പ്രതിഭക്ക് പകരം വി.എസിന്‍റെ മകൻ അരുൺകുമാർ കായംകുളത്ത് മത്സരിക്കുമോ? വി.എസ് എഫക്ടിൽ പാർട്ടിക്ക് പ്രതീക്ഷ

കൊച്ചി: അന്തരിച്ച മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺകുമാർ നിയമസഭാ തെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർത്ഥിയായി മത്സരിച്ചേക്കുമെന്ന് സൂചന. വി.എസിന്റെ ജന്മനാടായ ആലപ്പുഴയിലെ കായംകുളത്തേക്കാണ് അരുണ്‍ കുമാറിനെ പ്രധാനമായും പരിഗണിക്കുന്നത്. വി.എസ് അവസാനം എം.എൽ.എ ആയിരുന്ന മലമ്പുഴ മണ്ഡലവും പരിഗണനയിലുണ്ട്.

വി.എസ് അച്യുതാനന്ദന് കേരള ജനതക്കിടയിൽ ഉണ്ടായിരുന്ന അസാധാരണമായ പിന്തുണ തങ്ങൾക്ക് അനുകൂലമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അരുൺകുമാറിനെ സ്ഥാനാർഥിയാക്കുന്നത്. അരുണ്‍ കുമാര്‍ മത്സരിച്ചാല്‍ വി.എസ് ഫാക്ടര്‍ ചര്‍ച്ചയാക്കാന്‍ സാധിക്കുമെന്നും ഇത് വിജയത്തിലെത്തിക്കുമെന്നുമാണ് പാർട്ടിയുടെ വിലയിരുത്തല്‍.

യു. പ്രതിഭ അവിടെ രണ്ട് തവണ എം.എൽ.എ ആയതിനാല്‍ വീണ്ടും മത്സരിക്കുന്നതിന് പാർട്ടി ഇളവ് നൽകിയാൽ മാത്രമേ കഴിയുകയുള്ളൂ എന്ന വസ്തുതയുമുണ്ട്. ഐ.എച്ച്.ആർ.ഡി. അസിസ്റ്റന്റ് ഡയറക്ടറായ അരുൺകുമാറിന് നിലവിൽ ഡയറക്‌ടറുടെ താൽക്കാലിക ചുമതല കൂടിയുണ്ട്. നിലവിൽ വി.എ അരുൺകുമാർ പാർട്ടി അംഗമല്ല. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ഇത് തടസമല്ല. പക്ഷെ ഉയര്‍ന്ന പദവിയായതിനാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ അരുണിന് ഡയറക്ടർ സ്ഥാനം രാജി വെക്കേണ്ടി വരും.

എന്നാല്‍, സ്ഥാനാർഥിത്വത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നും പാര്‍ട്ടിയാണ് അതെല്ലാം തീരുമാനിക്കേണ്ടതെന്നം വി.എ. അരുണ്‍ കുമാര്‍ പ്രതികരിച്ചു. സ്ഥാനാർഥി നിര്‍ണയമടക്കമുളള ചര്‍ച്ചകൾ മുന്നണിയിലോ പാർട്ടിയിലോ ആരംഭിച്ചിട്ടില്ലെങ്കിലും അനൗദ്യോഗിക ചർച്ചകൾ നടന്നുവരികയാണ്. 2001 മുതൽ 2016 വരെ മലമ്പുഴയിൽ നിന്നാണ് വി.എസ്. മത്സരിച്ച് ജയിച്ചത്. 

Tags:    
News Summary - Will VS's son Arunkumar contest from Kayangulam instead of Pratibha? Party hopes on VS effect

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.