മറ്റത്തൂരിലെ അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ
തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ തിളക്കമേറിയ ജയത്തിന്റെ നിറംകെടുത്തിയ തൃശൂർ മറ്റത്തൂരിലെ വിവാദങ്ങൾക്ക് ഒടുവിൽ സമവായത്തിലൂടെ പരിഹാരം കാണുന്നു.
ഡിസംബർ 27ന് നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി പിന്തുണയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായ നൂര്‍ജഹാന്‍ നവാസ് ശനിയാഴ്ച രാജിവെക്കും. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പ്രതിനിധിയായി റോജി എം. ജോൺ എം.എൽ.എ വിമത വിഭാഗം നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് അനുനയ തീരുമാനമാവുന്നത്.
വിമതയായി മത്സരിച്ച ടെസി മാത്യുവിന്റെ പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ കഴിയില്ല എന്ന നിർദേശം അംഗീകരിച്ചു കൊണ്ടാണ് കെ.പി.സി.സിയും അനുനയത്തിന് വഴങ്ങുന്നത്. വൈസ് പ്രസിഡന്റ് നൂര്‍ജഹാന്‍ നവാസിനെ രാജിവെക്കും. ബി.ജെ.പിയുമായി സഖ്യം ചേര്‍ന്ന് വോട്ട് ചെയ്ത പഞ്ചായത്ത് അംഗങ്ങള്‍ തെറ്റ് ഏറ്റുപറയും. പാർട്ടിയിൽ നിന്നും പുറത്താക്കിയ എട്ട് അംഗങ്ങൾക്കും തിരിച്ച് വരാനും അവസരം ഒരുക്കും.
സ്വതന്ത്രയായി മത്സരിച്ചു ജയിച്ചയാളാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ടെസ്സി ജോസ്. ഇവർക്കെതിരെ ആറു മാസം കഴിഞ്ഞു മാത്രമേ എൽ.ഡി.എഫിന് അവിശ്വാസം കൊണ്ടുവരാൻ സാധിക്കൂ. അപ്പോൾ നിലപാട് പ്രഖ്യാപിക്കാമെന്നാണ് കോൺഗ്രസ് തീരുമാനം.
സണ്ണി ജോസഫിന്റെ പ്രതിനിധി റോജി എം. ജോണ്‍ എം.എൽ.എ, വിമത നേതാവ് ടി.എം ചന്ദ്രന്‍ അടക്കമുള്ളവരുമായി ചർച്ച നടത്തി. വിമത വിഭാഗം നേതാക്കള്‍ ഉന്നയിച്ച പരാതികളിലും അന്വേഷണം നടത്തും. ഡി.സി.സി നേതൃത്വത്തിന് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കും.
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബി.ജെ.പി പിന്തുണയിൽ ജയിച്ചുവെങ്കിലും, തങ്ങളിൽ ഒരാൾ പോലും ബി.ജെ.പിയിൽ ചേർന്നിട്ടില്ലെന്നും ഇപ്പോഴും കോൺഗ്രസ് തന്നെയാണെന്നും അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഡി.സി.സി നേതൃത്വത്തിന്റെ തെറ്റായ സമീപനമാണ് സ്വതന്ത്ര സ്ഥാനാർഥിയെ പിന്തുണക്കാൻ കാരണമെന്നും, ബി.ജെ.പിയും ഈ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യുകയായിരുന്നുവെന്നും ഇവർ വ്യക്തമാക്കി.
കോൺഗ്രസ് അംഗങ്ങൾക്ക് വിപ്പ് നൽകിയെന്ന ഡി.സി.സി അധ്യക്ഷന്റെ വാദങ്ങൾ കള്ളമാണെന്ന് നടപടി നേരിട്ട ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം ചന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. മുൻ ഭരണസമിതികളിൽ സി.പി.എം നടത്തിയ അഴിമതി മൂടിവെക്കാനായി കോൺഗ്രസ് അംഗം കെ.പി. ഔസേപ്പിനെ വിലക്കെടുത്തതിന്‍റെ പരിണിത ഫലമാണ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ കണ്ടതെന്നും വ്യക്തമാക്കി.
24 സ്ഥാനാർഥികളാണ് യു.ഡി.എഫിൽ മത്സരിച്ചത്. കെ.പി. ഔസേപ്പ് എന്ന കോൺഗ്രസ് സ്ഥാനാർഥിയെ സി.പി.എം വിലക്കെടുത്തു. 10 അംഗങ്ങൾ വീതം യു.ഡി.എഫിലും എൽ.ഡി.എഫിലും ഉള്ളപ്പോൾ നറുക്കെടുപ്പിലൂടെ ഔസേപ്പ് പ്രസിഡന്‍റാകുമായിരുന്നു. അല്ലെങ്കിൽ സി.പി.എം അംഗ പ്രസിഡന്‍റാകും. നിലനിൽക്കുന്ന 50 ശതമാനം സാധ്യത ഇല്ലാതാക്കാൻ ഔസേപ്പിനെ വിലക്കെടുത്തു.
പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് തുടങ്ങിയപ്പോൾ ഔസേപ്പിന്‍റെ പേര് സി.പി.എം നിർദേശിച്ചതോടെ ടെസിയുടെ പേര് കോൺഗ്രസ് അംഗങ്ങൾ പറഞ്ഞു. സി.പി.എം വിരോധം കാരണം ബി.ജെ.പി അംഗങ്ങൾ ടെസിക്ക് വോട്ട് ചെയ്തു. ടെസിക്ക് 12ഉം ഔസേപ്പിന് 11ഉം വോട്ട് ലഭിച്ചു.
സംസ്ഥാന തലത്തിൽ തന്നെ കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയ രാഷ്ട്രീയ വിവാദത്തിന് ഒടുവിൽ കെ.പി.സി.സി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് മുതിര്‍ന്ന മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചർച്ചയും സമവായവും രൂപപ്പെടുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ്, വയനാട് നടക്കുന്ന ചിന്തന്‍ ശിബിരിന് മുന്‍പ് പ്രശ്‌നം പരിഹരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് റോജി എം ജോൺ എം.എൽ.എ ദൂതനായി ചർച്ചകൾ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.