തൊണ്ടിമുതൽ തിരിമറിക്കേസിൽ മുൻ മന്ത്രി ആന്‍റണി രാജു എം.എൽ.എ കുറ്റക്കാരൻ

തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറിക്കേസിൽ മുൻ മന്ത്രിയും എൽ.ഡി.എഫ് നേതാവുമായ ആന്റണി രാജു എം.എൽ.എവും കോടതി ജീവനക്കാരനായ കെ.എസ്. ജോസും കുറ്റക്കാർ. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജി റൂബി ഇസ്മാഈൽ ആണ് കുറ്റക്കാരെന്ന് വിധിച്ചത്. ഉച്ചക്ക് 2.45ന് കേസ് വീണ്ടും പരിഗണിച്ച് പ്രതികൾക്കുള്ള പരമാവധി ശിക്ഷ കോടതി വിധിക്കും.

കേസിൽ രണ്ടാം പ്രതിയാണ് ആന്‍റണി രാജു. കോടതി ജീവനക്കാരനായ ജോസ്​ ആണ് ഒന്നാം പ്രതി. പ്രതികൾക്കെതിരെ പൊതുസേവകന്‍റെ നിയമലംഘനം, ഐ.പി.സി 409 -സർക്കാർ ഉദ്യോഗസ്ഥരുടെ വിശ്വാസ വഞ്ചന, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, വ്യാജരേഖ ചമക്കൽ, ഐ.പി.സി 34- പൊതുവായ ഉദ്ദേശ്യത്തോടെ കുറ്റകൃത്യം ചെയ്യൽ എന്നീ ആറു വകുപ്പുകളിൽ കുറ്റം തെളിഞ്ഞെന്ന് കോടതി ചൂണ്ടിക്കാട്ടി.

10 വർഷം മുതൽ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഐ.പി.സി 409. അതേസമയം, പ്രതികൾക്കെതിരെ ചുമത്തിയ മൂന്നു വകുപ്പുകൾ കോടതി ഒഴിവാക്കി. ഐ.പി.സി 420, 317, 468 എന്നിവയാണ് ഒഴിവാക്കിയ വകുപ്പുകൾ.

10 വർഷം മുതൽ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാൻ സാധ്യതയുള്ള വകുപ്പ് ചുമത്തിയതിനാൽ പ്രതികൾക്കുള്ള ശിക്ഷ തിരുവനന്തപുരം സി.ജെ.എം കോടതിയാകും വിധിക്കുക. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ നെടുമങ്ങാട്ടെ വിചാരണ കോടതിയിൽ അപേക്ഷ നൽകി. 10 വർഷം മുതൽ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാൻ സാധ്യതയുള്ള വകുപ്പ് ചുമത്തുന്ന കേസുകളിൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിക്കാൻ സാധിക്കില്ല.

36 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള കേ​സിലാണ് വി​ചാ​ര​ണ കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത്. 19 വ​ർ​ഷ​മാ​യി നി​ശ്ച​ലാ​വ​സ്ഥ​യി​ലാ​യിരുന്ന കേ​സിൽ സുപ്രീംകോടതിയുടെ നിർദേശ പ്രകാരമാണ് വിചാരണ വേഗത്തിലാക്കിയത്.

1990 ഏ​പ്രി​ല്‍ നാ​ലി​ന് അ​ടി​വ​സ്ത്ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ച രണ്ട് പാക്കറ്റ് മ​യ​ക്കു​മ​രു​ന്നു​മാ​യി തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ലാ​യ ആ​സ്‌​ട്രേ​ലി​യ​ന്‍ പൗ​ര​ൻ ആൻഡ്രു സാൽവദോറിനെ ര​ക്ഷി​ക്കാ​ന്‍ കോ​ട​തി​യി​ലി​രു​ന്ന തൊ​ണ്ടി​മു​ത​ല്‍ മാ​റ്റി​യെ​ന്നാ​ണ് കേസ്. സെ​ഷ​ന്‍സ് കോ​ട​തി ശി​ക്ഷി​ച്ച പ്ര​തി​യെ ഹൈ​കോ​ട​തി​യി​ൽ ​നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ തൊ​ണ്ടി​യാ​യ അ​ടി​വ​സ്ത്രം മാ​റ്റി​വെ​ച്ചു​വെ​ന്നാ​ണ് ആ​ന്റ​ണി രാ​ജു​വി​നെ​തി​രാ​യ കു​റ്റാ​രോ​പ​ണം.

