ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിലായി നടന്ന വൻ സ്കോളർഷിപ് കുംഭകോണത്തിൽ സി.ബി.ഐ കേസെടുത്ത് അന്വേഷണം തുടങ്ങി. നിലവിലില്ലാത്തതോ പൂട്ടിപ്പോയതോ ആയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരിൽ ഭിന്നശേഷി സ്കോളർഷിപ് അപേക്ഷിക്കുക വഴി 11.4 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്. ഡൽഹി, ഉത്തർപ്രദേശ്, തമിഴ്നാട്, കർണാടക, ജമ്മു-കശ്മീർ എന്നിവിടങ്ങളിലായാണ് തട്ടിപ്പ് അരങ്ങേറിയതെന്നാണ് സി.ബി.ഐ കണ്ടെത്തൽ. 11, 12 ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് നൽകുന്ന ഭിന്നശേഷി പോസ്റ്റ് മെട്രിക് ഉൾപ്പെടെ ആറ് സ്കോളർഷിപ് പദ്ധതികൾ 2018ൽ ഏകീകരിച്ചിരുന്നു. സർക്കാർ ജീവനക്കാരും നോഡൽ ഓഫിസർമാരുമാണ് കേസിലെ പ്രതികൾ.
കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിലെ ഭിന്നശേഷി ശാക്തീകരണ വകുപ്പ് സെക്രട്ടറിയുടെ പരാതിയിൽ, കഴിഞ്ഞ വർഷം സി.ബി.ഐ പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. 28 സ്ഥാപനങ്ങളിലായി 926 വിദ്യാർഥികളുടെ പേരിൽ 11.41 കോടി സ്കോളർഷിപ് തുക തട്ടിയെടുത്തെന്നായിരുന്നു പരാതി. നിലവിലില്ലാത്ത പല സ്ഥാപനങ്ങളുമാണ് നാഷനൽ സ്കോളർഷിപ് പോർട്ടൽ വഴി തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 2017ൽ അടച്ചുപൂട്ടിയ ജമ്മു -കശ്മീരിലെ സത്യം കോളജ് ഓഫ് എജുക്കേഷൻ നാഷനൽ സ്കോളർഷിപ് പോർട്ടലിൽ വ്യാജ യൂസർ ഐ.ഡികൾ ഉപയോഗിച്ച് വിദ്യാർഥികളുടെ പേരിൽ സ്കോളർഷിപ് ഫണ്ട് തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുണ്ട്.
രാജസ്ഥാൻ, കർണാടക, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ 11 സ്ഥാപനങ്ങൾക്ക് പദ്ധതിയെക്കുറിച്ച് ധാരണയില്ലെങ്കിലും ഇവരുടെ പേരിലും തട്ടിപ്പ് അരങ്ങേറിയിട്ടുണ്ട്. ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒരിക്കലും പ്രവേശനം നേടാത്ത വിദ്യാർഥികളുടെ പേരിലായിരുന്നു തട്ടിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.