രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായാൽ വിദ്യാഭ്യാസ മന്ത്രി ജെൻസിയാകും; തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പ്രായപരിധി 21 ആക്കണം -രേവന്ത് റെഡ്ഡി

ഹൈദരാബാദ്: നിയമസഭയിലേക്കും ലോക്സഭയിലേക്കും മത്സരിക്കാനുള്ള പ്രായപരിധി 21 വയസായി കുറക്കണമെന്ന ആവശ്യവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. യുവാക്കൾക്ക് രാഷ്ട്രീയത്തിൽ കൂടുതൽ അവസരങ്ങൾ ലഭ്യമാക്കുകയും ജനാധിപത്യ പ്രക്രിയയിൽ അവരുടെ പങ്കാളിത്തം വർധിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നിർദേശമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു.

രാഹുൽ ഗാന്ധി രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായാൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിസ്ഥാനത്ത് ജെൻ സി തലമുറയിൽപ്പെട്ട നേതാവായിരിക്കുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. ഹൈദരാബാദിൽ മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ യുവാക്കൾ നടത്തിയ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് രേവന്ത് റെഡ്ഡിയുടെ നിർദേശം.

നിർദേശം കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയുടെയും മല്ലികാർജുൻ ഖാർഗെയുടെയും മുന്നിൽ അവതരിപ്പിക്കുമെന്നും, തുടർന്ന് ഇൻഡ്യ സഖ്യകക്ഷികളുടെ പിന്തുണയും തേടുമെന്നും അദ്ദേഹം അറിയിച്ചു. സ്വകാര്യ ബിൽ അവതരിപ്പിക്കുന്ന സാധ്യതയും പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഹുൽ ഗാന്ധിയും ഖാർഗെയുമായും കൂടിക്കാഴ്ച നടത്തുന്നതിനായി രേവന്ത് റെഡ്ഡി തിങ്കളാഴ്ച ഡൽഹിയിലേക്ക് പോകുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

‘ഞാൻ എ​ന്റെ നിർദേശം ഇൻഡ്യ മുന്നണി നേതാക്കൾക്ക് മുമ്പിൽവെക്കാം. അവർ ഒരു സ്വകാര്യ ബിൽ അവതരിപ്പിക്കുമോയെന്ന് നോക്കാം’ -രേവന്ത് റെഡ്ഡി പറഞ്ഞു. നിലവിലെ 25 വയസിൽ നിന്ന് 21 വയസാക്കി കുറക്കാൻ ഭരണഘടനാ ഭേദഗതിക്കായി തെലങ്കാന സർക്കാർ പ്രമേയം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആഗസ്റ്റ് ആദ്യ വാരത്തിൽ ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിക്കുക.

തെര​ഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് പ്രായപരിധി കുറക്കുന്നതിനുള്ള നിർദേശം, ഡീലിമിറ്റേഷൻ ബിൽ, മണ്ഡല പുനർനിർണയ ബിൽ, വനിതാ സംവരണ ബിൽ എന്നിവയോടൊപ്പം പാർലമെന്റിൽ ചർച്ച ചെയ്യ​ണമെന്നും രേവന്ത് റെഡ്ഡി കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. ‘നമുക്ക് പാർലമെന്റിൽ നാല് വിഷയങ്ങളും ഒറ്റയടിക്ക് ചർച്ച ചെയ്യാം’ രേവന്ത് റെഡ്ഡി പറഞ്ഞു. കൂടാതെ നിലവിൽ രാജ്യത്ത് ‘ജെൻ ജി രാജ്’ നിലനിൽക്കുന്നു​​ണ്ടെന്ന് പറഞ്ഞ രേവന്ത് റെഡ്ഡി രാജ്യത്തിന്റെ ഭാവിക്കായി യുവജനങ്ങളെ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി യുവാക്കളുടെ ശബ്ദം കേൾക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മോദി തന്റെ മൻ കി ബാത്ത് പരിപാടിക്ക് റേഡിയോ ഉപയോഗിക്കുമായിരുന്നു. ഒരു റേഡിയോ പോലെ, മോദി സംസാരിക്കും. പക്ഷേ കേൾക്കില്ല -രേവന്ത് റെഡ്ഡി പരിഹസിച്ചു.

18 വയസ് പൂർത്തിയായവർക്ക് വോട്ടവകാശമുണ്ടെങ്കിൽ, 21 വയസ്സുള്ളവർക്ക് ജനപ്രതിനിധികളാകാൻ അവസരം നിഷേധിക്കുന്നത് യുക്തിസഹമല്ലെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു. 21 വയസ്സുള്ള ഒരാൾക്ക് ഐ.എ.എസ് ഉദ്യോഗസ്ഥനാകാനും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനും കഴിയുമെങ്കിൽ എന്തുകൊണ്ട് നിയമസഭയിലേക്കും പാർലമെന്‍റിലേക്കും മത്സരിച്ചുകൂടാ -രേവന്ത് റെഡ്ഡി ചോദിച്ചു.

നിലവിൽ ഭരണഘടനയുടെ വ്യവസ്ഥകൾ പ്രകാരം ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും മത്സരിക്കാൻ 25 വയസും, രാജ്യസഭയിലേക്ക് മത്സരിക്കാൻ 30 വയസുമാണ് കുറഞ്ഞ പ്രായപരിധി. ഇതിൽ മാറ്റം വരുത്താൻ പാർലമെന്റ് ഭരണഘടനാ ഭേദഗതി പാസാക്കണം. അതിനാലാണ് കേന്ദ്ര സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ട് തെലങ്കാന നിയമസഭ പ്രമേയം പാസാക്കാൻ ഒരുങ്ങുന്നത്. പ്രമേയം പാസായാൽ അത് കേന്ദ്ര സർക്കാരിന് അയക്കും. രാഷ്ട്രീയത്തിലേക്ക് കൂടുതൽ യുവാക്കളെ ആകർഷിക്കുന്നതിനും പുതിയ നേതൃത്വത്തിന് അവസരം സൃഷ്ടിക്കുന്നതിനും പ്രായപരിധി കുറക്കുന്നത് സഹായകരമാകുമെന്നും രേവന്ത് റെഡ്ഡി വ്യക്തമാക്കി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിലേക്ക് നയിച്ചത് യുവജനങ്ങളുടെ പോരാട്ടമാണെന്നും, പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ എടുത്ത കേസുകൾ കേന്ദ്രസർക്കാർ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - Revanth Reddy Seeks Poll Contest Age Cut to 21

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.