ശശികലയുടെ ജയിലിലെ സുഖവാസം; ദൃശ്യങ്ങൾ പുറത്ത്

ബംഗളൂരു: അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി ശശികലക്ക് പരപ്പന അഗ്രഹാര ജയിലിൽ സുഖവാസ സൗകര്യങ്ങൾ ഒരുക്കി നൽകിയെന്ന മുൻ ഡി.ഐ.ജി ഡി. രൂപയുടെ റിപ്പോർട്ട് സാധൂകരിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ശശികലക്ക് ഉപയോഗിക്കാനായി ജയിലിൽ അഞ്ചു മുറികളാണ് അധിക-ൃതർ വിട്ടുനൽകിയത്. വിവാദമായതോടെ ശശികലക്കുള്ള ടി.വി കണക്​ഷൻ ഉൾപ്പെടെ എല്ലാം അധികൃതർ വിച്ഛേദിച്ചു. ജയിലിൽ പ്രത്യേക അടുക്കള ഉൾപ്പെടെ അനർഹ സൗകര്യങ്ങളൊരുക്കാൻ ശശികല രണ്ടുകോടി കൈക്കൂലി നൽകിയെന്നായിരുന്നു റിപ്പോർട്ട്. 

കഴിഞ്ഞ ദിവസമാണ് റിപ്പോർട്ട് നൽകിയ രൂപയെയും ആരോപണ വിധേയനായ ജയിൽ ഡി.ജി.പി എച്ച്.എൻ. സത്യനാരായണ റാവുവിനെയും സ്ഥലംമാറ്റിയത്. അഞ്ചു മുറികളായിരുന്നു ശശികലയും കൂട്ടുപ്രതിയായ ഇളവരശിയും ഉപയോഗിച്ചിരുന്നത്. അടുക്കള, സ്വീകരണ മുറി, ടി.വി കാണുന്നതിനായി പ്രത്യേക മുറി, വസ്ത്രങ്ങളും മറ്റും സൂക്ഷിക്കാൻ വേറൊരു മുറി. ഇതേ നിലയിലുള്ള മറ്റു മുറികളെ ബാരിക്കേഡുകൾ കൊണ്ട് മറച്ചിരുന്നു. ജയിലിലെ സുഖസൗകര്യങ്ങൾ വെളിപ്പെടുത്തുന്ന ആറോളം പടങ്ങളും ദൃശ്യങ്ങളുമാണ് മാധ്യമങ്ങൾക്ക് ചോർന്നുകിട്ടിയത്. 

പ്രഷർ കുക്കർ, പാത്രങ്ങൾ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും അടുക്കളയിലുണ്ട്. കിടക്ക, സന്ദർശകരെ കാണാനായി ഓഫിസ് മുറിയിൽ കസേരകൾ തുടങ്ങിയ സൗകര്യങ്ങളുണ്ട്. ജയിലിൽ യൂനിഫോമിനു പകരം ചുരിദാറാണ് ശശികല ധരിച്ചിരുന്നത്. വിവാദമായതോടെ ടി.വി കണക്​ഷൻ വിച്ഛേദിച്ചും അടുക്കള സൗകര്യം എടുത്തുമാറ്റിയും അധികൃതർ തടിതപ്പി. ശശികല ജയിലിലെ ഭക്ഷണമാണ് ഇപ്പോൾ കഴിക്കുന്നത്. 


16 വർഷത്തെ സേവനത്തിനിടെ 25 സ്ഥലംമാറ്റങ്ങൾ; രൂപക്ക് പിന്തുണയേറുന്നു
പരപ്പന അഗ്രഹാര ജയിലിലെ ക്രമക്കേടുകൾ പുറത്തുവിട്ട മുൻ ഡി.ഐ.ജി രൂപക്ക് പിന്തുണയേറുന്നു. മുൻ ഐ.പി.എസ് ഓഫിസർ കിരൺ ബേദി മുതൽ ബി.ജെ.പി നേതാക്കൾ വരെ രൂപയുടെ സ്ഥലമാറ്റത്തിനെതിരെ രംഗത്തെത്തി. ചൊവ്വാഴ്ച സംസ്ഥാനത്തെ ബി.ജെ.പി നേതാക്കൾ പാർലമ​​െൻറ് മന്ദിരത്തിനുമുന്നിൽ പ്രതിഷേധ ധർണ നടത്തി. ജയിലിലെ ക്രമക്കേടുകൾ മറച്ചുവെക്കാനാണ് സിദ്ധരാമയ്യ സർക്കാർ വനിതാ ഓഫിസറെ സ്ഥലംമാറ്റിയതെന്ന് ബി.ജെ.പി നേതാക്കൾ കുറ്റപ്പെടുത്തി. 

സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. രൂപയെ പോലുള്ള ഉദ്യോഗസ്ഥരെയാണ് രാജ്യത്തിന് വേണ്ടതെന്ന് പുതുച്ചേരി ഗവർണർകൂടിയായ കിരൺ ബേദി പ്രതികരിച്ചു. ജയിലിലെ ക്രമക്കേടുകൾ പുറത്തുകൊണ്ടുവരാൻ ധൈര്യം കാണിച്ച രൂപക്ക് ഹുബ്ബള്ളി ആസ്ഥാനമായുള്ള സംഘടന ‘ഝാൻസി കി റാണി’ പുരസ്കാരം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. 16 വർഷത്തെ സേവനത്തിനിടെ 25 തവണയാണ് രൂപയെ സ്ഥലംമാറ്റിയത്. ഇതിൽ ഭൂരിഭാഗവും നോൺ^എക്സിക്യൂട്ടിവ് പദവിയിലാണ് അവർ ഇരുന്നത്. 


 

Tags:    
News Summary - Video: Sasikala in 'personal' corridor without jail uniform

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.