ന്യൂഡൽഹി: ഡെലിവറി പങ്കാളികൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്ത് സൊമാറ്റോയും സ്വിഗ്ഗിയും. ഗിഗ് വർക്കേഴ്‌സ് യൂനിയനുകളുടെ പണിമുടക്ക് കാരണം പുതുവത്സരാഘോഷത്തിലെ സേവന തടസ്സങ്ങൾ കുറക്കുന്നതിനാണ് പുതിയ നീക്കം. മെച്ചപ്പെട്ട ശമ്പളവും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങളും ആവശ്യപ്പെട്ട് ലക്ഷക്കണക്കിന് തൊഴിലാളികൾ രാജ്യവ്യാപകമായി പണിമുടക്കിൽ പങ്കുചേരുമെന്ന് തെലങ്കാന ഗിഗ് ആൻഡ് പ്ലാറ്റ്‌ഫോം വർക്കേഴ്‌സ് യൂനിയൻ, ഇന്ത്യൻ ഫെഡറേഷൻ ഓഫ് ആപ്പ്-ബേസ്ഡ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് എന്നിവർ അറിയിച്ചിരുന്നു.
പുതുവത്സരത്തിലെ പണിമുടക്ക് സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, ഇൻസ്റ്റാമാർട്ട്, സെപ്‌റ്റോ തുടങ്ങിയ ഭക്ഷ്യ വിതരണ, ദ്രുത വാണിജ്യ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ ബാധിച്ചേക്കാമെന്ന് വ്യവസായ വൃത്തങ്ങൾ അറിയിച്ചു. പുതുവത്സര ദിനത്തിൽ വൈകുന്നേരം ആറ് മുതൽ പുലർച്ചെ 12 വരെ, ഡെലിവറി പങ്കാളികൾക്ക് 120 രൂപ മുതൽ 150 രൂപ വരെ പേഔട്ടുകൾ സൊമാറ്റോ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഓർഡർ അളവും ജീവനക്കാരുടെ ലഭ്യതയും അനുസരിച്ച്, ദിവസത്തിൽ 3000 രൂപ വരെ വരുമാനം നൽകുമെന്നും പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്തിട്ടുണ്ട്.
കൂടാതെ, ഓർഡർ നിരസിക്കലിനും റദ്ദാക്കലിനും സൊമാറ്റോ താൽക്കാലികമായി പിഴകൾ ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ഉയർന്ന ഡിമാൻഡ് ഉള്ള ഉത്സവ, വർഷാവസാന കാലയളവുകളിൽ പിന്തുടരുന്ന ഒരു സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രോട്ടോക്കോളാണിതെന്നാണ് സൊമാറ്റോ, ബ്ലിങ്കിറ്റ് ബ്രാൻഡുകളുടെ മാതൃസ്ഥാപനമായ എറ്റേണൽ അറിയിച്ചത്.
അതുപോലെ, സ്വിഗ്ഗി വർഷാവസാന കാലയളവിൽ ഓഫറുകൾ വർധിപ്പിച്ചിട്ടുണ്ട്. ഡിസംബർ 31നും ജനുവരി ഒന്നിനും ഇടയിൽ ഡെലിവറി തൊഴിലാളികൾക്ക് 10000 രൂപ വരെ വരുമാനം വാഗ്ദാനം ചെയ്യുന്നുണ്ടെന്നാണ് വിവരം. പുതുവത്സരദിനത്തിൽ വൈകുന്നേരം ആറ് മണി മുതൽ പുലർച്ചെ 12 മണി വരെയുള്ള ആറ് മണിക്കൂർ കാലയളവിൽ പ്ലാറ്റ്‌ഫോം 2000 രൂപ വരെ വരുമാനം വാഗ്ദാനം ചെയ്യുന്നു.
അതേസമയം, മെച്ചപ്പെട്ട വേതനം, ഗിഗ് പ്ലാറ്റ്‌ഫോം തൊഴിലാളികൾക്കായി സമഗ്രമായ ദേശീയ നയം എന്നിവ ആവശ്യപ്പെട്ടാണ് പുതുവത്സര ദിനത്തിലെ സമരം. ഡിസംബർ 25ന് ക്രിസ്മസ് ദിനത്തിലും തൊഴിലാളികൾ പണിമുടക്ക് നടത്തിയിരുന്നു. തൊഴിലാളികളുടെ ജീവൻ അപകടത്തിലാക്കുന്ന ‘10 മിനിറ്റ് ഡെലിവറി’ സംവിധാനം പിൻവലിക്കണം, സുതാര്യമായ വേതന ഘടന ഉറപ്പാക്കണം, അപകട ഇൻഷുറൻസ്, പെൻഷൻ ഉൾപ്പെടെയുള്ള സാമൂഹിക സുരക്ഷ ആനുകൂല്യങ്ങൾ ലഭ്യമാക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.