ഞം തുറമുഖം നങ്കൂരമിടുന്നതും അവരുടെ മഹാത്യാഗത്തിന്മേലാണ്. തുറമുഖ പദ്ധതി നടപ്പാക്കുന്നതുമൂലം പ്രദേശത്തെ ഒരാളുടെപോലും കണ്ണീര്‍ വീഴില്ല. പുനരധിവാസത്തിനുള്ള 475 കോടിയുടെ പാക്കേജ് അഞ്ചുവര്‍ഷംകൊണ്ട്  നടപ്പാക്കും. ആവശ്യമെങ്കില്‍ കൂടുതല്‍ തുക മാറ്റിവെക്കും. സജീവമായ മത്സ്യബന്ധന മേഖല എന്നനിലയില്‍ തുറമുഖ നിര്‍മാണത്തിന്‍െറ ആദ്യഘട്ടത്തില്‍തന്നെ ആധുനിക മത്സ്യബന്ധന തുറമുഖം നിര്‍മിക്കും. പദ്ധതിക്കു വേണ്ടി മൊത്തം ഭൂമിയുടെ 93 ശതമാനവും ഏറ്റെടുത്തു. ശേഷിക്കുന്ന 23 ഏക്കര്‍ ഭൂമി വൈകാതെ ഏറ്റെടുക്കാനാവും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.