‘രാഹുൽ മാങ്കൂട്ടത്തിൽ മോഡൽ’ ആന്ധ്രയിലും; ജനസേന എം.എൽ.എക്കെതി​രെ പീഡനാരോപണം

അമരാവതി: കേരളത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ ഉയർന്നതിന് സമാനമായ ലൈംഗിക പീഡനാരോപണവുമായി ആന്ധ്രപ്രദേശിൽ യുവതി രംഗത്ത്. ജനസേന എം.എൽ.എ ആരവ ശ്രീധർ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും നിർബന്ധിത ഗർഭഛിദ്രത്തിന് ഇരയാക്കിയെന്നും യുവതി പറയുന്നു. സമൂഹമാധ്യമത്തിൽ പങ്കുവെച്ച വിഡിയോ സന്ദേശത്തിലാണ് സർക്കാർ ജീവനക്കാരി കൂടിയായ യുവതിയുടെ ഗുരുതര ആരോപണം.

2024ലെ തെരഞ്ഞെടുപ്പിൽ ആരവ ശ്രീധർ ​കൊഡൂരു മണ്ഡലത്തിൽനിന്നും ജയിച്ചതിന് പിന്നാലെയാണ് തനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയതെന്ന് യുവതി ആരോപിച്ചു. ജോലിസംബന്ധമായ ആവശ്യങ്ങൾക്കായി എം.എൽ.എയെ സമീപിച്ച തന്നെ ഭീഷണിപ്പെടുത്തി നിരവധി തവണ ലൈംഗികമായി പീഡിപ്പിക്കുകയും കാറിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ഉപദ്രവി​ച്ചെന്നും യുവതി പറഞ്ഞു.

ഗർഭിണിയായതോടെ കഴിഞ്ഞ വർഷം അഞ്ച് തവണ ഗർഭഛിദ്രം നടത്തേണ്ടിവന്നു. ഇതിനായി എം.എൽ.എ തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി. ഭർത്താവിനെ വിളിച്ച് താനുമായുള്ള ബന്ധം വേർപ്പെടുത്താൻ ആവശ്യപ്പെട്ടു. ജോലി ഇല്ലാതാക്കുന്നതിനെ കുറിച്ചും എം.എൽ.എ ഭീഷണിപ്പെടുത്തി. ഗർഭഛിദ്രം നടത്തണമെന്നാശ്യപ്പെട്ട് മൂന്ന് ദിവസം തുടരെ ഭീഷണിപ്പെടുത്തി​യെന്നും ഭർത്താവിനെ ഒഴിവാക്കിയാൽ ത​ന്നെ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നൽകിയെന്നും യുവതി പറഞ്ഞു.

എന്നാൽ യുവതിയുടെ ആരോപണങ്ങളെ ആരവ ശ്രീധർ നിഷേധിച്ചു. തനിക്കെതിരെയുള്ള ആസൂത്രിതമായ വിഡിയോ ആണ് പ്രചരിക്കുന്നതെന്നും തന്നെ അറിയാവുന്നവരോട് തന്നെ കുറിച്ച് അന്വേഷിച്ചാൽ സത്യം പുറത്തു വരുമെന്നും ആരവ് പറഞ്ഞു. താൻ മോശം വ്യക്തിയാണെന്നും മോശം കാര്യങ്ങൾ ചെയ്തുവെന്നും തന്റെ മണ്ഡലത്തിലെ ജനങ്ങൾക്ക് മുമ്പിൽ തെളിയിക്കാൻ സാധിക്കുമോ എന്നും എം.എൽ.എ ചോദിച്ചു.

കഴിഞ്ഞ ഒന്നര വർഷത്തോളം താൻ യുവതിയെ പീഡിപ്പിക്കുന്നുവെന്നാണ് ആരോപിച്ചത്. എന്നാൽ കഴിഞ്ഞ ആറ് മാസമായി തനിക്കെതിരെ വേട്ടയാടൽ നടക്കുകയാണ്. ഇത് സംബന്ധിച്ച് ത​​ന്റെ അമ്മ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കരിവാരി തേക്കാൻ ശ്രമിക്കുന്നവരെ വെളിച്ചത്ത് കൊണ്ടുവന്ന് അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും എം.എൽ.എ വ്യക്തമാക്കി.

ആരോപണത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നും ഇതുവരെ നടപടിയൊന്നുമില്ല. ആരോപണത്തിന് പിന്നാലെ ആന്ധ്രപ്രദേശിലെ വനിതാ കമീഷൻ അധ്യക്ഷ രയാപാട്ടി ശൈലജ യുവതിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. നിലവിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും വരും ദിവസങ്ങളിൽ കൂടുതൽ നിയമനടപടികളിലേക്ക് നീങ്ങാനാണ് സാധ്യത.

Tags:    
News Summary - Woman Alleges Jana Sena MLA Raped Her, Forced Her To Abort. He Denies Charge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.