ഷാജഹാൻപുർ(യു.പി): ‘‘ഇൗ നിമിഷം മരിച്ചാലും എനിക്ക് ദുഃഖമില്ല; കാരണം, എെൻറ മകൾക്ക് നീതി കിട്ടിയല്ലോ...’’; ആശാറാം ബാപ്പുവിെൻറ പീഡനത്തിനിരയായ പെൺകുട്ടിയുടെ പിതാവ് വിധിപ്രസ്താവത്തിനുശേഷം നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു.
തെൻറ മകൾ ധീരയായി നിന്നതുകൊണ്ടാണ് നീതി ലഭിച്ചതും ആൾദൈവത്തിന് ശിക്ഷ ലഭിച്ചതും. നാലുവർഷമായി കുടുംബത്തിെല ആരും വീട്ടിൽനിന്ന് പുറത്തിറങ്ങാറില്ല. നിരന്തരഭീഷണിയുടെയും പേടിയുടെയും തടവിലായിരുന്നു. ജീവനുവരെ ഭീഷണിയുണ്ടായി. ആശാറാം നിരപരാധിയാണെന്ന് മാധ്യമങ്ങൾക്കുമുന്നിൽ പറയാൻ തനിക്കുമേൽ അനുയായികൾ സമ്മർദം ചെലുത്തി. പണം നൽകാമെന്ന് വാഗ്ദാനമുണ്ടായി.
പ്രദേശത്ത് െപാലീസ് സംരക്ഷണം ഏർപ്പെടുത്തിയപ്പോൾ ബന്ധുക്കൾമുഖേനയായി ഭീഷണി. വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് ചൂഷണം ചെയ്യുന്നവരാണ് ആൾദൈവങ്ങൾ. തങ്ങളും ഇയാളുടെ പ്രലോഭനത്തിൽ വീണുപോയതായി അദ്ദേഹം പറഞ്ഞു.
പെൺകുട്ടി പഠിച്ചിരുന്ന സ്കൂളിലെ പ്രിൻസിപ്പലിനും വിധി ആശ്വാസമായി. കേസിലെ സാക്ഷി കൂടിയായിരുന്ന ഇൗ അധ്യാപകനുനേരെ നിരവധി വധഭീഷണികളാണുണ്ടായിരുന്നത്. ആൾദൈവത്തിനെതിരെ ‘പോക്സോ’(ലൈംഗിക കുറ്റകൃത്യങ്ങളിൽനിന്ന് കുട്ടികളെ സംരക്ഷിക്കുന്ന നിയമം) ചുമത്തിയപ്പോൾ, പെൺകുട്ടിയുടെ ജനനതീയതി തിരുത്താനും സമ്മർദമുണ്ടായി. എന്നാൽ, അധ്യാപകനെന്ന നിലക്ക് സമൂഹം തന്നിലേൽപ്പിച്ച ധാർമികബാധ്യത കൊണ്ടുമാത്രം വഴങ്ങിയില്ല. പെൺകുട്ടിക്ക് സ്കൂളിലേക്ക് നിരന്തരം ഭീഷണിക്കത്തുകളുെട പ്രവാഹമായിരുന്നു, ഒപ്പം വെടിയുണ്ടകളും പാഴ്സലായി എത്തി. ജില്ലഭരണകൂടം ഏർപ്പെടുത്തിയ സുരക്ഷ മറികടന്നായിരുന്നു ഭീഷണി. ആശാറാമിെൻറ മകൻ നാരായൺ സായിയും അനുയായികളുമായിരുന്നു ഭീഷണിയുമായി എത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
വിധിയെ സി.പി.എം േപാളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് സ്വാഗതം ചെയ്തു. വ്യാജന്മാരെയും യഥാർഥ സ്വാമിമാരെയും തിരിച്ചറിയാൻ ജനങ്ങൾക്ക് കഴിയണമെന്ന് വിധി സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ട് പറഞ്ഞു.
പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെങ്കിലും ബലാത്സംഗത്തിന് വധശിക്ഷ നൽകുന്ന പുതിയ നിയമം ഇൗ കേസിൽ പ്രയോഗിക്കാനാകില്ലെന്ന് ദേശീയ ബാലനീതി സംരക്ഷണ കമീഷൻ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.