ഉള്ളിലെത്ര ഗ്യാസുണ്ടെന്ന് പുറത്തുകാണാം... ബുക്ക് ചെയ്ത് 4 മണിക്കൂറിനകം വീട്ടിലെത്തും; 10 കിലോ എൽ.പി.ജി സിലിണ്ടർ പുറത്തിറക്കി ഇന്ത്യൻ ഓയിൽ

കൊച്ചി: ഇന്ത്യൻ ഓയിൽ 10 കിലോ ഇൻഡെയ്ൻ എക്സ്ട്രാലൈറ്റ് നൗ കോമ്പോസിറ്റ് എൽ.പി.ജി സിലിണ്ടറും അതിനൊപ്പമുള്ള അതിവേഗ ഹോം ഡെലിവറി സേവനവും അവതരിപ്പിച്ചു. ഇന്ത്യൻ ഓയിൽ ചെയർമാൻ എ.എസ്. സാഹ്നി, മാർക്കറ്റിങ് ഡയറക്ടർ സൗമിത്ര പി. ശ്രീവാസ്തവ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.

ഭാരം കുറഞ്ഞതും തുരുമ്പുപിടിക്കാത്തതുമായ കോമ്പോസിറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇൻഡെയ്ൻ എക്സ്ട്രാലൈറ്റ് നൗ സിലിണ്ടർ നിർമിച്ചിരിക്കുന്നത്. സിലിണ്ടറിലെ വാതകത്തിന്‍റെ അളവ് പുറത്തുനിന്നുതന്നെ മനസ്സിലാക്കാൻ കഴിയുന്ന സുതാര്യമായ പുറംഭാഗം ഇതിന്റെ പ്രത്യേകതയാണ്.

ബുക്കിങ് നടത്തിയാൽ നാലു മണിക്കൂറിനുള്ളിൽ സിലിണ്ടർ വീട്ടിലെത്തിക്കുന്ന സേവനമാണ് പദ്ധതിയുടെ പ്രധാന പ്രത്യേകത. ഇതോടൊപ്പം ജനപ്രിയമായ അഞ്ചു കിലോ ഛോട്ടു സിലിണ്ടറിനും നാലു മണിക്കൂറിനുള്ളിൽ ഹോം ഡെലിവറി ലഭ്യമാക്കുന്ന സേവനവും ഇന്ത്യൻ ഓയിൽ ആരംഭിച്ചു.

പുണെ, ഗുരുഗ്രാം, ഇന്ദോർ, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ് പദ്ധതി ആദ്യം നടപ്പാക്കുക. ആഗസ്റ്റ് പകുതിയോടെ 25 നഗരങ്ങളിലേക്കും ഒക്ടോബർ അവസാനത്തോടെ രാജ്യത്തെ പ്രധാന എല്ലാ നഗരങ്ങളിലേക്കും സേവനം വ്യാപിപ്പിക്കും.

അതിനിടെ, പാചക ഇന്ധനമായി എൽ.പി.ജിക്ക് പകരം എഥനോളിനെ ഉപയോഗിക്കുന്ന പദ്ധതി വേഗത്തിലാക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സർക്കാർ. ഇന്ത്യയിൽ എഥനോൾ ഉത്പാദനം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ പുതിയ പദ്ധതി അവതരിപ്പിക്കുന്നത്.

നിലവിൽ വാഹനങ്ങൾക്കായി ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ എഥനോൾ രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഇത് പാചകത്തിന് ഉപയോഗിച്ചാൽ എൽ.പി.ജിക്കായി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നുന്നത് കുറക്കാൻ സാധിക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ. കരിമ്പ്, ധാന്യങ്ങൾ, ചോളം തുടങ്ങിയ കാർഷിക വിളകളിൽ നിന്ന് എഥനോൾ ഉൽപ്പാദിപ്പിക്കുന്നതിനാൽ കർഷകർക്ക് വരുമാനം വർധിക്കുമെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു.

എൽ.പി.ജിക്ക് ബദലായി എഥനോൾ ഉപയോഗിക്കുന്നത് പെട്ടെന്നൊന്നും നടപ്പാക്കാനാവില്ല. നിലവിലുള്ള ഗ്യാസ് സ്റ്റൗവിൽ എഥനോൾ ഉപയോഗിക്കാൻ കഴിയില്ല എന്നതാണ് പ്രധാന പോരായ്മ. ഇതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത സ്റ്റൗ ആവശ്യമാണ്. തദ്ദേശീയമായി നിർമിച്ച എഥനോൾ സ്റ്റൗ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പ്രദർശിപ്പിച്ചിരുന്നു. ഹോട്ടലുകൾ, വാണിജ്യ അടുക്കളകൾ, വീടുകൾ എന്നിവിടങ്ങളിൽ ഘട്ടംഘട്ടമായി പദ്ധതി നടപ്പിലാക്കാനാണ് സാധ്യത. എഥനോൾ കൈകാര്യം ചെയ്യുന്നതിനും സൂക്ഷിക്കുന്നതിനും പുതിയ സുരക്ഷാ മാനദണ്ഡങ്ങളും വിതരണ ശൃംഖലയും ആവശ്യമാണ്. ഇതിനായുള്ള നയരൂപീകരണത്തിലാണ് പെട്രോളിയം മന്ത്രാലയം. പ്രധാനമായും പദ്ധതി ലക്ഷ്യമിടുന്നത് എൽ.പി.ജിയേക്കാൾ കുറഞ്ഞ നിരക്കിൽ എഥനോൾ ലഭ്യമാക്കാൻ കഴിയുമെന്ന വിലയിരുത്തലിലാണ്. എന്നാൽ, അന്തിമ വില നിശ്ചയിക്കുന്നത് ഉൽപ്പാദനച്ചെലവ്, ഗതാഗതച്ചെലവ്, സർക്കാർ നികുതി എന്നിവയെ ആശ്രയിച്ചിരിക്കും.

രാജ്യവ്യാപകമായി എഥനോൾ എത്തിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക എന്നത് സർക്കാറിന്റെ മുന്നിലുള്ള വലിയൊരു വെല്ലുവിളിയാണ്. എഥനോൾ ഉൽപ്പാദനത്തിനായി വൻതോതിൽ വെള്ളവും കാർഷിക വിളകളും ആവശ്യമാണ്. ഇത് ഭക്ഷ്യ സുരക്ഷയെ ബാധിക്കാത്ത രീതിയിൽ കൊണ്ടുപോകേണ്ടതുണ്ട്. കൂടാതെ, വീടുകളിൽ സുരക്ഷിതമായി ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ സ്റ്റൗവുകളും ഇന്ധന സംഭരണികളും വികസിപ്പിക്കേണ്ടതുണ്ട്. നിലവിൽ പെട്രോളിയം മന്ത്രാലയം ഇത് സംബന്ധിച്ച നയരൂപീകരണത്തിലാണ്. പദ്ധതി വാണിജ്യപരമായി എപ്പോൾ മുതൽ ലഭ്യമാകുമെന്നതിൽ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.

Tags:    
News Summary - IndianOil launches Extralite Now composite LPG cylinder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.