പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: പെട്രോളിലെ എഥനോൾ മിശ്രതത്തിന് പിന്നാലെ പാചക ഇന്ധനമായും എഥനോളിനെ ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര സർക്കാർ. എൽ.പി.ജിക്ക് (LPG) പകരമായി ഒരു ശുദ്ധമായ ഇന്ധനം എന്ന നിലയിലാണ് കേന്ദ്ര സർക്കാർ പദ്ധതിയെ കാണുന്നത്. ഇന്ത്യയിൽ എഥനോൾ ഉത്പാദനം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ പുതിയ പദ്ധതി അവതരിപ്പിക്കുന്നത്.
നിലവിൽ വാഹനങ്ങൾക്കായി ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ എഥനോൾ ഉൽപ്പാദിപ്പിക്കാൻ ഇന്ത്യക്ക് കഴിയുന്നുണ്ട്. ഇവ യഥാർഥ രീതിയിൽ ഉപയോഗപ്പെടുത്തുന്നതിലൂടെ പാചകവാതകത്തിനായി ഇന്ത്യ വൻതോതിൽ വിദേശത്തെ ആശ്രയിക്കുന്നുന്നത് കുറക്കാൻ സാധിക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ. കൂടാതെ, എൽ.പി.ജിയെ അപേക്ഷിച്ച് മലിനീകരണം കുറവുള്ള ഇന്ധനമാണ് എഥനോൾ. ഇത് പരിസ്ഥിതിക്ക് കൂടുതൽ ഗുണകരമാണെന്നും കരിമ്പ്, ധാന്യങ്ങൾ, ചോളം തുടങ്ങിയ കാർഷിക വിളകളിൽ നിന്ന് എഥനോൾ ഉൽപ്പാദിപ്പിക്കുന്നതിനാൽ കർഷകർക്ക് വരുമാനം വർധിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നു.
പാചകവാതക രംഗത്തേക്കുള്ള എഥനോളിന്റെ വരവ് എൽ.പി.ജിയെ പെട്ടെന്നൊന്നും പൂർണമായി മാറ്റിസ്ഥാപിക്കാനാകില്ല. പകരം, എൽ.പി.ജിക്ക് പുറമെ ഉപയോഗിക്കാവുന്ന ഒരു ബദൽ ഇന്ധനമായിട്ടാണ് സർക്കാർ ഇതിനെ കാണുന്നത്. ഹോട്ടലുകൾ, വാണിജ്യ അടുക്കളകൾ, വീടുകൾ എന്നിവിടങ്ങളിൽ ഘട്ടംഘട്ടമായി പദ്ധതി നടപ്പിലാക്കാനാണ് സാധ്യത.
നിലവിലുള്ള ഗ്യാസ് സ്റ്റൗവിൽ എഥനോൾ ഉപയോഗിക്കാൻ കഴിയില്ല എന്നത് സർക്കാർ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. അതിനാൽ തന്നെ എഥനോൾ ഉപയോഗത്തിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത സ്റ്റൗവുകൾ ആവശ്യമാണ്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഇതിനകം തദ്ദേശീയമായി നിർമിച്ച എഥനോൾ സ്റ്റൗവുകൾ രാജ്യത്ത് പ്രദർശിപ്പിച്ചിട്ടുണ്ട്. എഥനോൾ കൈകാര്യം ചെയ്യുന്നതിനും സൂക്ഷിക്കുന്നതിനും പുതിയ സുരക്ഷാ മാനദണ്ഡങ്ങളും വിതരണ ശൃംഖലയും ആവശ്യമാണ്. ഇതിനായുള്ള നയരൂപീകരണത്തിലാണ് പെട്രോളിയം മന്ത്രാലയം. പ്രധാനമായും പദ്ധതി ലക്ഷ്യമിടുന്നത് എൽ.പി.ജിയേക്കാൾ കുറഞ്ഞ നിരക്കിൽ എഥനോൾ ലഭ്യമാക്കാൻ കഴിയുമെന്ന വിലയിരുത്തലിലാണ്. എന്നാൽ, അന്തിമ വില നിശ്ചയിക്കുന്നത് ഉൽപ്പാദനച്ചെലവ്, ഗതാഗതച്ചെലവ്, സർക്കാർ നികുതി എന്നിവയെ ആശ്രയിച്ചിരിക്കും.
രാജ്യവ്യാപകമായി എഥനോൾ എത്തിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക എന്നത് സർക്കാറിന്റെ മുന്നിലുള്ള വലിയൊരു വെല്ലുവിളിയാണ്. എഥനോൾ ഉൽപ്പാദനത്തിനായി വൻതോതിൽ വെള്ളവും കാർഷിക വിളകളും ആവശ്യമാണ്. ഇത് ഭക്ഷ്യ സുരക്ഷയെ ബാധിക്കാത്ത രീതിയിൽ കൊണ്ടുപോകേണ്ടതുണ്ട്. കൂടാതെ, വീടുകളിൽ സുരക്ഷിതമായി ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ സ്റ്റൗവുകളും ഇന്ധന സംഭരണികളും വികസിപ്പിക്കേണ്ടതുണ്ട്. നിലവിൽ പെട്രോളിയം മന്ത്രാലയം ഇത് സംബന്ധിച്ച നയരൂപീകരണത്തിലാണ്. പദ്ധതി വാണിജ്യപരമായി എപ്പോൾ മുതൽ ലഭ്യമാകുമെന്നതിൽ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.