വോട്ടുയന്ത്രത്തെ ഊഹാപോഹം വെച്ച് സംശയിക്കാനാവില്ല -സുപ്രീംകോടതി

ന്യൂഡൽഹി: നടന്നുവരുന്ന തെരഞ്ഞെടുപ്പു പ്രക്രിയയെ ഊഹാപോഹത്തിന്‍റെ പേരിൽ സംശയ നിഴലിൽ നിർത്തുന്നത് അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി. വോട്ടുയന്ത്രത്തെക്കുറിച്ച പരാതിക്കാരുടെ ആശങ്കകൾ അസ്ഥാനത്താണ്. വോട്ടുയന്ത്രത്തിന്‍റെ ഉപയോഗം സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പിനെ ദോഷകരമായി ബാധിക്കുന്നുവെന്ന് തെളിയിക്കാൻ പരാതിക്കാർക്ക് കഴിഞ്ഞിട്ടില്ല. പോൾ ചെയ്ത വോട്ടു മുഴുവൻ വിവിപാറ്റ് സ്ലിപ്പുമായി ഒത്തുനോക്കുക എന്നത് മൗലികാവകാശമാണെന്ന് സ്ഥാപിക്കാനും സാധിച്ചിട്ടില്ല.

തന്‍റെ വോട്ട്, യന്ത്രത്തിൽ രേഖപ്പെടുത്തിയെന്നും അത് എണ്ണിയിട്ടുണ്ടെന്നും മനസ്സിലാക്കാൻ വോട്ടർക്ക് മൗലികമായ അവകാശമുണ്ട്. എന്നാൽ, ഭരണഘടനയുടെ 19(1) വകുപ്പു പ്രകാരം പൗരന് ലഭ്യമായ അഭിപ്രായ സ്വാതന്ത്ര്യം പരമമായ ഒന്നല്ല. ഇത്തരം അവകാശങ്ങളിൽ യുക്തമായ നിയന്ത്രണങ്ങൾ സർക്കാറിന് കൊണ്ടുവരാവുന്നതാണ്. ഈ കേസിലെ വിഷയം, വോട്ട് ശരിയായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്നറിയാനുള്ള വോട്ടറുടെ അവകാശം നിറവേറ്റപ്പെടുന്നുണ്ടോ എന്നതാണ്. പേപ്പർ ബാലറ്റ് സമ്പ്രദായത്തിൽ അത്തരമൊരു അവകാശം എത്രമേൽ നിറവേറ്റിയെന്ന ചോദ്യമാണ് ഇവിടെ പ്രസക്തം. സാങ്കേതിക വിദ്യയുടെ പുരോഗതിക്കിടയിൽ ബാലറ്റ് പേപ്പർ സമ്പ്രദായത്തിലേക്ക് തിരിച്ചു പോകണമെന്ന ആവശ്യം യുക്തിസഹമല്ല.

തെരഞ്ഞെടുപ്പു നടത്തിപ്പിന്‍റെ വലിയ വെല്ലുവിളികൾക്കിടയിൽ വിവിപാറ്റ് സ്ലിപ് മുഴുവൻ ഒത്തുനോക്കുകയെന്ന അധികഭാരം തെരഞ്ഞെടുപ്പു കമീഷന്‍റെ തലയിൽ വെച്ചുകെട്ടാനാവില്ല. 70 വർഷമായി സ്വതന്ത്രവും നീതിപൂർവകവുമായി തെരഞ്ഞെടുപ്പു നടത്തിയതിൽ രാജ്യം അഭിമാനിക്കുന്നതിന്‍റെ ക്രെഡിറ്റ് പ്രധാനമായും തെരഞ്ഞെടുപ്പു കമീഷന് അവകാശപ്പെട്ടതാണ്. വോട്ടെണ്ണലിലെ ക്രമക്കേട് സാധ്യത തടയാൻ കർക്കശമായ പരിശോധന സംവിധാനം ഇപ്പോഴുണ്ട്. ഇന്ത്യയിലെ ജനങ്ങളിൽ ബഹുഭൂരിപക്ഷം വോട്ടുയന്ത്രത്തെ വിശ്വസിക്കുന്നില്ലെന്ന സി.എസ്.ഡി.എസ്-ലോക്നീതി സർവേ ഫലം ഒരു സ്വകാര്യ റിപ്പോർട്ട് മാത്രമാണ്. അത് അപ്പടി വിശ്വസിക്കാൻ കാരണം കാണുന്നില്ല. കാലം മുന്നോട്ടുപോകുന്നതിനൊത്ത് കൂടുതൽ വോട്ടർമാർ തെരഞ്ഞെടുപ്പു പ്രക്രിയയിൽ പങ്കെടുത്തു വരുന്നുണ്ട്. വോട്ടുയന്ത്രത്തെ സംശയിച്ചാൽ, പോളിങ് ശതമാനം വർധിച്ചുകൊണ്ടേയിരിക്കില്ല -കോടതി നിരീക്ഷിച്ചു.

