ന്യൂഡൽഹി: വഖഫ് ബില്ലിന്മേലുള്ള ജെ.പി.സി റിപ്പോർട്ട് ബജറ്റിന് മുമ്പ് പാർലമെന്റിൽ വെക്കാനാണ് താൻ തിടുക്കം കാട്ടുന്നതെന്ന് ജെ.പി.സി ചെയർമാൻ ജഗദാംബികാ പാൽ. വഖഫ് ബിൽ വന്നാൽ മസ്ജിദുകളും ഖബർസ്ഥാനുകളും ഇല്ലാതാകുമെന്ന് പ്രചാരണം നടത്തി ജനങ്ങളിൽ ഭീതിയുണ്ടാക്കുകയാണെന്നും എന്നാലും ഈ നിയമം പാസാക്കുകതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഏകാധിപത്യ സ്വഭാവത്തിൽ താൻ പെരുമാറിയിട്ടില്ലെന്നും ഇതിലും ജനാധിപത്യപരമായി ഒരു ജെ.പി.സിയും പ്രവർത്തിച്ചിട്ടില്ലെന്നും ജഗദാംബികാ പാൽ അവകാശപ്പെട്ടു. പറയാൻ ആഗ്രഹിച്ചവരെയെല്ലാം കേട്ടു. 34 സിറ്റിങ്ങുകൾ ഡൽഹിയിൽ നടന്നു. ആറ് മാസമായി ചർച്ച നടക്കുന്നു. പര്യടനങ്ങളിൽ നിസ്സഹകരിച്ചപ്പോൾ തങ്ങൾ വീണ്ടും പര്യടനം നടത്തി. ഇത്രയും വിശദമായ കൂടിയാലോചന ഒരു ജെ.പി.സിയും നടത്തിയിട്ടില്ലെന്നും പാൽ അവകാശവാദം തുടർന്നു. പോകാത്ത സംസ്ഥാനങ്ങളിൽനിന്നുള്ള വഖഫ് ബോർഡുകളെയും ന്യൂനപക്ഷ വകുപ്പുകളെയും പണ്ഡിതരെയും ഡൽഹിയിൽ കണ്ടു. 15 ദിവസത്തിൽ രണ്ട് യോഗമെന്ന് സ്പീക്കർ പറഞ്ഞതായിരുന്നു. ഇപ്പോൾ സമിതി പ്രവർത്തനം അവസാനിപ്പിച്ച് ബജറ്റ് അവതരിപ്പിക്കും മുമ്പ് ജെ.പി.സി റിപ്പോർട്ട് വെക്കണം.
ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസംവരെ ജെ.പി.സിക്ക് സമയമുണ്ടല്ലോ എന്ന് ചൂണ്ടിക്കാട്ടിയപ്പോൾ അദ്ദേഹം പ്രതികരിച്ചില്ല. എന്നാൽ, ബിൽ പാസാക്കാനുള്ള ഭൂരിപക്ഷം ലോക്സഭയിലും രാജ്യസഭയിലും സർക്കാറിനുണ്ടെന്നും ജഗദാംബികാ പാൽ പറഞ്ഞു.
ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയാൽ രക്തപ്പുഴയൊഴുകുമെന്ന് പറഞ്ഞിട്ടും ഒന്നുമുണ്ടായില്ല. രാജ്യത്തെ എല്ലാ നിയമങ്ങളും കശ്മീരിൽ ബാധകമാകുകയും അവിടെ ദേശീയപതാക ഉയരുകയും ചെയ്തു. മുത്തലാഖ് നിയമം വന്നാൽ രാജ്യമൊന്നാകെ കലുഷിതമാകുമെന്ന് പറഞ്ഞുവെങ്കിലും മുസ്ലിം വനിതകൾ സ്വാഗതം ചെയ്തുവെന്നും അദ്ദേഹം തുടർന്നു. വഖഫിന്റെ ദുരുപയോഗം തടയാൻ പ്രതിപക്ഷം ആഗ്രഹിക്കുന്നില്ല. പുതിയ വഖഫ് നിയമം വരുമ്പോൾ മോദി സർക്കാർ കൊണ്ടുവന്നത് നല്ലതിനാണെന്ന് ജനത്തിന് മനസ്സിലാകുമെന്നും ജഗദാംബികാ പാൽ അവകാശപ്പെട്ടു.
ബില്ലിലെ ഓരോ വ്യവസ്ഥയും പ്രത്യേകം ചർച്ച ചെയ്യും.
ജെ.പി.സി കരട് റിപ്പോർട്ട് തയാറാക്കും
കരടിന്മേൽ അംഗങ്ങളുടെ വിയോജനക്കുറിപ്പുകൾ വാങ്ങും
അവകൂടി ഉൾപ്പെടുത്തി അന്തിമ റിപ്പോർട്ട് തയാറാക്കി അംഗങ്ങൾക്ക് നൽകും.
അന്തിമ റിപ്പോർട്ടിന് അംഗീകാരം നൽകാൻ ജെ.പി.സി അവസാനയോഗം ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.