ഉപരാഷ്ട്രപതി ജഗദീപ് ധൻഖർ
ന്യൂഡൽഹി: ജനാധിപത്യ ശക്തികൾക്ക് നേരെ സുപ്രീംകോടതിക്ക് ആണവ മിസൈൽ തൊടുക്കാൻ കഴിയില്ലെന്ന് ഉപരാഷ്ട്രപതി ജഗദീപ് ധൻഖർ. ഗവർണർമാർ പരിഗണനക്കായി അയക്കുന്ന ബില്ലുകളിൽ മൂന്ന് മാസത്തിനകം നടപടിവേണമെന്ന സുപ്രീംകോടതി ഉത്തരവിനെയും ജുഡീഷ്യറിയെ മൊത്തത്തിലും രൂക്ഷമായി വിമർശിച്ചാണ് ഉപരാഷ്ട്രപതിയുടെ പരാമർശം. രാഷ്ട്രപതിയോട് തീരുമാനങ്ങളെടുക്കാൻ നിർദേശിക്കാനാവില്ലെന്നും രാജ്യസഭയിൽ നടന്ന ചടങ്ങിൽ ധൻഖർ പറഞ്ഞു.
നിയമനിർമാണവും എക്സിക്യൂട്ടിവ് പ്രവർത്തനങ്ങളും നടത്തുന്നവരും സൂപ്പർ പാർലമെന്റായി പ്രവർത്തിക്കുന്നവരുമായി ജഡ്ജിമാർ നമുക്കുണ്ടെന്നും നിയമം ബാധകമല്ലാത്തതിനാൽ അവർക്ക് ഒന്നിലും ഉത്തരവാദിത്തമില്ലെന്നും ഉപരാഷ്ട്രപതി പറഞ്ഞു. സുപ്രീംകോടതിക്ക് പ്ലീനറി അധികാരങ്ങൾ നൽകുന്ന ആർട്ടിക്കിൾ 142 ജനാധിപത്യ ശക്തികൾക്കെതിരെ സദാസമയവും തൊടുക്കുന്ന ആണവ മിസൈലാണ്. അടുത്തിടെ രാഷ്ട്രപതിക്ക് ഒരു കേസിൽ നിർദേശം ലഭിച്ചു. നമ്മൾ എവിടേക്കാണ് പോകുന്നത്? രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ജഡ്ജിയുടെ വീട്ടിൽ പണക്കൂമ്പാരം; കേസെടുക്കാത്തതെന്തേ?
ഡൽഹി ഹൈകോടതി ജഡ്ജിയുടെ വീട്ടിൽ പണക്കൂമ്പാരം കണ്ടെത്തിയ സംഭവം ഒരാഴ്ചക്ക് ശേഷം മാത്രം പുറത്തുവന്നതിനെയും ഉപരാഷ്ട്രപതി ജഗദീപ് ധൻഖർ വിമർശിച്ചു. അനധികൃത പണം കിട്ടിയിട്ടും ജഡ്ജിക്കെതിരെ കേസെടുത്തിട്ടില്ല. രാജ്യത്ത് ആർക്കെതിരെയും കേസെടുക്കാൻ അനുമതി ആവശ്യമില്ല. എന്നാൽ ജഡ്ജിമാരാണെങ്കിൽ ഉടനടി കേസെടുക്കാനാവില്ല.
ജുഡീഷ്യറിയിലെ ബന്ധപ്പെട്ടവർ അത് അംഗീകരിക്കണം. പക്ഷേ, ഭരണഘടനയിൽ ഇക്കാര്യമില്ലെന്നും ധൻഖർ പറഞ്ഞു. പണം കണ്ടെത്തിയ കേസ് മൂന്നംഗ ജഡ്ജിമാർ അന്വേഷിക്കുന്നത് നിയമവിധേയ നടപടിയല്ലെന്ന് ധൻഖർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.