‘അന്ധവിശ്വാസം കൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കാമായിരുന്നെങ്കിൽ സൂചി ഉപയോഗിച്ച് പാകിസ്താന്‍ തീവ്രവാദികളെ ഇല്ലാതാക്കാമായിരുന്നു’ -അന്ധവിശ്വാസങ്ങൾക്കെതിരെ ആഞ്ഞടിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ: അന്ധവിശ്വാസങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ജോത്സ്യൻ അശോക് ഖാരത്തിനെതിരെയുള്ള ബലാത്സംഗക്കേസിന്‍റെ അന്വേഷണത്തെക്കുറിച്ച് നിയമസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘അന്ധവിശ്വാസം കൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമായിരുന്നെങ്കിൽ നമ്മൾ ഖാരത്തിനെ ട്രംപിന്റെ ഉപദേശകനാക്കുമായിരുന്നു. ഡ്രോണുകൾക്ക് പകരം നാരങ്ങയും മുളകും ഉപയോഗിച്ചാകുമായിരുന്നു യുദ്ധങ്ങൾ നടക്കുക’ വ്യാജ സിദ്ധന്മാരെ പരിഹസിച്ചുകൊണ്ട് അദ്ദേഹം കൂട്ടിചേർത്തു.

നമുക്ക് ഇവിടെയിരുന്ന് ഒരു സൂചി ഉപയോഗിച്ച് പാകിസ്താനിലെ തീവ്രവാദികളെ ഇല്ലാതാക്കാമായിരുന്നു അതിർത്തിയിലേക്ക് സൈനികരെ അയക്കേണ്ടി വരില്ലായിരുന്നു. ഇത്തരത്തിലുള്ള എട്ടോ പത്തോ ആൾദൈവങ്ങൾ ഉണ്ടെങ്കിൽ ആ ജോലി നടക്കുമായിരുന്നെന്നും അദ്ദേഹം പരിഹാസേന വ്യക്തമാക്കി. ‘ക്ഷുദ്രപ്രയോഗങ്ങൾ കൊണ്ട് പ്രശ്നങ്ങൾ തീരുമായിരുന്നെങ്കിൽ നമുക്ക് ആയുധങ്ങളോ സൈനിക നീക്കങ്ങളോ ഭരണകൂടമോ ഒന്നും ആവശ്യമില്ലായിരുന്നു എല്ലാം ഇവിടെയിരുന്ന് തന്നെ ചെയ്യാം’ഫഡ്നാവിസിന്‍റെ പ്രസ്താവനകൾ കൈയടികളോടെയാണ് സഭ സ്വീകരിച്ചത്.

ഒറ്റപ്പെട്ട പരാതിയിൽ തുടങ്ങി, ചൂഷണം, ആഭിചാരക്രിയകൾ തുടങ്ങിയ വ്യാപകമായ ആരോപണങ്ങളുയർന്ന ഖാരത്തിന്റെ കേസിനെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് അദ്ദേഹം സഭാംഗങ്ങളോട് അഭ്യർഥിച്ചു. ആരുടെയെങ്കിലും പക്കൽ എന്തെങ്കിലും വിവരമുണ്ടെങ്കിൽ അത് ഭരണകൂടത്തിന് കൈമാറണം. ഭാവിയിൽ ഇത്തരം പ്രവർത്തികൾ ചെയ്യാൻ ആരും മുതിരാത്ത വിധം മാതൃകാപരമായ ശിക്ഷ അയാൾക്ക് നൽകണം.

വിശ്വാസത്തിന് സമൂഹത്തിൽ സ്ഥാനമുണ്ടെങ്കിലും അന്ധവിശ്വാസം അപകടകരമാണെന്ന് അദ്ദേഹം ആവർത്തിച്ചു. ‘നമുക്ക് വിശ്വാസമുണ്ട്. എന്നാൽ വിശ്വാസവും അന്ധവിശ്വാസവും തമ്മിൽ വ്യത്യാസവുമുണ്ട്. ആ അതിർവരമ്പ് ലംഘിക്കപ്പെടുമ്പോൾ ബുദ്ധി നഷ്ടപ്പെടുന്നതെങ്ങനെയാണെന്ന് നമ്മൾ കണ്ടതാണ്’ അദ്ദേഹം കൂട്ടിച്ചേർത്തു. മഹാരാഷ്ട്രയുടെ പാരമ്പര്യത്തെ മുൻനിർത്തി സംസാരിച്ച മുഖ്യമന്ത്രി, വിശുദ്ധന്മാർ പോലും അന്ധവിശ്വാസങ്ങളെ എതിർത്തിട്ടുണ്ടെന്ന് ഓർമിപ്പിച്ചു.

സന്ത് ജ്ഞാനേശ്വർ, സന്ത് തുക്കാറാം, സന്ത് ഏക്നാഥ് എന്നിവരെ പരാമർശിച്ചുകൊണ്ട് സംസാരിച്ച അദ്ദേഹം മഹാരാഷ്ട്ര വിശുദ്ധന്മാരുടെ നാടാണെന്നും, അവരാരും ദൈവത്തെ നിഷേധിച്ചിട്ടില്ലെന്നും എന്നാൽ അന്ധവിശ്വാസങ്ങളെ ശക്തമായി എതിർത്തുവെന്നും ഓർമിപ്പിച്ചു. വിശ്വാസങ്ങളെ കണ്ണുമടച്ച് വിശ്വസിക്കുന്നതിന് പകരം ചോദ്യം ചെയ്യാനും പരിശോധിക്കാനും ജനങ്ങളെ പ്രേരിപ്പിച്ചവരായിരുന്നു അവരെന്നും അദ്ദേഹം വിലയിരുത്തി.

മഹാരാഷ്ട്രയിൽ ധർമ്മം പുനസ്ഥാപിക്കപ്പെടുമ്പോൾ അതിൽ വ്യാജ സിദ്ധന്മാർക്ക് ഇടമുണ്ടാകരുതെന്നാണ് മുഖ‍്യമന്ത്രിയുടെ വിലയിരുത്തൽ. നിലവിൽ അന്ധവിശ്വാസ വിരുദ്ധ നിയമപ്രകാരമുള്ള പ്രത്യേക ചട്ടങ്ങളുടെ രൂപീകരണം അവസാന ഘട്ടത്തിലാണ്. എന്നാൽ ഇത്തരം കേസുകളിൽ പ്രതികളെ വിചാരണ ചെയ്യാൻ നിലവിലുള്ള നിയമ വ്യവസ്ഥകൾ തന്നെ മതിയെന്നും മുഖ്യമന്ത്രി സഭയെ ഓർമിപ്പിച്ചു.

Tags:    
News Summary - 'If problems could be solved with superstition, Pakistani terrorists could have been eliminated with a needle' - Devendra Fadnavis lashes out against superstitions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.