യോഗി ആദിത്യനാഥിന്‍റെ പരാമർശം സംസ്ഥാനങ്ങളുടെ ഐക്യം തകർക്കുന്നത്: അടിയന്തര പ്രമേയവുമായി ടി.എൻ പ്രതാപൻ

ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ കേരള, കശ്മീർ, ബംഗാൾ പരാമർശത്തിനെതിരെ ലോക്സഭയിൽ അടിയന്തര പ്രമേയവുമായി ടി.എൻ പ്രതാപൻ. യോഗി ആദിത്യനാഥിന്‍റെ പരാമർശം അങ്ങേയറ്റം ഗൗരവമുള്ളതാണെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയുള്ള നോട്ടീസിൽ പ്രതാപൻ ചൂണ്ടിക്കാട്ടി.

സംസ്ഥാനങ്ങൾ തമ്മിലുള്ള ഐക്യത്തെ തകർക്കുന്ന ഇത്തരം പരാമർശങ്ങൾ മുഖ്യമന്ത്രിമാർ തന്നെ പറയാൻ തുടങ്ങിയാൽ ഇത് രാജ്യത്തിന്‍റെ അഖണ്ഡതയെ ബാധിക്കും. മറ്റ് സംസ്ഥാനങ്ങളെ അപരവത്കരിച്ച് തെരഞ്ഞെടുപ്പിൽ ലാഭമുണ്ടാക്കാമെന്ന് വിചാരിക്കുന്ന രാഷ്ട്രീയ പാപ്പരത്തം നിരുത്സാഹപ്പെടുത്തേണ്ടതാണെന്നും ടി.എൻ പ്രതാപൻ നോട്ടീസിൽ ചൂണ്ടിക്കാട്ടി.

ഉത്തർപ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് വിവാദ പരാമർശവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തിയത്. വോട്ടർമാർക്ക് തെറ്റുപറ്റിയാൽ യു.പി കേരളമോ കശ്മീരോ ബംഗാളോ ആയി മാറുമെന്നായിരുന്നു യോഗിയുടെ പരാമർശം.

ഈ അഞ്ച് വർഷത്തിനുള്ളിൽ ഒരുപാട് അത്ഭുതകരമായ കാര്യങ്ങൾ സംഭവിച്ചെന്നും നിങ്ങൾക്ക് തെറ്റുപറ്റിയാൽ അഞ്ച് വർഷത്തെ അധ്വാനം നശിച്ചു പോകുമെന്നും അങ്ങനെ സംഭവിക്കുകയാണെങ്കിൽ ഉത്തർപ്രദേശിന് കേരളമോ, കാശ്മീരോ, ബംഗാളോ ആയി മാറാൻ കൂടുതൽ സമയം വേണ്ടി വരില്ലെന്നും ആണ് യോഗി പറഞ്ഞത്.

യോഗി ആദിത്യനാഥിന്‍റെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്തെത്തിയിരുന്നു. 

Tags:    
News Summary - Yogi Adityanath's remarks undermine unity of states: TN Prathapan with urgent resolution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.