സ്മൃതി ഇറാനിക്ക് പാചകവാതക വിലവർധനവിനെതിരെ പരാതി നൽകാനെത്തിയ എൻ.സി.പി പ്രവർത്തകക്ക് ബി.ജെ.പിക്കാരുടെ മർദനം

മുംബൈ: കേന്ദ്രമന്ത്രി സ്മൃതി ഇറാനി പങ്കെടുത്ത പുസ്തക പ്രകാശന ചടങ്ങിനിടെ എൻ.സി.പി പ്രവർത്തകയായ യുവതിയെ ബി.ജെ.പി പ്രവർത്തകർ മർദിച്ചതായി പരാതി. തിങ്കളാഴ്ച വൈകിട്ട് പൂണെയിലെ ബാലഗന്ധർവ്വ ഓഡിറ്റോറിയത്തിലാണ് സംഭവം. എൻ.സി.പി പ്രവർത്തകരായ വനിതകൾക്കൊപ്പം ഇറാനിക്ക് നിവേദനം നൽകാൻ പോയ വൈശാലി നാഗവാഡെയെ ബി.ജെ.പി പ്രവർത്തകർ കൂട്ടമായി ആക്രമിച്ചതെന്നാണ് പരാതി.

പാചകവാതക വിലവർധനവിനെതിരെ എൻ.സി.പി പ്രവർത്തകർ നൽകിയ പരാതി സ്വീകരിക്കാൻ ഇറാനി വിസമ്മതിച്ചതാണ് ഓഡിറ്റോറിയത്തിനുള്ളിൽ ബഹളത്തിന് ഇടയാക്കിയത്. തുടർന്ന് ബി.ജെ.പി പ്രവർത്തകർ ഇവരെ മർദിച്ചുവെന്നാണ് ഡെക്കാൻ ജിംഖാന പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നത്. എൻ.സി.പിയുടെ നാല് വനിതാ പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കുകയും അവരെ ബി.ജെ.പി പ്രവർത്തകർ തിരിച്ചറിയുകയും ചെയ്തതോടെയാണ് സംഘർഷമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. എൻ.സി.പി പ്രവർത്തകരെ പൊലീസ് സംരക്ഷണത്തിലാണ് ഓഡിറ്റോറിയത്തിന് പുറത്തേക്ക് കൊണ്ടുവന്നതെന്ന് പൊലീസ് ഇൻസ്പെക്ടർ മുരളീധർ കാർപെ പറഞ്ഞു. മർദനവും ആക്രമണവും സംബന്ധിച്ച ആരോപണങ്ങളിൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൻ.സി.പിക്കാരാണെന്ന് പറഞ്ഞ ബി.ജെ.പി പ്രവർത്തകർ ആക്രോശിക്കുകയും നാഗവാഡെയെ മർദ്ദിക്കുകയും ചെയ്തുവെന്ന് മുതിർന്ന എൻ.സി.പി നേതാവ് അങ്കുഷ് കകഡെ പറഞ്ഞു. കൃത്യസമയത്ത് പൊലീസ് ഇടപെട്ടില്ലായിരുന്നുവെങ്കിൽ കാര്യങ്ങൾ വഷളാകുമായിരുന്നു. മുമ്പ് ഒരു ഹോട്ടലിൽ പരിപാടികൾക്കായി ഇറാനി എത്തിയപ്പോൾ പാർട്ടിയിലെ വനിതാ പ്രവർത്തകർ നിവേദനവുമായി പോയിരുന്നു. അന്നും നവേദനം സ്വീകരിക്കാൻ അവർ തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാഷ്ട്രീയ യാത്രയെക്കുറിച്ചുള്ള പുസ്തകത്തിന്റെ മറാത്തി പതിപ്പിന്റെ പ്രകാശന ചടങ്ങിലാണ് ഇറാനി പങ്കെടുത്തത്.

Tags:    
News Summary - Woman NCP worker heckled by BJP workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.