കുടുംബത്തിന്റെ ഭീഷണിയിൽനിന്ന് പൊലീസ് സംരക്ഷണം തേടി മന്ത്രിയുടെ മകൾ

ചെന്നൈ: ജീവന് ഭീഷണി നേരിട്ടതോടെ പൊലീസ് സംരക്ഷണം തേടി മ​ന്ത്രിപുത്രിയായ നവവധു. തമിഴ്‌നാട് മന്ത്രി പി. കെ ശേഖർ ബാബുവിന്റെ മകൾ ജയകല്യാണിയാണ് വിവാഹം കഴിച്ചതിനെ തുടർന്ന് വീട്ടുകാരിൽ നിന്നും ജീവന് ഭീഷണി നേരിടു​ന്നുണ്ടെന്ന് കാട്ടി ബംഗളൂരു പൊലീസിനോട് സംരക്ഷണം തേടിയത്. പാർശ്വവത്കൃത സമുദായത്തിലെ യുവാവിനെ വിവാഹം കഴിച്ചതോടെ വീട്ടുകാരിൽ നിന്ന് നിരന്തരമായി ഭീഷണി നേരിട്ടിരുന്നതായി യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. സംരക്ഷണം ആവശ്യപ്പെട്ട് ജയകല്യാണി ബംഗളൂരു പൊലീസ് കമ്മീഷണർ കമൽ പന്തിന് നിവേദനം നൽകി.

തമിഴ്നാട് ഹിന്ദുമത-ചാരിറ്റബിൾ എൻഡോവ്‌മെന്റ് മന്ത്രി ശേഖറിന്‍റെ മകളും ഡി.എം.കെ അംഗമായ സതീഷ് കുമാറുമായുള്ള വിവാഹം ഈയടുത്താണ് നടന്നത്. വർഷങ്ങളായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും വീട്ടുകാർ ബന്ധത്തിന് എതിരായിരുന്നുവെന്നും യുവതി പറഞ്ഞു. ഏതാനും മാസങ്ങൾക്ക് മുൻപ് ഇരുവരും വിവാഹിതരാകാൻ ശ്രമിച്ചിരുന്നെങ്കിലും വിവാഹചടങ്ങിന് മുൻപായി സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയിൽ വെക്കുകയുമായിരുന്നു. അറസ്റ്റിന് പിന്നിൽ പിതാവാണെന്ന് സംശയമുണ്ടെന്നും ഇരുവരും പ്രായപൂർത്തിയായതിനാൽ വിവാഹവുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്നും ജയകല്യാണി വ്യക്തമാക്കി.

വിവാഹം നടന്നതറിഞ്ഞാൽ വീണ്ടും അറസ്റ്റ് ഉണ്ടാകുമോ എന്ന ഭയം കാരണമാണ് ബംഗളൂരുവിലേക്ക് മാറിയതെന്നും കർണാടക പൊലീസിന്‍റെ സഹായം തേടിയതെന്നും യുവതി പറഞ്ഞു. വധുവിന്‍റെ കുടുംബത്തിൽ നിന്നും ഭീഷണി നേരിട്ട സാഹചര്യത്തിലാണ് ഇരുവരും പൊലീസിൽ സഹായമഭ്യർത്ഥിച്ചതെന്ന് വിവാഹത്തിന് സാക്ഷി നിന്ന മനുഷ്യാവകാശ പ്രവർത്തകൻ ഭരത് ഷെട്ടി പറഞ്ഞു.

കഴിഞ്ഞ വർഷം മന്ത്രിയുടെ മകളെ വിവാഹം കഴിക്കുന്നതിന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍റെ സഹായമഭ്യർത്ഥിക്കുന്ന വീഡിയോ സതീഷ് പുറത്തുവിട്ടിരുന്നു. ഇതോടെയാണ് യുവതിയുടെ കുടുംബം വിവരം അറിയുന്നത്. സംഭവത്തെ തുടർന്ന് ഇരുവരും കുറച്ചുകാലം അകന്നിരുന്നതായും എന്നാൽ പിന്നീട് ബന്ധം പുനസ്ഥാപിക്കുകയുമായിരുന്നു. 

Tags:    
News Summary - Woman seeks protection from Police after being threatened from family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.