പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ വീണ്ടും കുരുക്കുമായി ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടെ ഭർത്താവിന്‍റെ പരാതി. രാഹുൽ മാങ്കൂട്ടത്തിൽ തന്‍റെ കുടുംബ ജീവിതം തകർത്തുവെന്നാണ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നൽകിയ പരാതിയിൽ യുവാവ് ഉന്നയിക്കുന്നത്. വിഷയത്തിൽ യഥാർഥ ഇര താനാണെന്ന് ഇയാൾ പറയുന്നു.
രാഹുലിനെതിരെ ഗർഭഛിദ്ര പരാതി ഉന്നയിച്ച യുവതിയുടെ ഭർത്താവാണ് ഇപ്പോൾ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. യുവതിക്ക് ഭർത്താവുമായുളള ബന്ധം ഉലഞ്ഞുനിൽക്കെ അത് പരിഹരിക്കാനാണ് താൻ ഇടപെട്ടതെന്നായിരുന്നു രാഹുലിന്‍റെ വിശദീകരണം. ഇത് തെറ്റെന്ന് തെളിയിക്കുന്നതാണ് ഭർത്താവിന്‍റെ പരാതി. താൻ ഇക്കാര്യത്തെക്കുറിച്ച് ഒന്നും അറിഞ്ഞിട്ടില്ലെന്നും പ്രശ്നം പരിഹരിക്കാനോ മറ്റേതെങ്കിലും ആവശ്യത്തിനോ താനുമായി ഒരു തവണ പോലും രാഹുൽ ബന്ധപ്പെട്ടിട്ടില്ലെന്നും ഭർത്താവ് പറഞ്ഞു.
താൻ സാധാരണക്കാരനാണ്. വിവാഹത്തിന് ശേഷം യുവതിയോടൊപ്പമാണ് താമസിച്ചിരുന്നത്. ഇടക്കിടെ നാട്ടിൽ പോകാറുണ്ടായിരുന്നു. തന്‍റെ അസാന്നിധ്യം മുതലെടുത്ത് രാഹുൽ ഭാര്യയുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നു. ഈ ബന്ധത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. തുടങ്ങിയ കാര്യങ്ങളാണ് യുവാവിന്‍റെ പരാതിയിലുള്ളത്.
രാഹുലിനെതിരെ ബി.എൻ.എസ് 84 പ്രകാരം കേസ് എടുക്കണമെന്നാണ് പരാതിക്കാരിയുടെ ഭർത്താവ് ആവശ്യപ്പെടുന്നത്. തന്‍റെ അസാന്നിധ്യം അവസരമാക്കി രാഹുൽ മാങ്കൂട്ടത്തിൽ പരാതിക്കാരിയെ വശീകരിക്കുകയായിരുന്നു. തനിക്ക് വലിയ മാനനഷ്ടം ഉണ്ടായി. വിവാഹിതയാണെന്നറിഞ്ഞിട്ടും രാഹുൽ തൻ്റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിക്കുകയും വശീകരിക്കുകയും ചെയ്തുവെന്നും പരതിയിൽ പറയുന്നു.
രാഹുലിനെതിരെ കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തുമെന്ന് നേരത്തേ അഭ്യൂഹമുണ്ടായിരുന്നു. ഇതിനിടെയാണ് യുവതിയുടെ ഭർത്താവ് പരാതിയുമായി എത്തിയത്. രാഹുലിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ ഈ പരാതികൾ രാഹുലിന് തിരിച്ചടിയാകുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.