വീട്ടിനടുത്ത് ഗ്യാസ് പൈപ്പ് ലൈൻ ലഭ്യമാണോ? എങ്കിൽ കണക്ഷൻ എടുത്തേ പറ്റൂ! ഇല്ലെങ്കിൽ എൽ.പി.ജി സിലിണ്ടറും കിട്ടില്ല

ന്യൂഡൽഹി: പൈപ്പിലൂടെയുള്ള പ്രകൃതി വാതക (പി.എൻ.ജി) വിതരണ സംവിധാനമുള്ള സ്ഥലങ്ങളിൽ ഗാർഹിക ഉപഭോക്താക്കൾ നിർബന്ധമായും അത്തരം കണക്ഷൻ എടുക്കണമെന്ന് സർക്കാർ. വിസമ്മതിച്ചാൽ എൽ.പി.ജി സിലിണ്ടറും ലഭിക്കില്ലെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്.

യുദ്ധം തുടരുന്ന സാഹചര്യത്തിൽ എൽ.പി.ജി പ്രതിസന്ധി രൂക്ഷമാകുന്നത് മുൻനിർത്തിയാണ് പി.എൻ.ജി വിതരണ ശൃംഖല വിപുലമാക്കാനുള്ള നീക്കം. ആഭ്യന്തരമായി ഉൽപാദിപ്പിക്കുന്നു എന്നതാണ് പി.എൻ.ജിയുടെ നേട്ടം. ലഭ്യത ഉള്ളതിനാൽ സിലിണ്ടർ ബുക്ക് ചെയ്യുന്നതുപോലുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടതില്ലെന്ന സൗകര്യവും ഉണ്ട്.

ലഭ്യമായിട്ടും പി.എൻ.ജി എടുക്കാതിരുന്നാൽ അത്തരം വീടുകളിലേക്കുള്ള എൽ.പി.ജി വിതരണം മൂന്ന് മാസം കഴിയുമ്പോൾ നിർത്തലാക്കുമെന്നാണ് പെട്രോളിയം മന്ത്രാലയം മാർച്ച് 24ന് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നത്.

അതിനിടെ, പാചകവാതക സിലിണ്ടറുകളുടെ ക്ഷാമം മൂലം ദിവസങ്ങളായി അടച്ചിട്ട കർണാടക ബെളഗാവിയിലെ ഹോട്ടലിന്റെ ഉടമ കടബാധ‍്യതയെതുടർന്ന് ജീവനൊടുക്കി. ബെളഗാവി പഴയ ബസ് സ്റ്റാൻഡിന് സമീപം `ഹനുമാൻ ഹോട്ടൽ' നടത്തിയിരുന്ന രാമ ഹല്ലൂരിയെയാണ് ഹോട്ടലിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പാചകവാതക സിലിണ്ടറുകളുടെ ക്ഷാമം മൂലം ദിവസങ്ങളായി ഹോട്ടൽ അടച്ചിട്ടിരിക്കുകയായിരുന്നുവെന്ന് ഇദ്ദേഹത്തിന്റെ മകൻ അറിയിച്ചു.

`പിതാവ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു. എൽ.പി.ജി സിലിണ്ടറുകളുടെ കടുത്ത ക്ഷാമം കാരണം ഹോട്ടൽ നടത്താന്‍ കഴിഞ്ഞിരുന്നില്ല. സിലിണ്ടറുകൾ കിട്ടാതായതോടെ വിറക് ഉപയോഗിച്ച് ഹോട്ടൽ മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹം ആലോചിച്ചിരുന്നു' രാമ ഹല്ലൂരിയുടെ മകന്‍ വ്യക്തമാക്കി. പണം കടം നൽകിയവർ പിതാവിനെ നിരന്തരം സമ്മർദത്തിലാക്കിയിലുന്നോ എന്ന് ഉറപ്പില്ലെങ്കിലും സിലിണ്ടർ പ്രതിസന്ധി അദ്ദേഹത്തെ അലട്ടിയിരുന്നുവെന്നും മകന്‍ കൂട്ടി ചേർത്തു.

പാചകവാതക സിലിണ്ടറുകൾ മാത്രം ഉപയോഗിച്ച് പ്രവർത്തിച്ചിരുന്ന ചെറിയൊരു ഹോട്ടലായിരുന്നു രാമയുടേതെന്നും ഏകദേശം എട്ടു ദിവസം കൂടുമ്പോൾ ഒരു സിലിണ്ടർ ആവശ്യമായി വന്നിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ആത്മഹത്യക്ക് പിന്നിലെ കാരണങ്ങളെക്കുറിച്ചുള്ള വിശദമായ അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്.

ഹോട്ടൽ ഉടമകൾ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരമായി വാണിജ്യ എൽ.പി.ജി സിലിണ്ടറുകളുടെ വിതരണത്തിൽ വർധനവ് വരുത്താൻ കർണാടക സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി 1,000 സിലിണ്ടറുകൾ കൂടി അധികമായി അനുവദിച്ചു. അതേ സമയം സംസ്ഥാനത്തെ വാണിജ്യ സിലിണ്ടർ വിതരണം 10,000 ആയി ഉയർത്തുമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി കെ.എച്ച്. മുനിയപ്പ അറിയിച്ചു.

Tags:    
News Summary - if-png-pipeline-is-near-home-connection-will-be-mandatory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.