ഭുവനേശ്വർ: വിദ്യാർഥി പ്രതിഷേധത്തെ തുടർന്ന് ധർമേന്ദ്ര പ്രധാൻ കേന്ദ്ര വിദ്യഭ്യാസ മന്ത്രി സ്ഥാനം രാജിവെച്ചതിനെ പിന്തുണച്ച് പോസ്റ്റിട്ട ബി.ജെ.പി എം.പിയുടെ മകളെച്ചൊല്ലി പാർട്ടിക്കുള്ളിൽ പൊട്ടിത്തെറി. ബി.ജെ.പി എം.പിയും മുൻ ഐ.എ.എസ് ഉദ്യോഗസ്ഥയുമായ അപരാജിത സാരംഗിയുടെ മകൾ അർച്ചിത റാഹറിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയുടെ സ്ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് വിവാദം.
അതേസമയം, അർച്ചിതയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇപ്പോൾ കാണാനില്ല. അക്കൗണ്ട് നീക്കം ചെയ്യപ്പെട്ടതാണോ അതോ പിൻവലിച്ചതാണോ എന്ന കാര്യം വ്യക്തമല്ല. ‘നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തെ തുടർന്നുള്ള വൻ വിദ്യാർഥി പ്രക്ഷോഭത്തിനിടെ ധർമേന്ദ്ര പ്രധാൻ രാജിവെച്ചു’ എന്ന കുറിപ്പോടെയാണ് അർച്ചിത ആദ്യം ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ചത്. എന്നാൽ സ്റ്റോറി പിൻവലിക്കണമെന്ന് ധർമേന്ദ്ര പ്രധാന്റെ ഓഫിസിൽനിന്ന് അപരാജിത സാരംഗിയോട് ആവശ്യപ്പെട്ടതായാണ് വിവരം.
ഇതോടെ ‘ഈ പോസ്റ്റ് ഞാൻ ഡിലീറ്റ് ചെയ്യില്ല’ എന്ന കുറിപ്പും അർച്ചിത ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. തനിക്കെതിരെ സമ്മർദം ചെലുത്തുന്നുവെന്ന സൂചനയും പോസ്റ്റിലുണ്ടായിരുന്നു. ‘എന്റെ സ്റ്റോറി ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ട് അമ്മക്ക് വീണ്ടും സന്ദേശം അയക്കണ്ട. മുമ്പും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. ബുദ്ധിമുട്ടേണ്ട, ഞാൻ പോസ്റ്റ് നീക്കം ചെയ്യില്ല. ജയ് ജഗന്നാഥ്, ജയ് ഹിന്ദ്’ എന്നായിരുന്നു ധർമേന്ദ്ര പ്രധാന്റെ പി.എയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള അർച്ചിതയുടെ പ്രതികരണം.
അതേസമയം, അപരാജിത സാരംഗി പരസ്യമായി ധർമേന്ദ്ര പ്രധാന് പിന്തുണ അറിയിച്ച് രംഗത്തെത്തി. എന്നാൽ, മകളുടെ സമൂഹമാധ്യമ പോസ്റ്റിനെക്കുറിച്ച് അവർ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ഇതോടെ അർച്ചിതയുടെ വ്യക്തിപരമായ അഭിപ്രായം ഒഡിഷ ബി.ജെ.പിക്കുള്ളിൽ പുതിയ രാഷ്ട്രീയ വിവാദങ്ങൾക്കും ഇടയാക്കി. കുടുംബാംഗങ്ങളെ നിയന്ത്രിക്കാൻ അപരാജിത സാരംഗി തയാറാകണമെന്നും മകളുടെ പരാമർശത്തിൽ ഒഡിഷയോട് മാപ്പുപറയണമെന്നും ബി.ജെ.പി നേതാവ് ജഗന്നാഥ് പ്രധാൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.