ഭോപ്പാൽ: ഇന്ത്യയിൽ പൗരന്മാരുടെ ഭരണഘടനാപരമായ പ്രതിഷേധാവകാശങ്ങളും വിയോജിപ്പുകൾ പ്രകടിപ്പിക്കാനുള്ള പൊതുഇടങ്ങളും ക്രമാതീതമായി ചുരുങ്ങിവരികയാണെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ. ഗസ്സയിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്താനിരുന്ന മാർച്ചിന് അനുമതി നിഷേധിച്ച ബോംബെ ഹൈക്കോടതി ഉത്തരവിനെയും ഗംഗാ നദിയിലെ പടവിൽ വെച്ച് ചിക്കൻ ബിരിയാണി കഴിച്ച് നോമ്പുതുറന്നതിന് 14 മുസ്‍ലിം യുവാക്കളെ അറസ്റ്റ് ചെയ്ത നടപടിയെയും അദ്ദേഹം രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ദേശീയ നിയമ സർവകലാശാലയായ എൽ.ഐ.യുവിൽ അഞ്ചാമത് ജസ്റ്റിസ് ജി.പി. സിങ് സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സി.പി.എം സമർപ്പിച്ച ഹർജി തള്ളിക്കൊണ്ട്, ‘ഇന്ത്യയിൽ പ്രതിഷേധിക്കാൻ വിഷയങ്ങളൊന്നുമില്ലേ, എന്തിനാണ് അത്രയും വിദൂരത്തുള്ള കാര്യങ്ങൾക്ക് വേണ്ടി സമരം ചെയ്യുന്നത്?’ എന്ന് ചോദിച്ച ബോംബെ ഹൈക്കോടതി ജഡ്ജിയുടെ നിലപാടിനെ അദ്ദേഹം അത്ഭുതത്തോടെയാണ് കാണുന്നതെന്ന് വ്യക്തമാക്കി. ഫലസ്തീനെ ഔദ്യോഗികമായി അംഗീകരിക്കുകയും അവിടെ നയതന്ത്ര കാര്യാലയം പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന പരമ്പരാഗത വിദേശനയമാണ് ഇന്ത്യക്കുള്ളതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഇന്റർനാഷണൽ കോർട്ട് ഓഫ് ജസ്റ്റിസിലെ നടപടികളും മുൻ ജഡ്ജി ജസ്റ്റിസ് എസ്. മുരളീധറിന്റെ നേതൃത്വത്തിൽ നടന്ന ഐക്യരാഷ്ട്രസഭ അന്വേഷണവും ചൂണ്ടിക്കാട്ടിയ അദ്ദേഹം, വിദ്യാർഥികളും ഗവേഷകരും ഇത്തരം വിഷയങ്ങൾ വായിച്ചും ചോദ്യം ചെയ്തും ചർച്ചയാക്കണമെന്നും കൂട്ടിച്ചേർത്തു.
സാധാരണമായ ദൈനംദിന കാര്യങ്ങൾ പോലും ഇന്ന് കുറ്റകൃത്യങ്ങളായി മാറ്റപ്പെടുകയാണെന്ന് ജസ്റ്റിസ് ഭുയാൻ ആശങ്ക പ്രകടിപ്പിച്ചു. ഉത്തർപ്രദേശിൽ ഗംഗാ നദിയിലെ പടവിൽ വെച്ച് ചിക്കൻ ബിരിയാണി കഴിച്ച് ഇഫ്താർ നടത്തിയതിന് 14 പേർക്ക് മൂന്ന് മാസത്തോളം ജയിലിൽ കഴിയേണ്ടി വന്ന സംഭവം ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഗംഗാ നദിയുടെ പരിസരത്ത് ചിക്കൻ കഴിക്കുന്നത് നിരോധിക്കുന്ന ഒരു നിയമവും നിലവിലില്ല. ചിക്കൻ ബിരിയാണി കഴിക്കുന്നത് ഒരിക്കലും ഒരു കുറ്റകൃത്യമാകില്ല’-അദ്ദേഹം പറഞ്ഞു.
കോടതികൾ ജാമ്യം അനുവദിക്കുന്നുണ്ടെങ്കിലും അത് പലപ്പോഴും വൈകിയാണ് ലഭിക്കുന്നതെന്നും, പൊതുയോഗങ്ങളിൽ പങ്കെടുക്കരുത്, സോഷ്യൽ മീഡിയ ഉപയോഗിക്കരുത്, വിദേശത്ത് പോകരുത് തുടങ്ങിയ കടുത്ത ഉപാധികൾ ചുമത്തുന്നത് പൗരന്മാരുടെ മൗലികാവകാശങ്ങളെ ഹനിക്കുന്നതാണെന്നും അദ്ദേഹം നിരീക്ഷിച്ചു.
നീതിന്യായ വ്യവസ്ഥ സ്വയംവിമർശനത്തിന് തയ്യാറാകണമെന്ന് ആവശ്യപ്പെട്ട ജസ്റ്റിസ് ഭുയാൻ, വിധികളെ വിമർശിക്കുന്നത് ജഡ്ജിമാരെ വിമർശിക്കലല്ലെന്ന് ഓർമിപ്പിച്ചു. ജുഡീഷ്യറിയുടെ നിഷ്പക്ഷതയും പ്രസക്തിയും നിലനിൽക്കുന്നത് പൊതുജനങ്ങളുടെ വിശ്വാസത്തിലാണെന്നും അല്ലാതെ ജഡ്ജിമാർ സ്വന്തം സ്ഥാപനത്തെ പ്രശംസിക്കുന്നതിലല്ലെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനാ മൂല്യങ്ങളും സാമൂഹിക യാഥാർഥ്യങ്ങളും തമ്മിലുള്ള വലിയ വിടവിനെക്കുറിച്ചും അദ്ദേഹം പ്രസംഗത്തിൽ ഓർമിപ്പിച്ചു. തന്റെ മകളുടെ സുഹൃത്തായ ഒരു മുസ്‍ലിം പി.എച്ച്.ഡി വിദ്യാർഥിനിക്ക് ഡൽഹിയിൽ വാടകവീട് നിഷേധിക്കപ്പെട്ട അനുഭവവും, ദലിത് പാചകക്കാരിയായി നിയമിതയായതിനെ തുടർന്ന് അംഗൻവാടി ബഹിഷ്കരിച്ച സംഭവവും മുൻനിർത്തി, ജാതി-മത വിവേചനങ്ങൾക്കെതിരെയും ഭരണഘടനാ ധാർമികത പുലർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.