'യുവജനവിരുദ്ധ പ്രധാനമന്ത്രി: സർക്കാർ ചെയ്യുന്നത് വെറുപ്പുളവാക്കുന്നത്'; പൊലീസ് നടപടിയെ വിമർശിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: പാർലമെന്റിലേക്ക് മാർച്ച് നടത്തിയ പ്രതിഷേധക്കാർക്കെതിരെ ഡൽഹി പൊലിസ് നടത്തിയ നടപടിയെ രൂക്ഷമായി വിമർശിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കും യുവാക്കൾക്കും നേരെ ബലം പ്രയോഗിച്ചതിനെതിരെ സമൂഹമാധ്യമമായ എക്‌സിൽ വീഡിയോ പങ്കുവെച്ച അദ്ദേഹം, "സർക്കാർ ചെയ്യുന്നത് വെറുപ്പുളവാക്കുന്നതാണ്" എന്നും വിമർശിച്ചു.

രാജ്യത്ത് തുടർച്ചയായി നടക്കുന്ന പരീക്ഷാ ചോർച്ചകളിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ കണ്ണീർ വാതക പ്രയോഗവും ലാത്തി ചാർജും നടത്തിയതിനെയും അദ്ദേഹം വിമർശിച്ചു. നീതിപൂർവവും സുതാര്യവുമായ വിദ്യാഭ്യാസ സംവിധാനം ആവശ്യപ്പെട്ട് സമാധാനപരമായി പ്രതിഷേധിക്കുന്ന വിദ്യാർഥികളെ കേൾക്കുന്നതിനുപകരം കുറ്റവാളികളെപ്പോലെ പരിഗണിക്കുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. 

"ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും യുവജനവിരുദ്ധ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. പരീക്ഷാ ചോർച്ചകളിലൂടെ കോടിക്കണക്കിന് വിദ്യാർഥികളുടെ ഭാവി തകർത്ത സർക്കാർ ഇപ്പോൾ അവകാശങ്ങൾ ആവശ്യപ്പെട്ട് സമാധാനപരമായി പ്രതിഷേധിക്കുന്ന യുവാക്കളെ ലാത്തിച്ചാർജ് ചെയ്ത് നിശ്ശബ്ദരാക്കാൻ ശ്രമിക്കുകയാണ്. സർക്കാർ ചെയ്യുന്നത് വെറുപ്പുളവാക്കുന്നതാണ്" എന്നും  അദ്ദേഹം കുറിച്ചു.പ്രതിഷേധക്കാരോട് കാണിച്ച പൊലിസ് നടപടിയിൽ കേന്ദ്ര സർക്കാർ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

"പ്രധാനമന്ത്രി ഈ ആവശ്യങ്ങൾ അംഗീകരിച്ച് അടിയന്തര നടപടി സ്വീകരിക്കണം. നമ്മുടെ വിദ്യാഭ്യാസ സംവിധാനം പ്രവർത്തിക്കുന്ന രീതിയിൽ രാജ്യത്തെ ജനങ്ങൾ മടുത്തിരിക്കുകയാണ്. ആർ.എസ്.എസ്. വിദ്യാഭ്യാസ സംവിധാനത്തെ കൈപ്പിടിയിലാക്കിയതിലും രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരു സംഘടനയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നതിലും ജനങ്ങൾ അതൃപ്തരാണ്," എന്നും രാഹുൽ ഗാന്ധി പറഞ്ഞു.

എക്‌സിലെ മറ്റൊരു പോസ്റ്റിൽ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻക്കെതിരെ തുടർച്ചയായി ഉയരുന്ന പരീക്ഷാ വിവാദങ്ങളും ക്രമക്കേടുകളും ഉണ്ടായിട്ടും അദ്ദേഹത്തിനെതിരെ നടപടിയെടുക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാജയപ്പെട്ടുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. പരീക്ഷാ സംവിധാനത്തിലെ ഗുരുതര വീഴ്ചകൾ ആവർത്തിച്ചിട്ടും ഉത്തരവാദിത്തം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

 "152 പരീക്ഷാ ചോർച്ചകൾ നടന്നു. 7.5 കോടി വിദ്യാർഥികളാണ് ഇതിന്റെ ഇരകളായത്. എന്നാൽ ഇതിന് ഉത്തരവാദികളായ ഒരാളെപ്പോലും ശിക്ഷിച്ചിട്ടില്ല. ശിക്ഷ അനുഭവിക്കേണ്ടി വന്നത് കഠിനാധ്വാനം ചെയ്ത് പഠിച്ച യുവാക്കളാണ്," എന്നും രാഹുൽ ഗാന്ധി പറഞ്ഞു. അതേസമയം, സംഘർഷത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥർക്കുനേരെ കല്ലേറുണ്ടായെന്നും അതിൽ നിരവധി പൊലിസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും ഡൽഹി പൊലിസ് അറിയിച്ചു. 

Tags:    
News Summary - Anti-youth Prime Minister; what the government is doing is disgusting': Rahul Gandhi criticizes police action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.