ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ‍്യപ്പെട്ട് കോക്രോച് ജനത പാർട്ടി(സി.ജെ.പി) നടത്തിയ പാർലമെന്‍റ് മാർച്ചിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ വിമർശനവുമായി മുതിർന്ന അഭിനേത്രിയും ബി.ജെ.പി എം.പിയുമായ ഹേമാ മാലിനി. തെരുവിലിറങ്ങി പ്രതിഷേധിക്കുന്നതിന് പകരം ചർച്ചകൾ നടത്തണമെന്നാണ് വാദം. പ്രതിഷേധത്തിൽ സർക്കാർ സ്വീകരിക്കുന്ന നിലപാടിനെയും അവർ അനുകൂലിച്ചു.
എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അത് ഉചിതമായ രീതിയിൽ ചർച്ച ചെയ്യണം. ഇത്തരത്തിൽ പ്രതിഷേധം സംഘടിപ്പിച്ചതുകൊണ്ട് ഒരു ഫലവും ഉണ്ടാകില്ല. രാജ്യത്തെ യുവാക്കൾക്കും വിദ്യാഭ്യാസ മേഖലയ്ക്കുമായി മോദി സർക്കാർ ഒപ്പമുണ്ടായിരുന്നു. വിദ്യാഭ്യാസ രംഗത്ത് സർക്കാർ ഏറെ പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്. അതിനാൽ ഇപ്പോൾ നിങ്ങൾ നടത്തുന്ന ഇത്തരം പ്രതിഷേധങ്ങൾക്ക് യാതൊരു ന്യായീകരണവുമില്ല, ഈ വിഷയം ചർച്ചയിലൂടെ പരിഹരിക്കണമെന്നാണ് ഞാന്‍ പറയുന്നത് എന്ന് ഹേമാമാലിനി പ്രതികരിച്ചു. പാർലമെന്‍റ് വർഷകാല സമ്മേളനം ആരംഭിച്ച ഘട്ടത്തിലാണ് നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ച വിവാദങ്ങളിൽ പ്രതിഷേധിച്ച് സി.ജെ.പി മാർച്ച് നടത്തിയത്. പിന്നാലെ ഇത് വന്‍ സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു.
പാർലമെന്റിന് സമീപം പ്രതിഷേധം ശക്തമായതിനെത്തുടർന്ന് സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്‌കെയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയ സമാജ്‌വാദി പാർട്ടി ലോക്സഭാംഗം ഡിംപിൾ യാദവ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അതേസമയം തലസ്ഥാന നഗരിയിൽ പ്രതിഷേധങ്ങൾ കനക്കുന്നതിനിടെ, ആഭ്യന്തരമന്ത്രി അമിത് ഷാ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനുമായി പാർലമെന്റ് മന്ദിരത്തിലെ ഓഫീസിൽ വെച്ച് അടിയന്തര കൂടിക്കാഴ്ച നടത്തി. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാകുന്ന സാഹചര്യത്തിൽ നടന്ന ഈ കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഇതിനുപുറമെ, കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ സി.ജെ.പി നേതാക്കളുമായി ചർച്ചകൾ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.