പ്രതീകാത്മക ചിത്രം (റോയിട്ടേഴ്സ്)
ന്യൂഡൽഹി: യുക്രെയ്നിലെ ഒഡെസ തുറമുഖത്ത് ചരക്കുകപ്പലിന് നേരെ ആക്രമണം. എം.വി എ.ജി.എൻ രാഗ്നർ എന്ന ചരക്കുകപ്പലിൽ നാല് ഇന്ത്യൻ നാവികർ ഉണ്ടായിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. രണ്ട് ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മറ്റ് രണ്ട് പേരെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണെന്നും കിയവിലെ ഇന്ത്യൻ എംബസി പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
റഷ്യ-യുക്രെയ്ൻ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ശനിയാഴ്ചയാണ് കരിങ്കടലിൽ ഒഡെസ തുറമുഖത്ത് കപ്പലിന് നേരെ ആക്രമണമുണ്ടായത്. കരിങ്കടൽ മേഖലയിൽ ഒരാഴ്ചക്കിടെ ആക്രമിക്കപ്പെട്ട രണ്ടാമത്തെ കപ്പലാണിത്. ഒഡെസയിൽ നിന്ന് പുറപ്പെട്ട എം.വി. ഗോൾഡൻ ലിയോ എന്ന കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ നാല് ഇന്ത്യൻ നാവികർ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ട ഇന്ത്യക്കാരിൽ ഒരു നാവികൻ മലയാളി ആയിരുന്നു. കൂടാതെ ജൂലൈ 18ന് ‘എം.വി ഒമോർഫി’ എന്ന കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായും വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു.
പുതിയ ആക്രമണത്തെ തുടർന്ന് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് എംബസി അറിയിച്ചു. ഇന്ത്യൻ എംബസി യുക്രെയ്ൻ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും കാണാതായ രണ്ട് ഇന്ത്യൻ നാവികരുടെ വിവരങ്ങൾ അറിയാൻ ശ്രമം തുടരുകയാണെന്നും അറിയിച്ചു.
കരിങ്കടൽ മേഖലയിൽ കപ്പലുകൾക്ക് നേരെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ, യുക്രെയ്നിലെ തുറമുഖങ്ങളിലേക്ക് പോകുന്ന കപ്പലുകളിലെ ഇന്ത്യൻ നാവികർ അതീവ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ചരക്ക് കപ്പലുകൾക്കും നാവികർക്കുമെതിരായ ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ നിലപാട് വ്യക്തമാക്കി. കൂടാതെ ആക്രമണങ്ങളെ തുടർന്ന് മുതിർന്ന റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തു. കരിങ്കടൽ മേഖലയിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഇന്ത്യൻ പൗരന്മാരുടെ സുരക്ഷക്കാണ് പ്രാധാന്യം നൽകുന്നതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
റഷ്യ-യുക്രെയ്ൻ സംഘർഷത്തിലും മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളിലും ഇതുവരെ നിരവധി ഇന്ത്യൻ നാവികരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. ഈ പശ്ചാത്തലത്തിൽ, സുരക്ഷ മുൻനിർത്തി കരിങ്കടൽ, യമൻ തീരങ്ങൾ, ഹുർമുസ് കടലിടുക്ക് തുടങ്ങിയ മേഖലകളിൽ കപ്പലുകൾക്കായി ഇന്ത്യ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.