17കാരൻ മരിച്ചത് മയക്കുമരുന്ന് കുത്തിവെച്ചെന്ന് മാതാവ്: ‘സുഹൃത്തുക്കൾ അമിത അളവിൽ മയക്കുമരുന്ന് നൽകി’

പെരുമാതുറ (തിരുവനന്തപുരം): പെരുമാതുറയിൽ 17കാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചത് സുഹൃത്തുക്കൾ അമിത അളവിൽ മയക്കുമരുന്ന് കുത്തിവെച്ചതിനെ തുടർന്നെന്ന് മാതാവിന്റെ പരാതി. പെരുമാതുറ ഫെഡറൽ ബാങ്കിന് സമീപം തെരുവിൽ വീട്ടിൽ സുൽഫിക്കർ -റജില ദമ്പതികളുടെ മകൻ ഇർഫാൻ (17) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു മരണം. സുഹൃത്തുക്കൾക്കെതിരെ മാതാവ് കഠിനംകുളം പൊലീസിൽ പരാതി നൽകി.

ഇന്നലെ വൈകീട്ട് ആറു മണിയോടെയാണ് ഇർഫാനെ ഒരു സുഹൃത്ത് വീട്ടിൽ നിന്ന് വിളിച്ചു കൊണ്ടുപോയത്. രാത്രി ഏഴുമണിയോടെ ക്ഷീണിതനായ നിലയിൽ ഇർഫാനെ ഒരാൾ വീട്ടിനടുത്ത് ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു. ചില സുഹൃത്തുക്കൾ ചേർന്ന് എന്തോ മയക്കുമരുന്ന് മണപ്പിച്ചു എന്ന് ഇർഫാൻ പറഞ്ഞതായി മാതാവ് പറഞ്ഞു.

തുടർന്ന് ചർദ്ദിക്കുകയും ബോധരഹിതനാവുകയും ചെയ്തതോടെ വീട്ടുകാർ പുതുക്കുറിച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഏതോ ലഹരി ഉപയോഗിച്ചതായി ഡോക്ടറോടും പറഞ്ഞിരുന്നു. ആശ്വാസം അനുഭവപ്പെട്ടതോടെ രാത്രി തന്നെ വീട്ടിലേക്ക് മടങ്ങിയെത്തി.

എന്നാൽ, രണ്ടു മണിയോടെ സ്ഥിതി വഷളാവുകയായിരുന്നു. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ ബന്ധുക്കൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് പുലർച്ചയോടെ മരണപ്പെടുകയായിരുന്നു. മരണകാരണം അമിത മയക്കുമരുന്ന് ഉപയോഗമാണെന്ന് സംശയിക്കുന്നതായി കഠിനംകുളം പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം വൈകുന്നേരം പെരുമാതുറ ജുമാ മസ്ജിദിൽ ഖബറടക്കും.

Tags:    
News Summary - 17-year-old dies after injecting drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.