വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ന്യൂഡൽഹി: വന്ദേഭാരതിൽ മോശം ഭക്ഷണം വിളമ്പിയെന്ന പരാതിയിൽ കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം രൂപ പിഴയിട്ട് ഇന്ത‍്യന്‍ റെയിൽവേ. ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷന് (ഐ.ആർ.സി.ടി.സി) 10 ലക്ഷം രൂപയും പിഴ ചുമത്തി. ഇതോടൊപ്പം കാറ്ററിങ് ടീമിന്‍റെ കരാർ റദ്ദാക്കാനും ഉത്തരവിട്ടു. വന്ദേ ഭാരത് എക്‌സ്‌പ്രസ്സിൽ വിളമ്പിയ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് യാത്രക്കാരൻ നൽകി പരാതിയെത്തുടർന്നാണ് നടപടി. മാർച്ച് 15ന് പട്‌ന-ടാറ്റാനഗർ(21896) ട്രെയിനിൽ നൽകിയ ഭക്ഷണത്തെക്കുറിച്ചാണ് പരാതി നൽകിയത്.

അതേ സമയം യാത്രക്കാരുടെ സുരക്ഷക്കും സേവനങ്ങളുടെ ഗുണനിലവാരത്തിനുമാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് ഇന്ത്യൻ റെയിൽവേ വക്താവ് അറിയിച്ചു. പ്രതിവർഷം ഏകദേശം 58 കോടി ഭക്ഷണപൊതികളാണ് ഇന്ത്യൻ റെയിൽവേ വിതരണം ചെയ്യുന്നതെന്നും ഇതിൽ അമിതവില ഈടാക്കുന്നത് അടക്കമുള്ള പരാതികൾ വെറും 0.0008 ശതമാനം മാത്രമാണെന്നും മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ലഭിച്ച പരാതികളിൽ നടത്തിയ അന്വേഷണത്തെത്തുടർന്ന് 2.6 കോടി രൂപ പിഴയായി ഈടാക്കിയിട്ടുണ്ട്. 2025 ൽ പാന്ററി കാർ ജീവനക്കാർ യാത്രക്കാരെ മർദിച്ച സംഭവങ്ങളിൽ ബന്ധപ്പെട്ട റെയിൽവേ പൊലീസ് ജീവനക്കാർക്കെതിരെ നിയമനടപടി സ്വീകരിച്ചിരുന്നു.

2026ൽ നടപ്പിലാക്കുന്ന നവീകരണപ്രവർത്തനങ്ങളുടെ ഭാഗമായി അഞ്ച് പുതിയ പദ്ധതികൾ കൂടി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഇതോടെ ഈ വർഷം അംഗീകരിച്ച ആകെ നവീകരണപ്രവർത്തനങ്ങളുടെ എണ്ണം ഒമ്പതായി. നിലവിലുള്ള ‘റിഫോം എക്സ്പ്രസ്’ പദ്ധതിക്ക് കീഴിൽ നേരത്തെ നാല് നവീകരണ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. പുതുതായി പ്രഖ്യാപിച്ച അഞ്ചെണ്ണത്തിൽ രണ്ടെണ്ണം ചരക്ക് നീക്കവുമായും ഒരെണ്ണം നിർമാണ പ്രവർത്തനങ്ങളുമായും രണ്ടെണ്ണം യാത്രക്കാരുടെ സൗകര്യങ്ങളുമായും ബന്ധപ്പെട്ടതാണ്.

അതേസമയം ലോകത്തിലെ ഏറ്റവും വലിയ ഉപ്പ് ഉത്പാദകരും കയറ്റുമതിക്കാരും ഉള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. തമിഴ്‌നാട്, ഗുജറാത്ത്, രാജസ്ഥാൻ എന്നിവയാണ് പ്രധാന ഉത്പാദക സംസ്ഥാനങ്ങൾ. ഇന്ത്യയിൽ പ്രതിവർഷം ഉത്പാദിപ്പിക്കുന്ന 3.5 കോടി ടൺ ഉപ്പിൽ ഏകദേശം 92 ലക്ഷം ടൺ മാത്രമാണ് നിലവിൽ റെയിൽവേ വഴി കൊണ്ടുപോകുന്നത്. ഈ മേഖലയിൽ റെയിൽവേക്ക് വലിയ സാധ്യതകളുണ്ടെന്ന് ഉപ്പ് ഗതാഗതത്തെ കേന്ദ്രീകരിച്ചുള്ള അഞ്ചാമത്തെ നവീകരണത്തെക്കുറിച്ച് സംസാരിക്കവെ അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Bad food in Vande Bharat; Railways fines catering company Rs 50 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.