കൊൽക്കത്ത: സി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെ മുസ് ലിം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്ക് വർഗീയ അധിക്ഷേപ സന്ദേശത്തോടെ പന്നിയിറച്ചി വിതരണം ചെയ്യാൻ ശ്രമിച്ചതായി പരാതി. ‘സജഹാൻ എനിവേയ്സ്’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ ഉടമയായ യുവാവിനാണ് ബ്ലിങ്കിറ്റ് ആപ് വഴി പന്നിയിറച്ചി ഓർഡർ ചെയ്തു നൽകിയത്.
ശൗര്യ ശിഖർ ബെറ്റാൾ എന്നയാളാണ് ശീൽദ, രാജാബസാർ മേഖലയിൽ നടന്ന പ്രതിഷേധത്തിനിടെ യുവാവിന്റെ പേരിന് പകരം ‘ഹേയ് മുല്ലാ’ എന്ന് ചേർത്ത് പന്നിയിറച്ചി ഓർഡർ ചെയ്തത്. 228 രൂപയ്ക്ക് ക്യാഷ് ഓൺ ഡെലിവറിയായിട്ടായിരുന്നു ഓർഡർ. വർഗീയമായി പ്രകോപിപ്പിക്കാനാണ് ശ്രമിച്ചതെങ്കിലും ഇത്തരം പ്രവൃത്തികൾ തന്റെ വിശ്വാസത്തെ ബാധിക്കില്ലെന്ന് സജഹാൻ പ്രതികരിച്ചത്. സാധാരണക്കാരനായ ഡെലിവറി ഏജന്റിനെ ബുദ്ധിമുട്ടിച്ച നടപടിയെ സജഹാൻ കടുത്ത ഭാഷയിൽ വിമർശിച്ചു. മുഹമ്മദ് എന്നു പേരുള്ള മുസ് ലിം യുവാവായിരുന്നു സാധനവുമായി എത്തിയത്. ഇന്ധനവില കൂടിയ ഈ സമയത്തുതന്നെ പാർക്ക് സ്ട്രീറ്റിൽനിന്ന് ശീൽദ വരെ ഇത്രയും ദൂരം ഡെലിവറി ഏജന്റിനെക്കൊണ്ട് യാത്ര ചെയ്യിപ്പിച്ച്, ഒടുവിൽ ഓർഡർ നിരസിക്കേണ്ടി വന്നത് അദ്ദേഹത്തിന്റെ സമയത്തെയും സാമ്പത്തിക നിലയെയും ബാധിച്ചുവെന്ന് അദ്ദേഹം ഇൻസ്റ്റഗ്രാം പോസ്റ്റിൽ ചൂണ്ടിക്കാട്ടി. അധിക്ഷേപിച്ച വ്യക്തിയോട് തനിക്ക് വെറുപ്പില്ലെന്നും ഭാവിയിൽ അയാൾ നിലപാട് തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമായ ബ്ലിങ്കിറ്റിന്റെ സുരക്ഷ മാനദണ്ഡങ്ങളിലെ വീഴ്ചകളെയും യുവാവ് ചോദ്യം ചെയ്തു. ഉപഭോക്താക്കൾക്ക് ഇത്തരം വിദ്വേഷ സന്ദേശങ്ങളും അധിക്ഷേപ പേരും നൽകി ഓർഡർ അയക്കാൻ എങ്ങനെ സാധിക്കുന്നുവെന്നും ഇത്തരം വിദ്വേഷ പ്രചാരണങ്ങൾ തടയാൻ കമ്പനി കൈക്കൊള്ളുന്ന നടപടികൾ എന്തൊക്കെയാണെന്നും സജഹാൻ ചോദിക്കുന്നു. ഈ സംഭവം വ്യക്തമാക്കിയുള്ള വിഡിയോ സജഹാൻ തന്റെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. തുടർന്ന് സമാധാനപരമായ പ്രതിഷേധങ്ങലെയും ഇത്തരം വർഗീയമായ പ്രവൃത്തിയ്ക്ക് ശ്രമിച്ചതിനെതിരെ വലിയ പ്രതിഷേധവും എതിർപ്പുമാണ് വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.