മാ​റ്റി​വെ​ച്ച അ​ടി​വ​സ്ത്രം പ്ര​തി​ക്ക് പാ​ക​മ​ല്ലെ​ന്ന് ക​ണ്ട് തടവുശിക്ഷ ലഭിച്ച ആ​സ്ട്രേ​ലി​യ​ൻ പൗ​ര​നെ ഹൈ​കോ​ട​തി വെ​റു​തെ​വി​ടു​ക​യും ചെ​യ്തിരുന്നു. ഈ കേസിൽ ആന്റണി രാജുവായിരുന്നു വിദേശ പൗരന്റെ അഭിഭാഷകൻ. ആൻഡ്രു സാൽവദോറിന്‍റെ അഭിഭാഷകയുടെ ജൂനിയറായിരുന്ന ആന്‍റണി രാജു കോടതി ക്ലർക്കിന്‍റെ സഹായത്തോടെ അടിവസ്ത്രം പുറത്തെത്തിച്ച് വെട്ടിതയ്ച്ച് ചെറുതാക്കി തിരികെ വെച്ചെന്നാണ് കണ്ടെത്തൽ.

എന്നാൽ, മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായ സാൽവദോർ സഹതടവുകാരനോട് തൊണ്ടിമുതൽ തിരിമറിയെ കുറിച്ച് പറഞ്ഞതോടെ സംഭവം പുറത്തായത്. തുടർന്ന് 1994ല്‍ ​തൊ​ണ്ടി​മു​ത​ലി​ല്‍ കൃ​ത്രി​മം കാ​ണി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ തി​രു​വ​ന​ന്ത​പു​രം വ​ഞ്ചി​യൂ​ര്‍ പൊ​ലീ​സ് കേ​സെ​ടു​ത്തു.

കോടതിയിൽ സൂക്ഷിച്ച അടിവസ്ത്രത്തിൽ കൃത്രിമത്വം നടന്നുവെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥൻ പരാതി നൽകിയതോടെയാണ് പ്രതിക്ക് വേണ്ടി ഹാജരായ ആന്‍റണി രാജുവും സർക്കാർ ജീവനക്കാരനായ ജോസും പ്രതികളായത്. തുടർന്ന് ഇരുവരെയും പ്രതികളാക്കി കുറ്റപത്രം സമർപ്പിച്ചു. 13 വർഷം കഴിഞ്ഞാണ് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. 30ലധികം തവണ കേസ് മാറ്റിവെച്ചിരുന്നു.

കേസിൽ വിചാരണ നേരിടണമെന്ന ഹൈകോടതി വിധിക്കെതിരെ ആന്‍റണി രാജു നല്‍കിയ അപ്പീല്‍ സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. ഹൈകോടതി ഉത്തരവിൽ പിഴവില്ലെന്നും വിചാരണ നേരിടണമെന്നും ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നുമാണ് അന്ന് സുപ്രീംകോടതി നിർദ്ദേശം നൽകിയത്.

മു​ൻ ഗ​താ​ഗ​ത മ​ന്ത്രി​യും അ​ഭി​ഭാ​ഷ​ക​നു​മാ​യ ആ​ന്റ​ണി രാ​ജു മ​യ​ക്കു​മ​രു​ന്ന് കേ​സി​ലെ പ്ര​തി​യാ​യ വി​ദേ​ശ​പൗ​ര​നെ ര​ക്ഷി​ക്കാ​ൻ തൊ​ണ്ടി​മു​ത​ൽ മാ​റ്റി​യെ​ന്ന ആ​രോ​പ​ണം ഗു​രു​ത​ര​മാ​ണെ​ന്ന് ചൂണ്ടിക്കാട്ടി സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.

തൊണ്ടിമുതൽ തിരിമറിക്കേസിൽ വിചാരണ കോടതി ഉത്തരവ്​ പുറപ്പെടുവിക്കുന്നത്​ ഹൈകോടതി നേരത്തെ താൽകാലികമായി തടഞ്ഞിരുന്നു. ഒന്നാം പ്രതി ജോസ്​ സർക്കാർ സർവിസിലുള്ളയാളായതിനാൽ വഞ്ചനക്കുറ്റമടക്കം ​പ്രതികൾക്കെതിരെ ചുമത്ത​ണമെന്ന് ആവശ്യപ്പെട്ട്​ മാധ്യമപ്രവർത്തകനായ അനിൽ ഇമ്മാനുവൽ സമർപ്പിച്ച ഹരജിയിലാണ്​ ജസ്റ്റിസ്​ കൗസർ എടപ്പഗത്ത് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്​. വിചാരണ നടക്കുന്ന നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഈ ആവശ്യം നേരത്തെ നിരസിച്ചിരുന്നു.

Tags:    
News Summary - Former Minister Antony Raju MLA guilty in Evidence Tampering Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.