ഗുലാം അലി കേരളത്തിൽ പാടും

തിരുവനന്തപുരം: ശിവസേന അടക്കം ചില സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് വിവിധ നഗരങ്ങളിലെ സംഗീത പരിപാടികള്‍ റദ്ദാക്കേണ്ടിവന്ന വിഖ്യാത ഗസല്‍ സംഗീതജ്ഞന്‍ ഗുലാം അലി കേരളത്തില്‍ പാടും. സ്വരലയയാണ് വേദിയൊരുക്കുന്നത്. ജനുവരി 15ന് തിരുവനന്തപുരത്തും 17ന് കോഴിക്കോട്ടുമാണ് പരിപാടിയെന്ന് മുന്‍മന്ത്രി എം.എ.ബേബി  വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഗുലാം അലിയുടെ പരിപാടി അടുത്തിടെ തടസ്സപ്പെടാന്‍ കാരണമായത് അസഹിഷ്ണുതയുടെ സാഹചര്യമാണ്. കേരളത്തിന്‍െറ പ്രത്യേകതകള്‍ കണക്കിലെടുത്ത് അദ്ദേഹത്തെ സമീപിച്ചപ്പോള്‍ സമ്മതിക്കുകയായിരുന്നു. വേദികള്‍ സംബന്ധിച്ച് ഉടന്‍  തീരുമാനമെടുക്കും. ഗുലാം അലിയുടെ പാട്ട് കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും മടങ്ങിപ്പോകേണ്ടിവരില്ല. പാസ് മൂലം പ്രവേശം നിയന്ത്രിക്കുമെന്നും ബേബി പറഞ്ഞു.

സംഗീതത്തിലെ കവിതയും കവിതയിലെ സംഗീതവും കടഞ്ഞെടുത്ത് ആസ്വാദകര്‍ക്ക് നല്‍കിയ മഹാനായ സംഗീതജ്ഞനാണ് ഗുലാം അലി. സ്വരലയ കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ ജി. രാജ്മോഹന്‍, ജനറല്‍ സെക്രട്ടറി ഇ.എം. നജീബ്, മേയര്‍ അഡ്വ. വി.കെ. പ്രശാന്ത്, ആര്‍.എസ്. ബാബു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

അതേസമയം, ഗുലാം അലിയുടെ സംഗീത പരിപാടി നടത്താൻ അനുവദിക്കില്ലെന്നും തടസപ്പെടുത്തുമെന്നും ശിവസേന കേരളാ ഘടകം അറിയിച്ചു.

ശിവസേനയുടെയും മറ്റു ഹിന്ദു സംഘടനകളുടെയും പ്രതിഷേധത്തെ തുടര്‍ന്ന് മുംബൈ, ലക്‌നോ എന്നിവിടങ്ങളിലെ ഗുലാം അലിയുടെ സംഗീത പരിപാടി ഉപേക്ഷിച്ചിരുന്നു. ഇന്ത്യയില്‍ സംഗീത പരിപാടി അവതരിപ്പിക്കുന്ന കാര്യം ഇനി ആലോചിക്കേണ്ടി വരുമെന്നും ഗുലാം അലി അന്ന് പ്രതികരിച്ചിരുന്നു. ഡി.വൈ.എഫ്‌.ഐ ഗുലാം അലിയെ നേരത്തെ കേരളത്തിലേക്ക് ക്ഷണിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.