ന്യൂഡൽഹി: കേരളത്തിൽ തെരഞ്ഞെടുപ്പ് കമീഷന്റെ ഔദ്യോഗിക സർക്കുലറിൽ ബി.ജെ.പിയുടെ ചിഹ്നം പതിച്ച സീൽ ഉൾപ്പെട്ട സംഭവം ദേശീയ വിവാദമാക്കി പ്രതിപക്ഷ പാർട്ടികൾ. സർക്കുലറിന്റെ കോപ്പി സമൂഹ മാധ്യമത്തിൽ പങ്കുവെച്ചവർക്ക് കേരള പൊലീസ് നോട്ടീസ് അയച്ചതോടെ വിവാദം കത്തിപ്പടർന്നു.
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുടെ വിശ്വാസ്യത ചോദ്യം ചെയ്ത് പ്രതിപക്ഷം പാർലമെന്റിൽ ഇംപീച്ച്മെന്റ് നടപടിക്കൊരുങ്ങുന്നതിനിടെയാണ് ബി.ജെ.പി സീൽ പതിച്ച സർക്കുലർ ആയുധമായി ലഭിച്ചത്.
പ്രധാനമന്ത്രിയുടെയും തെരഞ്ഞെടുപ്പ് കമീഷന്റെയും ഓഫിസ് ഒന്നുതന്നെയാണെന്ന് പരിഹസിച്ചുള്ള എ.ഐ വിഡിയോ കോൺഗ്രസ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് റാലികളിൽ തെരഞ്ഞെടുപ്പ് കമീഷനെതിരെ കേരളത്തിലെ സർക്കുലർ വിവാദം തൃണമൂൽ കോൺഗ്രസ് ഉപയോഗപ്പെടുത്തുന്നുണ്ട്.
വിവാദ സർക്കുലറിന്റെ ചിത്രം പങ്കുവെച്ച 270 എക്സ് ഹാൻഡിലുകൾക്കും, 200 ഫേസ്ബുക്ക് പേജുകൾക്കും, 90 ഇൻസ്റ്റഗ്രാം ഐ.ഡികൾക്കും കേരള പൊലീസ് നോട്ടീസ് അയച്ചു. പോസ്റ്റുകൾ തെരഞ്ഞെടുപ്പ് കമീഷനെ അപകീർത്തിപ്പെടുത്തുന്നതാണെന്നും സാമുദായിക ഐക്യത്തിന് ഭീഷണിയാണെന്നും നോട്ടീസിൽ പറയുന്നു.
വിവാദ പോസ്റ്റുകൾ ഉടൻ നീക്കം ചെയ്തില്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. മാധ്യമ പ്രവർത്തകൻ പിയൂഷ് റായ്, കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനറ്റ് തുടങ്ങിയവർക്ക് കേരള പൊലീസിന്റെ നോട്ടീസ് ലഭിച്ചിട്ടുണ്ട്.
പൊലീസിന്റെ നോട്ടീസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച മഹുവ മൊയ്ത്ര, സാമുദായിക ഐക്യം തകര്‍ക്കുമെന്നതാണ് നോട്ടീസിലെ ഏറ്റവും മികച്ച വരിയെന്ന് കേരള പൊലീസിനെ പരിഹസിച്ചു. ഗുരുതരമായ ഒരു തെറ്റ് സംഭവിച്ചിട്ടും തിരുത്തി മാപ്പ് പറയുന്നതിനുപകരം, പൊലീസിനെ ഉപയോഗിച്ച്, വിമർശിച്ചവർക്ക് നോട്ടീസ് അയക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്ന് കോൺഗ്രസ് നേതാവ് സുപ്രിയ പറഞ്ഞു.
സാങ്കേതിക പിഴവ് സംഭവിച്ചതാണെന്നും പിഴവ് തിരിച്ചറിഞ്ഞ് നേരത്തെ തന്നെ തിരുത്തൽ നടത്തിയതായും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. ഖേൽക്കർ കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.