ലീഗ് കൂടുതൽ സീറ്റ് ചോദിക്കുമെന്ന് സാദിഖലി തങ്ങൾ; കുഞ്ഞാലിക്കുട്ടി നയിക്കും, വനിത സ്ഥാനാർഥിയുണ്ടാവും, കേരള കോൺഗ്രസ് യു.ഡി.എഫിൽ വരും

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ മുസ്​ലിം ലീഗിന് കൂടുതൽ സീറ്റിന് അർഹതയുണ്ടെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ. യു.ഡി.എഫ് യോഗത്തിൽ ഇക്കാര്യം ആവശ്യപ്പെടുമെന്നും ചർച്ചയിലൂടെ അന്തിമ തീരുമാനം എടുക്കുമെന്നും തങ്ങൾ പറഞ്ഞു.

കോട്ടയം അടക്കമുള്ള ജില്ലകളിൽ മത്സരിക്കാൻ ആഗ്രഹമുണ്ട്. ചില സീറ്റുകൾ വെച്ചുമാറണമെന്നും കൂടുതൽ സീറ്റുകൾ ചോദിക്കണമെന്നുമുള്ള ആഗ്രഹം ലീഗ് അണികൾക്കുണ്ട്. ഈ വിഷയവും ചർച്ചക്ക് വെക്കും.

നിയമസഭ തെരഞ്ഞെടുപ്പിൽ 100 സീറ്റിൽ യു.ഡി.എഫിന് വിജയിക്കാനാവും. 80 സീറ്റുകളിൽ വ്യക്തമായ ഭൂരിപക്ഷമുണ്ട്. മുസ്​ലിം-ക്രിസ്ത്യൻ ജനവിഭാഗങ്ങൾക്കിടയിൽ സൗഹൃദാന്തരീക്ഷം വന്നിട്ടുണ്ട്. അത് യു.ഡി.എഫ് ഗുണകരമായി തീരും. കേരള കോൺഗ്രസ് മാണി വിഭാഗത്തെ യു.ഡി.എഫിൽ എത്തിക്കാൻ ശ്രമം തുടരുകയാണ്. കേരള കോൺഗ്രസിന്‍റെ മനസ് യു.ഡി.എഫിനൊപ്പമാണ്.

മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ച് ലീഗിന് നിർദേശമില്ല. സ്ഥാനാർഥിയെ കോൺഗ്രസ് തീരുമാനിക്കട്ടെ. വി.ഡി. സതീശനും രമേശ് ചെന്നിത്തലയും കെ.സി. വേണുഗോപാലും ലീഗിന് ഒരുപോലെ അടുപ്പമുള്ള നേതാക്കളാണ്. കോൺഗ്രസിന് തനതായ ശൈലിയും പാരമ്പര്യവുമുണ്ട്.

വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പി.കെ. കുഞ്ഞാലിക്കുട്ടി തന്നെ ലീഗിനെ നയിക്കും. ലീഗിന്‍റെ സ്ട്രാറ്റജി മേക്കർ കുഞ്ഞാലിക്കുട്ടിയാണ്. ഇത്തവണയും ലീഗിന് വനിതാ സ്ഥാനാർഥി ഉണ്ടാകും. യുവാക്കൾക്കും പരിചയ സമ്പന്നരെയും സ്ഥാനാർഥികളായി പരിഗണിക്കും.

വെൽഫെയർ പാർട്ടിയുമായി മുന്നണി ബന്ധത്തിന് യു.ഡി.എഫ് തയാറായിട്ടില്ല. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പ്രാദേശിക തലത്തിൽ സ്ഥാനാർഥികൾ തമ്മിൽ നീക്കുപോക്ക് ഉണ്ടായിട്ടുണ്ട്. മലപ്പുറം ജില്ലയിൽ വാർഡുകളിൽ വെൽഫെയർ പാർട്ടിയും എൽ.ഡി.എഫും തമ്മിൽ നീക്കുപോക്ക് നടത്തിയിരുന്നു. ജനാധിപത്യത്തിൽ വെൽഫെയർ പാർട്ടിയുടെ വോട്ട് വേണ്ടെന്ന് പറയില്ലെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.

Tags:    
News Summary - Panakkad Sadikali Thangal says the League will ask for more seats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.