പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഭക്ഷണ ബില്ലിനൊപ്പം അധികമായി ചേർക്കുന്ന എൽ.പി.ജി ചാർജ്, ഗ്യാസ് ചാർജ് എന്നിവക്കെതിരെ കർശന നടപടിയുമായി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (CCPA). ഭക്ഷണത്തിന്റെ വിലക്കും നികുതിക്കും പുറമെ ഇത്തരം അധിക ചാർജുകൾ ഈടാക്കുന്നത് 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം 'അന്യായമായ വ്യാപാര രീതി' ആണെന്ന് സി.സി.പി.എ വ്യക്തമാക്കി.
മാർച്ച് 25ന് പുറത്തിറക്കിയ പുതിയ മാർഗ്ഗനിർദേശം പ്രകാരം ഗ്യാസ്, വൈദ്യുതി തുടങ്ങിയ പ്രവർത്തന ചിലവുകൾ ഭക്ഷണത്തിന്റെ വിലയിൽ തന്നെ ഉൾപ്പെടുത്തണം. ഇവ പ്രത്യേകം ചാർജുകളായി ഉപഭോക്താവിൽ നിന്ന് ഈടാക്കാൻ പാടില്ല. ഉപഭോക്താവിന്റെ സമ്മതമില്ലാതെ ബില്ലിൽ ഗ്യാസ് ചാർജ് ചേർക്കാൻ പാടില്ല. മെനുവിൽ കാണിച്ചിരിക്കുന്ന വിലയായിരിക്കണം ഭക്ഷണത്തിന്റെ അന്തിമ വില. ഇതിന് പുറമെ സർക്കാർ നിശ്ചയിച്ചിട്ടുള്ള നികുതികൾ മാത്രമേ ഈടാക്കാവൂ.
സർവീസ് ചാർജ് എന്നതിന് പകരം ഫ്യുവൽ റിക്കവറി കോസ്റ്റ് എന്നോ മറ്റോ പേര് മാറ്റി നൽകിയാലും അത് നിയമലംഘനമായി കണക്കാക്കും. ബില്ലിൽ എൽ.പി.ജി ചാർജ് ഉൾപ്പെടുത്തുകയും അത് മാറ്റാൻ റെസ്റ്റോറന്റ് തയാറാകാതിരിക്കുകയും ചെയ്താൽ ഉപഭോക്താക്കൾ പ്രതികരിക്കാവുന്നതാണ്. ഹോട്ടൽ ജീവനക്കാരുമായി തർക്കത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കുക. പകരം ബില്ല് സഹിതമുള്ള തെളിവുകൾ ശേഖരിക്കുക. എൽ.പി.ജി ചാർജ് ഉൾപ്പെടുത്തിയ ബില്ലിന്റെ പകർപ്പ്, അധിക ചാർജുകളെക്കുറിച്ച് സൂചിപ്പിക്കുന്ന മെനു കാർഡിന്റെ ചിത്രം എന്നിവ കൈവശം വെക്കുക.
1915 എന്ന നമ്പറിൽ വിളിച്ചോ, 8800001915 എന്ന നമ്പറിലേക്ക് വാട്സാപ്പ് സന്ദേശം അയച്ചോ പരാതി നൽകാം. 'NCH' മൊബൈൽ ആപ്പും ഇതിനായി ഉപയോഗിക്കാം. ഉപഭോക്തൃ കമ്മീഷനിൽ ഓൺലൈനായി പരാതി സമർപ്പിക്കാം. ജില്ലാ കലക്ടർക്കോ സി.സി.പി.എക്കോ നേരിട്ട് പരാതി നൽകാവുന്നതാണ്. ഡൽഹി അടക്കമുള്ള നഗരങ്ങളിൽ എൽ.പി.ജി ലഭ്യതയിലുണ്ടായ കുറവും വിലവർധനവും ചൂണ്ടിക്കാട്ടിയാണ് റെസ്റ്റോറന്റുകൾ ഇത്തരത്തിൽ അധിക ചാർജ് ഈടാക്കിയിരുന്നത്. എന്നാൽ ഇത്തരം നിയമവിരുദ്ധമായ നടപടികൾക്കെതിരെ രാജ്യവ്യാപകമായി നിരീക്ഷണം ശക്തമാക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.