ഫലപ്രഖ്യാപന ശേഷം 45 ദിവസം വോട്ടുയന്ത്രവും വിവിപാറ്റും സ്ട്രോങ് റൂമിൽ

വോട്ടുയന്ത്രത്തിന്‍റെ ഉപയോഗം കുറ്റമറ്റതാക്കാൻ തെരഞ്ഞെടുപ്പു കമീഷന് കോടതിയുടെ പുതിയ നിർദേശങ്ങൾ:

•വിവിപാറ്റ് യന്ത്രത്തിൽ സ്ഥാനാർഥിയുടെ ചിഹ്നം ലോഡ് ചെയ്ത എല്ലാ യൂനിറ്റുകളും കണ്ടെയ്നറുകളിലാക്കി ബന്ധപ്പെട്ട സ്ഥാനാർഥിയോ പ്രതിനിധിയോ സാക്ഷ്യപ്പെടുത്തി സീൽ ചെയ്ത് സുരക്ഷിതമായി സൂക്ഷിക്കണം. ഫലപ്രഖ്യാപനം കഴിഞ്ഞ് ചുരുങ്ങിയത് 45 ദിവസം ഈ യൂനിറ്റുകളും വോട്ടുയന്ത്രവും സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കണം. വോട്ടുയന്ത്രത്തിന്‍റെ അതേ സുരക്ഷിതത്വം ഈ യൂനിറ്റുകൾക്കും നൽകണം. മേയ് ഒന്നു മുതൽ ഇത് നടപ്പാക്കണം.

•രണ്ടാം സ്ഥാനത്തോ മൂന്നാം സ്ഥാനത്തോ എത്തിയ സ്ഥാനാർഥിക്ക് ബേൺഡ് മെമ്മറി സെമികൺട്രോളർ പരിശോധന ആവശ്യപ്പെടാൻ അവകാശമുണ്ട്. ഒരു ലോക്സഭ മണ്ഡലത്തിലെ ഓരോ നിയമസഭ മണ്ഡലത്തിലെയും വോട്ടുയന്ത്രങ്ങളിലെ അഞ്ചു ശതമാനം വരെ ബേൺഡ് മെമ്മറി സെമികൺട്രോളറുകളാണ് ഫലം പ്രഖ്യാപിച്ച് ഏഴു ദിവസത്തിനകം പരിശോധനക്ക് ആവശ്യപ്പെടാവുന്നത്. അപേക്ഷ നൽകുന്ന സ്ഥാനാർഥിയാണ് പരിശോധന നടത്തുന്നതിന്‍റെ ചെലവ് വഹിക്കേണ്ടത്. വോട്ടുയന്ത്രത്തിൽ കൃത്രിമം കണ്ടെത്തിയാൽ, ഈ ചെലവ് സ്ഥാനാർഥിക്ക് തിരിച്ചു കൊടുക്കണം.

•പരിശോധിക്കണമെന്ന അപേക്ഷ എഴുതിക്കിട്ടിയാൽ, വോട്ടുയന്ത്രം നിർമിച്ച കമ്പനിയുടെ എൻജിനീയർമാർ വോട്ടുയന്ത്രം പരിശോധിച്ച് സാക്ഷ്യപ്പെടുത്തണം. ഈ വോട്ടുയന്ത്രം തിരിച്ചറിയാൻ പോളിങ് ബൂത്തിലെ സീരിയൽ നമ്പറുമായി സ്ഥാനാർഥി ഒത്തുനോക്കണം. പരിശോധന സമയത്ത് സ്ഥാനാർഥിയും അവരുടെ പ്രതിനിധികളും ഹാജരുണ്ടായിരിക്കണം. പരിശോധന കഴിഞ്ഞാൽ ജില്ലാ ഇലക്ടറൽ ഓഫിസർ ബേൺഡ് മെമ്മറിയുടെ ആധികാരികത ഉറപ്പിക്കണം.

ഓരോ നിയമസഭ മണ്ഡലത്തിലെയും അഞ്ചു പോളിങ് ബൂത്തുകളിലെ വോട്ടുയന്ത്രവും വിവിപാറ്റും ഒത്തുനോക്കുകയാണ് തെരഞ്ഞെടുപ്പു കമീഷൻ ഇപ്പോൾ ചെയ്തു വരുന്നത്. വിവിപാറ്റ് സ്ലിപ്പുകൾ എണ്ണിനോക്കാൻ ഇലക്ട്രോണിക് യന്ത്രങ്ങൾ ഉപയോഗിക്കുക, പാർട്ടി ചിഹ്നങ്ങൾക്കൊപ്പം ബാർ കോഡ് ഉപയോഗപ്പെടുത്തുക എന്നിവ ഉപയോഗപ്പെടുത്താനുള്ള സാധ്യത പരിശോധിക്കാനും തെരഞ്ഞെടുപ്പ് കമീഷനോട് നിർദേശിച്ചിട്ടുണ്ട്.

Tags:    
News Summary - Voting machine cannot be doubted by speculation - Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.