ഇന്ത്യയിലേക്ക് തിരിച്ചയക്കുന്നതിനെതിരെയുള്ള പുതിയ ഹരജി; നീരവ് മോദിയുടെ അപ്പീൽ യു.കെ കോടതി തള്ളി

ലണ്ടൻ: പഞ്ചാബ് നാഷനൽ ബാങ്ക് വായ്പ തട്ടിപ്പ് കേസ് മുഖ്യപ്രതി നീരവ് മോദിക്ക് വീണ്ടും തിരിച്ചടി. ഇന്ത്യയിലേക്ക് തിരിച്ചയക്കുന്നതിനെതിരെയുള്ള അപ്പീൽ നടപടികൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നീരവ് മോദി സമർപ്പിച്ച ഹരജി ലണ്ടനിലെ ഹൈക്കോടതി ഓഫ് ജസ്റ്റിസ് തള്ളി. കേസ് വീണ്ടും പരിഗണിക്കാൻ തക്കതായ അസാധാരണ സാഹചര്യങ്ങളോ വ്യക്തമായ പുതിയ തെളിവുകളോ ഹർജിയിലില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.

പ്രതിരോധ ഇടനിലക്കാരൻ സഞ്ജയ് ഭണ്ഡാരിയുടെ നാടുകടത്തൽ തടഞ്ഞ യു.കെ ഹൈകോടതി ഉത്തരവ് ചൂണ്ടിക്കാണിച്ചാണ് നീരവ് മോദി പുതിയ ഹർജി സമർപ്പിച്ചിരുന്നത്. ഇന്ത്യയിലേക്ക് നാടുകടത്തിയാൽ ജയിലിൽ ക്രൂരമായ പീഡനങ്ങൾക്ക് ഇരയാകേണ്ടി വരുമെന്നും അതിനാൽ മാനുഷിക പരിഗണന നൽകണമെന്നുമായിരുന്നു നീരവ് മോദിയുടെ വാദം. എന്നാൽ ഈ വാദങ്ങളെ ലണ്ടനിലെ ക്രൗൺ പ്രോസിക്യൂഷൻ സർവിസിനുവേണ്ടി ഹാജരായ അഭിഭാഷകരും ലണ്ടനിലെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരും ശക്തമായി എതിർത്തു. ഇന്ത്യ നൽകിയ ഉറപ്പുകൾ വിലയിരുത്തിയ കോടതി, നീരവ് മോദിയുടെ വാദങ്ങൾ തള്ളുകയും കേസ് പുനഃപരിശോധിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി.

പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് വ്യാജ ഗ്യാരന്റി രേഖകൾ ചമച്ച് വിദേശ ബാങ്കുകളിൽനിന്ന് കോടികൾ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയെന്നാണ് നീരവ് മോദിക്കെതിരെയുള്ള കേസ്. നീരവ് മോദിക്ക് 9,656 കോടിയോളം രൂപയുടെ കുടിശ്ശികയാണ് നീരവ് മോദിക്കുണ്ടായിരുന്നത്. തട്ടിപ്പ് പുറത്തുവരുന്നതിന് തൊട്ടുമുമ്പ്, 2018 ജനുവരിയിൽ ഇയാൾ ഇന്ത്യയിൽനിന്ന് കടന്നു. തുടർന്ന് സി.ബി.ഐ അന്വേഷണം ആരംഭിക്കുകയും 2019ൽ ലണ്ടനിൽവെച്ച് അറസ്റ്റിലാവുകയും ചെയ്തു. തുടർന്ന് ബ്രിട്ടീഷ് കോടതികൾ ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്താൻ അനുമതി നൽകിയിരുന്നു. ഇതിനെതിരെ സമർപ്പിച്ച മുൻ അപ്പീലുകളും കോടതി നേരത്തെ തള്ളിയിരുന്നു.

Tags:    
News Summary - New plea against extradition to India; UK court rejects Nirav Modi's appeal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.