ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഗുപ്തകാശിയിൽ സാങ്കേതിക തകരാറിനെ തുടർന്ന് സ്വകാര്യ ഹെലികോപ്റ്റർ നടുറോഡിൽ ലാൻഡ് ചെയ്തു. അഞ്ചുപേരുമായി കേദാർനാഥിലേക്ക് തിരിച്ച ഹെലികോപ്റ്ററിന് ടേക്കോഫിനു പിന്നാലെ സാങ്കേതിക തകരാർ അനുഭവപ്പെട്ടതോടെയാണ് പൈലറ്റ് സാഹസിക നീക്കം നടത്തിയത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന അഞ്ച് യാത്രക്കാരും സുരക്ഷിതരാണ്. പരിക്കേറ്റ പൈലറ്റിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഹെലികോപ്റ്ററിന്‍റെ ടെയിൽ തകർന്നു.
ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഹെലിപാഡിൽനിന്ന് ഉയർന്നതിനു പിന്നാലെ സാങ്കേതിക തകരാർ മനസിലാക്കിയ പൈലറ്റ് ക്യാപ്റ്റൻ ആർ.പി.എസ്. സോധി ഉടൻതന്നെ താഴെയുള്ള റോഡിൽ അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു. ലാൻഡിങ് സാധിച്ചിരുന്നില്ലെങ്കിൽ വലിയ ദുരന്തത്തിനു കാരണമാകുമായിരുന്നു. അടിയന്തര ലാൻഡിങ്ങിനിടെ റോഡരികിൽ നിർത്തിയിട്ട കാറിന് സാരമായ കേടുപാടുകൾ സംഭവിച്ചു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്.
അൽപസമയത്തേക്ക് ഗതാഗതം തടസപ്പെട്ടെങ്കിലും പിന്നീട് ഹെലികോപ്റ്റർ റോഡിൽനിന്ന് നീക്കിയെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.