ഇന്ത്യ-നേപ്പാൾ ബന്ധം കൂടുതൽ ശക്തമാക്കും; ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർകൂടികാഴ്ച നടത്തി

ന്യൂഡൽഹി: ഇന്ത‍്യയും നേപ്പാളും തമ്മിൽ പ്രത്യേകബന്ധമുണ്ടെന്നും അതിന്‍റെ പൂർണ്ണമായ സാധ‍്യതകളിലേക്ക് ഉയർത്താന്‍ നിരവധി അവസരമുണ്ടെന്നും വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. ശനിയാഴ്ച നേപ്പാൾ വിദേശ കാര്യമന്ത്രി ശിശിർ ഖനാലുമായുള്ള കൂടികാഴ്ചക്കിടെയാണ് അദ്ദേഹത്തിന്‍റെ പ്രസ്താവന. വികസനം, കണക്റ്റിവിറ്റി, വ്യപാരം, ഗതാഗതം, ഊർജ്ജം തുടങ്ങി ഉഭയകക്ഷിബന്ധത്തിന്‍റെ എല്ലാ മേഖലകളും വിശകലനം ചെയ്ത ഇരു പ്രതിനിധികളും രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ പുതിയ തലങ്ങളിലേക്ക് കൊണ്ടുപോകുമെന്ന് ദൃഢപ്രതിജ്ഞയെടുത്തു. ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുന്നതിനായുള്ള നേപ്പാൾ വിദേശകാര്യമന്ത്രി ശിശിർഖനാലിന്‍റെ ഡൽഹി സന്ദർശനത്തിന്‍റെ ഭാഗമായാണ് ഇരു വിദേശകാര്യ മന്ത്രിമാരും കൂടി കാഴ്ച നടത്തിയത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി തർക്കത്തെക്കുറിച്ച് നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ നടത്തിയ വിവാദപരാമർശങ്ങൾക്കിടയിലാണ് അദ്ദേഹത്തിന്‍റെ സന്ദർശനം. അതേ സമയം നേപ്പാളുമായുള്ള ബന്ധത്തിന് ഇന്ത്യ വലിയ മുൻഗണന നൽകുന്നുണ്ടെന്നും നേപ്പാൾ സർക്കാർ ഇന്ത്യയുമായി സജീവമായും വ്യക്തമായും ഇടപഴകാൻ തയ്യാറാണെന്നും കൂടിക്കാഴ്ചയിൽ ഖനാൽ പറഞ്ഞു. `ഞങ്ങളുടെ അടുത്ത അയൽരാജ്യവും ഏറ്റവും പ്രധാനപ്പെട്ട പങ്കാളിയുമായ ഇന്ത്യയുമായി മാറ്റങ്ങൾ കൊണ്ടുവരുന്ന ഒരു ബന്ധം സ്ഥാപിക്കാനുള്ള ദൃഢനിശ്ചയം മാത്രമേ ഞങ്ങൾക്കുള്ളൂ' അദ്ദേഹം പറഞ്ഞു.

നൂതന ആശയങ്ങൾ, സ്റ്റാർട്ടപ്പുകൾ, ഡിജിറ്റൽ, ഫിനാൻഷ്യൽ, ടെക്നോളജി തുടങ്ങിയ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിനുള്ള സംരംഭങ്ങളെയും ഇരു വിദേശ മന്ത്രിമാർ സ്വാഗതം ചെയ്തു. അതിർത്തിയിലെ സുരക്ഷ നിലനിർത്താൻ ഇരുരാജ്യങ്ങളും അടുത്ത സഹകരണത്തോടെ പ്രവർത്തിക്കുന്നുണ്ടെന്ന് ജയശങ്കർ പറഞ്ഞു. പശ്ചിമേഷ്യയിലെ പ്രതിസന്ധിക്കിടയിലും നേപ്പാളിലേക്കുള്ള ഇന്ധന വിതരണം തടസമില്ലാതെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടികാഴ്ചയിൽ നേപ്പാളിനായി 'വോയ്‌സ് ഫസ്റ്റ്' ഭാഷാ വിവർത്തന പ്ലാറ്റ്‌ഫോം നിർമിക്കുന്നതിനായി ഡിജിറ്റൽ ഇന്ത്യ ഭാഷിണിയും കാഠ്മണ്ഡു സർവകലാശാലയും തമ്മിൽ കരാർ ഒപ്പുവെച്ചു.

Tags:    
News Summary - Will further strengthen India-Nepal relations; Foreign Ministers of both countries held a meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.