ന്യൂഡൽഹി: ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തയാളെ പട്ടികജാതി വിഭാഗമായി കണക്കാക്കാനാവില്ലെന്ന ആന്ധ്രപ്രദേശ് ഹൈകോടതി വിധി അംഗീകരിച്ച സുപ്രീംകോടതി നിലപാട് പുനഃപരിശോധിക്കണമെന്ന് സി.പി.എം പോളിറ്റ് ബ്യറോ ആവശ്യപ്പെട്ടു.
പട്ടികജാതി വിഭാഗങ്ങൾക്കുള്ള സംവരണവും മറ്റ് ആനുകൂല്യങ്ങളും അവരുടെ സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥയെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാൽ, നിലവിലെ കോടതി വിധി ഈ സാമൂഹിക യാഥാർഥ്യങ്ങളെ അവഗണിച്ച് മതപരമായ സ്വത്വത്തിന് അമിത പ്രാധാന്യം നൽകുന്നു.
ഭരണഘടന വിഭാവനം ചെയ്യുന്ന സംവരണ തത്വങ്ങളുടെ അന്തസ്സത്തക്ക് വിരുദ്ധമാണിതെന്ന് പി.ബി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഉത്തരവ് പരിഷ്കരിക്കണമെന്നും കൂടുതൽ വ്യക്തതക്കായി ഇത് ഭരണഘടനാ ബെഞ്ചിന്റെ പരിഗണനക്ക് വിടണമെന്നും പി.ബി പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഹിന്ദു, സിഖ്, ബുദ്ധ മതങ്ങൾ ഒഴികെയുള്ള മറ്റ് മതങ്ങളിലേക്ക് പരിവർത്തനം ചെയ്ത വ്യക്തികൾക്ക് പട്ടികജാതി (SC) പദവിയോ, പട്ടികജാതി-പട്ടികവർഗ നിയമപ്രകാരമുള്ള സംരക്ഷണമോ അവകാശപ്പെടാനാവില്ലെന്നാണ് സുപ്രീംകോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. ക്രിസ്തുമതത്തിലേക്കോ മറ്റ് മതങ്ങളിലേക്കോ പരിവർത്തനം ചെയ്യുകയും ആ മതം പിന്തുടരുകയും ചെയ്യുന്ന ഒരാൾക്ക് പട്ടികജാതി അംഗമായി തുടരാനാവില്ലെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസുമാരായ പി.കെ. മിശ്ര, എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ആന്ധ്രാപ്രദേശ് ഹൈകോടതിയുടെ മുൻവിധി ശരിവെച്ചത്.
ആന്ധ്രാപ്രദേശിലെ ചിന്താട ആനന്ദ് എന്ന പാസ്റ്റർ നൽകിയ ഹരജിയിലാണ് ഈ വിധി. ഗ്രാമത്തിൽ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകിയിരുന്ന തനിക്കും കുടുംബത്തിനുമെതിരെ ജാതീയമായ അധിക്ഷേപങ്ങളും വധഭീഷണിയും ഉണ്ടായെന്ന് കാട്ടി അദ്ദേഹം എസ്.സി/എസ്.ടി നിയമപ്രകാരം കേസ് ഫയൽ ചെയ്തിരുന്നു. എന്നാൽ, പരാതിക്കാരൻ ക്രിസ്തുമതത്തിലേക്ക് മാറുകയും പാസ്റ്ററായി ജോലി ചെയ്യുകയും ചെയ്യുന്നതിനാൽ എസ്.സി പദവിക്ക് അർഹനല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
ഭരണഘടനാ പ്രകാരം ഹിന്ദു, സിഖ്, ബുദ്ധ മതങ്ങൾ പിന്തുടരുന്നവർക്ക് മാത്രമേ പട്ടികജാതി പദവിക്ക് അർഹതയുള്ളൂ. മറ്റ് മതങ്ങളിലേക്കുള്ള പരിവർത്തനം എസ്.സി പദവി നഷ്ടപ്പെടാൻ കാരണമാകുമെന്ന് കോടതി വ്യക്തമാക്കി. ഒരാളുടെ കൈവശം എസ്.സി സർട്ടിഫിക്കറ്റ് ഉണ്ടെന്നത് മാത്രം പദവി തെളിയിക്കാൻ പര്യാപ്തമല്ല. മതം മാറിയതോടെ ജാതി വിവേചനങ്ങൾ ഇല്ലാത്ത വിഭാഗത്തിന്റെ ഭാഗമായതിനാൽ പഴയ പദവി നിലനിൽക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഹരജിക്കാരൻ പത്ത് വർഷത്തിലേറെയായി പാസ്റ്ററായി പ്രവർത്തിക്കുന്നുണ്ടെന്നും സംഭവദിവസം വീട്ടിൽ പ്രാർഥന നടത്തുകയായിരുന്നുവെന്നും കോടതി കണ്ടെത്തി. അദ്ദേഹം ക്രിസ്തുമതം ഉപേക്ഷിക്കുകയോ പഴയ സമുദായത്തിലേക്ക് തിരികെ വരികയോ ചെയ്തിട്ടില്ലാത്തതിനാൽ എസ്.സി/എസ്.ടി നിയമപ്രകാരമുള്ള സംരക്ഷണം ലഭിക്കില്ലെന്ന് കോടതി ഉത്തരവിട്ടു.
ഭരണഘടനാപരമായ ആനുകൂല്യങ്ങളും സംരക്ഷണങ്ങളും മതപരമായ സ്വത്വവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന നിയമപരമായ നിലപാട് ഈ വിധി വീണ്ടും ഉറപ്പിക്കുന്നു. പട്ടികജാതി പദവി നിർണയിക്കുന്നതിൽ മതപരിവർത്തനം ഒരു നിർണായക ഘടകമാണെന്ന് സുപ്രീംകോടതി അടിവരയിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.