വിജയ്
ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ റെക്കോഡ് പോളിങ് ശതമാനത്തോടെ സമാപിച്ച (85.15) വോട്ടെടുപ്പിൽ ‘വിജയ് ഫാക്ടർ’ സംശയം? നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം(ടി.വി.കെ) നേടുന്ന വോട്ടുകളെക്കുറിച്ചാണ് വോട്ടെടുപ്പാനന്തരമുള്ള ചർച്ചകൾ.
പോളിങ് ബൂത്തുകളിലേക്കുള്ള യുവജനങ്ങളുടെയും സ്ത്രീകളുടെയും ഒഴുക്ക് തങ്ങൾക്ക് അനുകൂലമാണെന്നാണ് ടി.വി.കെ കേന്ദ്രങ്ങൾ അവകാശപ്പെടുന്നത്. 2021നെ അപേക്ഷിച്ച് 26 ലക്ഷം പേർ കൂടുതലായി വോട്ട് ചെയ്തതും ചരിത്ര വോട്ടിങ് ശതമാനം നേടിയതും ടി.വി.കെയുടെ സാന്നിധ്യം മൂലം ഉണ്ടായതാണെന്നാണ് ഇവരുടെ വാദം.
ഫലം വരുമ്പോൾ അത്ഭുതം പ്രതീക്ഷിക്കാമെന്നാണ് ടി.വി.കെ നേതാക്കൾ പറയുന്നത്. അതേസമയം വിജയ് തരംഗം ഇല്ലെന്നാണ് ഡി.എം.കെ കേന്ദ്രങ്ങൾ പറയുന്നത്. 2001 മുതലുള്ള ഓരോ നിയമസഭ തെരഞ്ഞെടുപ്പിലും ചുരുങ്ങിയത് 20 ലക്ഷം വോട്ടുകളെങ്കിലും കൂടുന്നത് പതിവാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
വിജയ് യുടെ റോഡ്ഷോകൾ ഉൾപ്പെടെയുള്ള പ്രചാരണ പരിപാടികളിൽ കാണപ്പെട്ട ജനക്കൂട്ടം പലപ്പോഴും നിയന്ത്രണാതീതമായിരുന്നു. ഇഷ്ടതാരത്തെ കാണാനെത്തുന്ന ആരാധകക്കൂട്ടമാണിതെന്നും ഇതെല്ലാം വോട്ടായി മാറില്ലെന്നുമായിരുന്നു ദ്രാവിഡ കക്ഷികൾ പറഞ്ഞിരുന്നത്. എന്നാൽ, മിക്ക പ്രീ പോൾ സർവേകളിലും ‘വിജയ് ഫാക്ടർ’ മുഖ്യഘടകമായി ഉയർന്നുവരുന്നത് ചർച്ചയായി.
പ്രചാരണം തുടങ്ങുമ്പോൾ എട്ടും പത്തും ശതമാനത്തിന് മുകളിൽ ടി.വി.കെ നേടില്ലെന്നായിരുന്നു പ്രവചനം. എന്നാൽ, അവസാനഘട്ടമായപ്പോഴേക്കും ഇത് 25ൽ എത്തി. ‘ജെൻ സീ’ വോട്ടുകളിൽ 80 ശതമാനവും വിജയ്ക്ക് അനുകൂലമാണെന്ന് സർവേകൾ അഭിപ്രായപ്പെട്ടു.
പരമ്പരാഗത ദ്രാവിഡ കക്ഷികളായ ഡി.എം.കെ, അണ്ണാ ഡി.എം.കെ കക്ഷികൾക്കുപകരം പുതിയൊരു കക്ഷിക്ക് അവസരം നൽകാമെന്ന നിലപാട് സ്വീകരിക്കുന്ന നിശ്ചിത ശതമാനം വോട്ടർമാരുണ്ടെന്നാണ് കണ്ടെത്തൽ. തെരഞ്ഞെടുപ്പുകളിൽ ടി.വി.കെ ‘അൺ ടെസ്റ്റഡ്’ ആണെന്ന് പറഞ്ഞാണ് ഡി.എം.കെ-എൻ.ഡി.എ സഖ്യകക്ഷികൾ ഇതിനെ പ്രതിരോധിക്കുന്നതെങ്കിലും മുന്നണികളുടെ അകത്തളങ്ങളിൽ ആശങ്ക പ്രകടമാണെന്നതാണ് വാസ്തവം.
അതേസമയം, ടി.വി.കെ നിശ്ചിത ശതമാനം വോട്ട് നേടുമെങ്കിലും അത് സീറ്റുകളായി മാറില്ലെന്നാണ് പൊതുവായ വിലയിരുത്തൽ. ടി.വി.കെക്ക് ബൂത്ത് തലത്തിൽ സംഘടനാ സംവിധാനമില്ലാത്തതും പോരായ്മയാണ്. എന്നാൽ, തമിഴക തെരഞ്ഞെടുപ്പ് കളത്തിലെ ‘സ്പോയിലർ’ ആവാൻ ടി.വി.കെക്ക് കഴിയുമെന്ന അഭിപ്രായമാണ് ഉയരുന്നത്. പരമ്പരാഗത ഡി.എം.കെ അനുകൂല വോട്ടുകളും നിശ്ചിതശതമാനം ന്യൂനപക്ഷ വോട്ടുകളും ടി.വി.കെ നേടുന്നപക്ഷം അത് എൻ.ഡി.എക്ക് ഗുണകരമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.