കൊച്ചി: രാജ്യത്ത് വിദേശ ധനസഹായം സ്വീകരിക്കുന്നതിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും എഫ്.സി.ആർ.എ നിയമഭേദഗതി കർശനമായി നടപ്പിലാക്കുമെന്ന സൂചന നൽകി ബി.ജെ.പി നേതാവ് വിഷ്ണു വർധൻ റെഡ്ഡി. സ്വന്തം നാട്ടിലെ വിഭവങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കാൻ സാധിക്കില്ലേ എന്ന് ചോദിച്ച അദ്ദേഹം, വിദേശ ഫണ്ട് സ്വീകരിക്കുന്നതിന്റെ ആവശ്യകതയെ രൂക്ഷമായ ഭാഷയിൽ ചോദ്യം ചെയ്തു. എറണാകുളത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തട്ടിപ്പ് നടത്തുന്നവർക്ക് മാത്രമേ വിദേശ ഫണ്ടിന്റെ ആവശ്യമുള്ളൂ എന്നും സത്യസന്ധമായി സേവനപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് അതിന്റെ ആവശ്യമില്ലെന്നുമാണ് ബി.ജെ.പിയുടെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു. വിദേശ ധനസഹായത്തിന്മേൽ വരുംദിവസങ്ങളിൽ കേന്ദ്രം കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്ന വ്യക്തമായ സൂചനയാണ് ആന്ധ്രാപ്രദേശിൽ നിന്നുള്ള മുതിർന്ന നേതാവായ വിഷ്ണു വർധൻ റെഡ്ഡി നൽകിയത്.
കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ അടക്കമുള്ളവർ വിവിധ വിഭാഗങ്ങളെ അനുനയിപ്പിച്ചു കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് വിദേശ ഫണ്ടിങിൽ വിട്ടുവീഴ്ചയില്ലാത്ത കേന്ദ്ര നിലപാട് പുറത്തുവരുന്നത്. വിദേശ സഹായത്തെ ആശ്രയിച്ച് പ്രവർത്തിക്കുന്ന സംസ്ഥാനത്തെ നിരവധി സന്നദ്ധ-മത സംഘടനകൾക്ക് കടുത്ത വെല്ലുവിളിയാകുന്നതാണ് കേന്ദ്രത്തിന്റെ ഈ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.