ന്യൂഡൽഹി: ഇറാൻ-യു.എസ് യുദ്ധവും പശ്ചിമേഷ്യയിലെ സംഘർഷവും ഇന്ത്യയിലെ 2.5 ദശലക്ഷം ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് യു.എൻ ഡവലൊപ്മെന്‍റ് പ്രോഗ്രാം റിപ്പോർട്ട്. രാജ്യത്തിന്റെ മാനുഷിക വികസന പുരോഗതിയിൽ നഷ്ടങ്ങളുണ്ടാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. സംഘർഷം ഏഷ്യൻ- പസഫിക് മേഖലയിലുടനീളം പ്രതിസന്ധിയുണ്ടാക്കുമെന്നും 'മിലിട്ടറി എസ്കലേഷൻ ഇൻ ദി മിഡിൽ ഈസ്റ്റ്: ഹ്യൂമൻ ഡെവലപ്‌മെന്റ് ഇംപാക്റ്റ്സ് അക്രോസ് ഏഷ്യ ആൻഡ് ദി പസഫിക്' എന്ന തലക്കെട്ടിലുള്ള റിപ്പോർട്ടിൽ പറയുന്നു.
ഇന്ധന, ചരക്ക് വില വർധനയും ഹാർഹിക ഉപഭോക്താക്കളുടെ ക്രയവിക്രയ ശേഷി കുറയ്ക്കുകയും ഭക്ഷ്യ അരക്ഷിതാവസ്ഥ വർധിപ്പിക്കുകയും ഉപജീവനമാർഗങ്ങൾ ദുർബലപ്പെടുത്തുകയും ചെയ്യും. ആഗോളതലത്തിൽ 8.8 ദശലക്ഷം ആളുകൾ ദാരിദ്ര്യത്തിലേക്ക് വീഴാനുള്ള സാധ്യതയുണ്ടെന്നുമാണ് പ്രഥാമിക റിപ്പോർട്ട്. പശ്ചിമേഷ്യയിലെ സൈനിക നീക്കം ഏഷ്യ-പസഫിക് മേഖലക്ക് 299 ബില്യൺ ഡോളർ വരെ നഷ്ടമുണ്ടാക്കുമെന്നും കണക്കാക്കുന്നു.
ഇന്ത്യയിൽ, ദാരിദ്ര്യം ഏകദേശം നാലു ലക്ഷത്തിൽ നിന്ന് 2.5 ദശലക്ഷമായി ഉയരുമെന്നാണ് റിപ്പോർട്ട് പറയുന്നു.സംഘർഷത്തിന്റെ ഫലമായി ലോകത്ത് ദാരിദ്ര്യത്തിലേക്ക് തള്ളിവിടപ്പെട്ടവരുടെ എണ്ണം ഏകദേശം 1.9 ദശലക്ഷത്തിൽ നിന്ന് ഏകദേശം 8.8 ദശലക്ഷമായി ഉയരും. ഇന്ത്യയുടെ ദാരിദ്ര്യ നിരക്ക് 23.9ശതമാനത്തിൽ നിന്ന് 24.2 ശതമാനം ആയി ഉയരുമെന്ന് കണക്കാക്കപ്പെടുന്നു. ഇത് 2,464,698 ആളുകളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടും. പ്രതിസന്ധിക്ക് മുമ്പ് 351,569,000 പേർ ദാരിദ്ര്യത്തിൽ കഴിയുന്നുണ്ടായിരുന്നെങ്കിൽ, പ്രതിസന്ധിക്ക് ശേഷം 354,033,698 പേർ ദാരിദ്ര്യത്തിൽ കഴിയേണ്ടിവരുമെന്ന് കണക്കാക്കപ്പെടുന്നു.
ഇന്ത്യ തങ്ങളുടെ എണ്ണ ആവശ്യങ്ങളിൽ 90% ത്തിലധികവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 40 ശതമാനത്തിലധികവും എൽ.പി.ജി ഇറക്കുമതിയുടെ 90 ശതമാനത്തിലധികവും പശ്ചിമേഷ്യയിൽ നിന്നാണ്. കൂടാതെ, പശ്ചിമേഷ്യൻ രാജ്യങ്ങൾ ഇന്ത്യയുടെ വളം ഇറക്കുമതിയുടെ 45 ശതമാനവും വിതരണം ചെയ്യുന്നു. രാജ്യത്തിന്റെ ആഭ്യന്തര യൂറിയ ഉൽപാദനത്തിന്റെ 80 ശതമാനവും ഇറക്കുമതി ചെയ്യുന്ന പ്രകൃതിവാതകത്തെ ആശ്രയിച്ചിരിക്കുന്നു.
ഇത് ഇന്ത്യൻ കാർഷിക മേഖലയെയും പ്രതിസന്ധിയിലാക്കും. ജൂണിൽ ആരംഭിക്കുന്ന മൺസൂൺ വിളവെടുപ്പിനെ ഇത് ബാധിക്കാനിടയുണ്ടെന്നും ഗള്‍ഫിലേക്കുള്ള സര്‍വീസ് വിമാനക്കമ്പനികള്‍ റദ്ദാക്കിയത് ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയെയും പ്രതികൂലമായി ബാധിച്ചുട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.