തിരുവനന്തപുരം: മുൻ മന്ത്രി ആന്റണി രാജു എം.എൽ.എ പ്രതിയായ തൊണ്ടിമുതൽ തിരിമറിക്കേസിൽ വിചാരണ കോടതി ഇന്ന് വിധി പറയും. വിചാരണ നടക്കുന്ന നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക.
36 വർഷം പഴക്കമുള്ള കേസിലാണ് വിചാരണ കോടതി സുപ്രധാന വിധി പുറപ്പെടുവിക്കുക. 18 വർഷമായി നിശ്ചലാവസ്ഥയിലായിരുന്ന കേസിൽ കോടതിയുടെ നിർദേശ പ്രകാരമാണ് വിചാരണ വേഗത്തിലാക്കിയത്. കേസിലെ രണ്ടാം പ്രതിയാണ് ആന്‍റണി രാജു. കോടതി ജീവനക്കാരനായ ജോസ് ആണ് ഒന്നാം പ്രതി.
1990 ഏപ്രില്‍ നാലിന് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച മയക്കുമരുന്നുമായി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായ ആസ്ട്രേലിയന്‍ പൗരനെ രക്ഷിക്കാന്‍ കോടതിയിലിരുന്ന തൊണ്ടിമുതല്‍ മാറ്റിയെന്നാണ് കേസ്. സെഷന്‍സ് കോടതി ശിക്ഷിച്ച പ്രതിയെ ഹൈകോടതിയിൽ നിന്ന് രക്ഷപ്പെടുത്താന്‍ തൊണ്ടിയായ അടിവസ്ത്രം മാറ്റിവെച്ചുവെന്നാണ് ആന്റണി രാജുവിനെതിരായ കുറ്റാരോപണം.
മാറ്റിവെച്ച അടിവസ്ത്രം പ്രതിക്ക് പാകമല്ലെന്ന് കണ്ട് ആസ്ട്രേലിയൻ പൗരനെ ഹൈകോടതി വെറുതെവിടുകയും ചെയ്തിരുന്നു. ഈ കേസിൽ ആന്റണി രാജുവായിരുന്നു വിദേശ പൗരന്റെ അഭിഭാഷകൻ. എന്നാൽ 1994ല്‍ തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന പരാതിയില്‍ തിരുവനന്തപുരം വഞ്ചിയൂര്‍ പൊലീസ് കേസെടുത്തു.
കേസിൽ വിചാരണ നേരിടണമെന്ന ഹൈകോടതി വിധിക്കെതിരെ ആന്‍റണി രാജു നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളിയിരുന്നു. ഹൈകോടതി ഉത്തരവിൽ പിഴവില്ലെന്നും വിചാരണ നേരിടണമെന്നും ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നുമാണ് അന്ന് സുപ്രീംകോടതി നിർദ്ദേശം നൽകിയത്.
മുൻ ഗതാഗത മന്ത്രിയും അഭിഭാഷകനുമായ ആന്റണി രാജു മയക്കുമരുന്ന് കേസിലെ പ്രതിയായ വിദേശപൗരനെ രക്ഷിക്കാൻ തൊണ്ടിമുതൽ മാറ്റിയെന്ന ആരോപണം ഗുരുതരമാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.
തൊണ്ടിമുതൽ തിരിമറിക്കേസിൽ വിചാരണ കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നത് ഹൈകോടതി നേരത്തെ താൽകാലികമായി തടഞ്ഞിരുന്നു. ഒന്നാം പ്രതി ജോസ് സർക്കാർ സർവിസിലുള്ളയാളായതിനാൽ വഞ്ചനക്കുറ്റമടക്കം പ്രതികൾക്കെതിരെ ചുമത്തണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവർത്തകനായ അനിൽ ഇമ്മാനുവൽ സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. വിചാരണ നടക്കുന്ന നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഈ ആവശ്യം നിരസിച്ചതിനെ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.